|    Aug 21 Mon, 2017 8:09 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് : ബിജെപിക്ക് തിരിച്ചടി ; പട്ടേലിനു സാധ്യത

Published : 9th August 2017 | Posted By: fsq

 

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ബിജെപിയുടെ കുതിരക്കച്ചവടത്തെ തുടര്‍ന്ന് ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ നേരിട്ട അനിശ്ചിതത്വം നീങ്ങി. രണ്ടു വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്‌തെന്നും ഇവരുടെ വോട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെയാണ് പ്രതിസന്ധി അവസാനിച്ചത്. വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കമ്മീഷന്‍ രണ്ട് എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കമ്മീഷന്‍ വോട്ട് റദ്ദാക്കിയതായി ഉത്തരവ് ഇറക്കിയത്. പിന്നീട് വോട്ടെണ്ണല്‍ പുനരാരംഭിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ ആറുമണിക്കൂറിലധികം വൈകിയിരുന്നു.  45 മിനിറ്റ് വൈകി ആരംഭിച്ച വോട്ടെണ്ണല്‍ കോണ്‍ഗ്രസ്സിന്റെ പരാതിയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ ധര്‍മേന്ദ്ര ജഡേജ, രാഘവ്ജി പട്ടേല്‍ എന്നിവര്‍ ബിജെപി സ്ഥാനാര്‍ഥി ബല്‍വന്ത് സിങ് രജ്പുത്തിന് വോട്ട് ചെയ്ത് അമിത് ഷായ്ക്ക് ബാലറ്റ് പേപ്പര്‍ കാണിച്ചുകൊടുത്തുവെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കര്‍ണാടകയില്‍ ഒളിവില്‍ താമസിപ്പിച്ച 44 എംഎല്‍എമാരില്‍ ഉള്‍പ്പെട്ട കരംഷി പട്ടേലും ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് റിപോര്‍ട്ടുണ്ട്.പരാതിയെ തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ഡല്‍ഹിയില്‍ പ്രത്യേക യോഗം ചേര്‍ന്നെങ്കിലും ആദ്യം കോണ്‍ഗ്രസ്സിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതിനിടെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ആറ് കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പു കമ്മീഷനെ കണ്ടു. എന്നാല്‍, എംഎല്‍എമാരുടെ വോട്ട് റദ്ദാക്കരുതെന്നും കോണ്‍ഗ്രസ്സിന്റെ പരാതി തള്ളണമെന്നും ബിജെപി സംഘം തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഉന്നയിച്ച പരാതിയില്‍ തീരുമാനമാവാതെ വോട്ടെണ്ണല്‍ തുടങ്ങില്ലെന്ന് പ്രിസൈഡിങ് ഓഫിസര്‍ ഡി എം പാട്ടീല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അവര്‍ കമ്മീഷന് മുമ്പാകെ നല്‍കിയിരിക്കുന്നത് ചില മുന്‍ധാരണകളാണെന്നും തിരഞ്ഞെടുപ്പു കമ്മീഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നുമായിരുന്നു ഡല്‍ഹിയില്‍ കമ്മീഷനെ സന്ദര്‍ശിച്ചശേഷം കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.എന്നാല്‍, ഹരിയാന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ അബദ്ധത്തില്‍ ബാലറ്റ് പേപ്പര്‍ മറ്റൊരാള്‍ക്ക് കാണിച്ചുകൊടുത്തതിന് അദ്ദേഹത്തിന്റെ വോട്ട് കമ്മീഷന്‍ തള്ളിയിരുന്നുവെന്നും ഇതേരീതിയില്‍ അമിത് ഷായ്ക്ക് വോട്ട് കാണിച്ചുകൊടുത്ത രണ്ട് എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടത്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെ മൂന്നാം തവണയും കാണാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം ഫലം കണ്ടിരുന്നില്ല. ബിജെപിക്കും കമ്മീഷന്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ 120 അംഗങ്ങളുള്ള ബിജെപിക്ക് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റില്‍ രണ്ടെണ്ണത്തില്‍ വിജയം ഉറപ്പാണ്. എന്നാല്‍, 57 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്സില്‍ നിന്ന് ആറുപേരെ കൂറുമാറ്റിയ ബിജെപി അതില്‍ ഒരാള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു. ഏഴുപേര്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ബാക്കി 44 പേരില്‍ ഒരാള്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. രണ്ടംഗങ്ങളുള്ള എന്‍സിപിയുടെ ഒരംഗം കോണ്‍ഗ്രസ്സിനും മറ്റേയാള്‍ ബിജെപിക്കുമാണ് വോട്ട് ചെയ്തിരിക്കുന്നത്. ജെഡിയുവിന്റെ ഒരംഗം  കോണ്‍ഗ്രസ്സിനാണ് വോട്ട് ചെയ്തിരിക്കുന്നതെന്നാണ് റിപോര്‍ട്ട്. ശേഷിച്ച ഒരു സ്വതന്ത്ര അംഗം ബിജെപിയെ പിന്തുണയ്ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക