|    Aug 19 Sat, 2017 11:06 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് : ബിജെപിക്ക് പ്രഹരം

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം നല്‍കി ഗുജറാത്തില്‍ നിന്ന് അഹ്മദ് പട്ടേലിന്റെ വിജയം. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തില്‍ നിന്നു പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ തന്ത്രജ്ഞനായി വിശേഷിപ്പിക്കപ്പെടുന്ന പട്ടേലിനെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ കുതിരക്കച്ചവടമാണ് ഇതോടെ നിലംപൊത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ എല്ലാ അടവും പയറ്റിയ ബിജെപി, സ്വന്തം ആളുകളെ സംരക്ഷിക്കാന്‍ മറന്നുപോയെന്നാണ് നളിന്‍ ഭായ് കൊതാഡിയയുടെ കൂറുമാറ്റത്തില്‍ നിന്നു വ്യക്തമായത്. അതിനിടെ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിന് വോട്ട് ചെയ്ത ബിജെപി വിമത എംഎല്‍എ നളിന്‍ കൊതാഡിയയെ നേതൃത്വം കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചു. എഐസിസി സെക്രട്ടറി ദീപക് ബാബറിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിക്കെതിരേ ബിജെപി കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി ഗുജറാത്ത് വക്താവ് ഭരത് പാണ്ഡ്യ അറിയിച്ചു.ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കുള്ള മൂന്നു സീറ്റില്‍ രണ്ടെണ്ണത്തില്‍ അനായാസമായി ബിജെപിക്കു ജയിച്ചുകയറാമായിരുന്നു. ബാക്കിയുള്ള ഒന്നിലേക്ക് പട്ടേലിനും വിജയം ഉറപ്പായിരുന്നു. എന്നാല്‍ സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി കൂടിയായ പട്ടേലിനെ തോല്‍പ്പിക്കാന്‍ ബിജെപി രാഷ്ട്രീയം കളിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. ഇതിനായി ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിച്ചു. ഓരോ എംഎല്‍എയ്ക്കും 15 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കൂടുതല്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന് ഭയന്ന കോണ്‍ഗ്രസ് തങ്ങളുടെ 44 എംഎല്‍എമാരെ ഒരാഴ്ചയോളം ബംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കു മാറ്റി. കൂറുമാറി വോട്ട് ചെയ്യുകയും വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പര്‍ അമിത് ഷായ്ക്കു മുമ്പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്ത എംഎല്‍എമാരുടെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചതു മുതല്‍ അനിശ്ചിതത്വം തുടങ്ങി. നീക്കം ചെറുക്കാന്‍ ആറ് കേന്ദ്രമന്ത്രിമാരെ തുടര്‍ച്ചയായി തിരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്തേക്കു വിട്ട് ബിജെപി കമ്മീഷനു മേല്‍ കനത്ത സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഒടുവില്‍ പുലര്‍ച്ചെ കോണ്‍ഗ്രസ്സിന്റെ വാദം അംഗീകരിച്ച് വിമതരുടെ രണ്ടു വോട്ട് അസാധുവാക്കിയതോടെ പാര്‍ട്ടി ഏറക്കുറേ ജയിച്ചിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നിര്‍ദേശം തള്ളി ഏക ജെഡിയു എംഎല്‍എയും പട്ടേലിന് വോട്ട് ചെയ്തു. താന്‍ ആദ്യമായി രാജ്യസഭയിലെത്തുമ്പോള്‍ അഹ്മദ് പട്ടേല്‍ സഭയില്‍ ഉണ്ടാവരുതെന്ന് അമിത് ഷായ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക