|    Nov 15 Thu, 2018 6:07 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ ദുരൂഹത വര്‍ധിക്കുന്നു

Published : 6th November 2018 | Posted By: kasim kzm

അഹ്മദാബാദ്: സുഹ്‌റബുദ്ദീ ന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സാക്ഷിയുടെ വെളിപ്പെടുത്ത ല്‍, നരേന്ദ്ര മോദിയുടെ വിമര്‍ശകനും ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയുമായ ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാക്കുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ച് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായിരുന്ന ഹരേന്‍ പാണ്ഡ്യ നടത്തിയ വെളിപ്പെടുത്തല്‍ മോദിയെയും അമിത്ഷായെയും കുരുക്കിലാക്കുമെന്ന സാഹചര്യത്തിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.
2003 മാര്‍ച്ച് 26ന് അഹ്മദാബാദിലെ ഒരു പാര്‍ക്കിന് പുറത്താണു വെടിയുണ്ടകളേറ്റ് തുളഞ്ഞ നിലയില്‍ പാണ്ഡ്യയുടെ മൃതദേഹം കണ്ടെത്തിയത്. 15 വര്‍ഷത്തിന് ശേഷവും കൊലപാതകം നടത്തിയത് ആരാണെന്നു കണ്ടെത്താനായിട്ടില്ല. സുഹ്‌റബുദ്ദീന്‍, ഭാര്യ കൗസര്‍ബി, കൂട്ടാളി തുളസീറാം പ്രജാപതി തുടങ്ങിയവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നിരവധി പോലിസുകാര്‍ക്കെതിരേ എടുത്ത കേസിലെ സാക്ഷിയായ അസം ഖാനാണ് ശനിയാഴ്ച കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ ഡി ജി വന്‍സാരയാണ് കൊല നടത്താന്‍ ഉത്തരവിട്ടതെന്നാണ് അസം ഖാന്‍ മൊഴി നല്‍കിയത്.
സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രധാന പ്രതിയായ വന്‍സാരയെ 2017 ആഗസ്ത് ഒന്നിന് വിചാരണക്കോടതി കേസില്‍ നിന്നൊഴിവാക്കിയിരുന്നു. കുറ്റപത്രത്തില്‍ പേര് പരാമര്‍ശിച്ചിരുന്ന അമിത്ഷാ ഉള്‍പ്പെടെയുള്ളവരെ നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ സിബിഐ അപ്പീല്‍ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ അസം ഖാന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാവുകയാണ്.
ഹരേന്‍ പാണ്ഡ്യയെ കൊല്ലാന്‍ കരാര്‍ നല്‍കിയത് വന്‍സാരയാണെന്നു സുഹറബുദ്ദീന്‍ പറഞ്ഞ കാര്യം 2010ല്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ എസ് രാജുവിനോടും താന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍, ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നു പറഞ്ഞ് അദ്ദേഹം ഇക്കാര്യം തള്ളിക്കളയുകയായിരുന്നുവെന്നും അസം ഖാന്‍ അറിയിച്ചു.
2002ലെ ഗുജറാത്ത് കലാപത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കുള്ള പങ്ക് സംബന്ധിച്ച് കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് ട്രൈബ്യൂണലിന് മുന്നില്‍ പാണ്ഡ്യ തെളിവ് നല്‍കിയിരുന്നു. 2002 ആഗസ്തില്‍ ഔട്ട്‌ലുക്ക് മാഗസിനോട് നടത്തിയ വെളിപ്പെടുത്തലിലും അദ്ദേഹം ഇതേ കാര്യം പറഞ്ഞിരുന്നു. ഇക്കാര്യം പ്രസിദ്ധീകരിക്കുമ്പോള്‍ തന്റെ പേര് വെളിപ്പെടുത്തരുതെന്നും അങ്ങനെ ഉണ്ടായാല്‍ താന്‍ കൊല്ലപ്പെടുമെന്നും പാണ്ഡ്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏഴ് മാസത്തിന് ശേഷമാണ് പാണ്ഡ്യ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ഉത്തരവാദികളെന്ന് നേരത്തേ സിബിഐ ആരോപിച്ചിരുന്ന മുസ്‌ലിം ചെറുപ്പക്കാരെ മുഴുവന്‍ ഗുജറാത്ത് ഹൈക്കോടതി തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. കേസ് കെട്ടിച്ചമച്ചതിന് സിബിഐയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കേസ് പുനരന്വേഷിക്കുന്നതിന് പകരം വെറുതെവിട്ട നടപടിക്കെതിരേ അപ്പീല്‍ നല്‍കുകയാണു സിബിഐ ചെയ്തത്. കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വൈ സി മോദിയാണ് സിബിഐ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹത്തെ 2017 സപ്തംബറി ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എന്‍ഐഎയുടെ മേധാവിയാക്കിയിരുന്നു. ഏറ്റുമുട്ടല്‍ കൊലകളില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് പങ്കുണ്ടെന്നു കേസില്‍ വിചാരണത്തടവുകാരനായി കഴിയവേ വന്‍സാര തന്നെ 2013ല്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss