|    Feb 24 Fri, 2017 12:37 am

ഗുജറാത്ത് മുന്‍മന്ത്രിയുടെ നിക്ഷേപത്തട്ടിപ്പ് പുറത്ത്

Published : 23rd November 2016 | Posted By: SMR

saurabhbhai-patel

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയുടെ കീഴില്‍ വൈദ്യുതി, പെട്രോകെമിക്കല്‍ മന്ത്രിയായിരുന്ന സൗരബ് പട്ടേലിന് രാജ്യത്തെ പെട്രോളിയം, ഗ്യാസ് പാടങ്ങളില്‍ നിക്ഷേപമുള്ളതായി റിപോര്‍ട്ട്. 14 വര്‍ഷമായി ഗുജറാത്തില്‍ ഇതേ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പട്ടേല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ നെറ്റ്‌വര്‍ക്കായ സൂര്യജ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് മുഖേന നിക്ഷേപം നടത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് രേഖകള്‍ സഹിതം പുറത്തുവിട്ടിരിക്കുന്നത്. അംബാനി സഹോദരന്‍മാരുടെ അര്‍ധസഹോദരിയുടെ ഭര്‍ത്താവാണ് പട്ടേല്‍. ആഗസ്ത് ഏഴിന് ആനന്ദിബെന്‍ പട്ടേലിനു പകരമായി വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായതിനെത്തുടര്‍ന്നാണ് പട്ടേലിനെ മന്ത്രിസഭയില്‍ നിന്ന് നീക്കിയത്.
മോദിയുടെ കീഴില്‍ മന്ത്രിയായിരിക്കവെ 2008 ഏപ്രിലിലാണ് സഹോദരന്‍ മേഹുല്‍ ദലാല്‍, മേഹുലിന്റെ ഭാര്യ നിഖിത ദലാ ല്‍ എന്നിവര്‍ ചേര്‍ന്ന് സൂര്യജ സ്ഥാപിക്കുന്നത്. 5000 പേരില്‍ നിന്ന് ഓഹരി സ്വീകരിച്ചായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം പട്ടേലും മകന്‍ അഭയ് ദലാലും ചേര്‍ന്ന് 5,000 ഓഹരികള്‍ വീതം വാങ്ങി. ഈ ഓഹരികള്‍ ഇപ്പോഴും പട്ടേലിന്റെയു മകന്റെയും പേരിലാണുള്ളത്. നന്ദന്‍ പഞ്ചാവതി, എല്ലിസ്ബ്രിഡ്ജ്, അഹ്മദാബാദ് എന്ന വിലാസത്തിലാണ് ഇവര്‍ ഓഹരികള്‍ ശേഖരിച്ചിട്ടുള്ളത്. ഇതേ സ്ഥലത്ത് 3-സി, സെന്റര്‍ പോയിന്റിലാണ് കമ്പനിയുടെ വിലാസവുമുള്ളത്. 2009 ഡിസംബറില്‍ സൂര്യജ ഗുജറാത്ത് നാച്വറല്‍ റിസോഴ്‌സ് ലിമിറ്റഡില്‍ നിക്ഷേപം നടത്തി. എണ്ണ, വാതക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടേല്‍ മന്ത്രിയെന്ന തന്റെ പദവി ഉപയോഗിച്ച് സൗകര്യങ്ങള്‍ ചെയ്തുനല്‍കിയെന്ന പ്രശ്‌നമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ നിക്ഷേപത്തിനു ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കീഴിലുള്ള സ്ഥാപനങ്ങളുമായി സൂര്യജ എട്ട് ഏണ്ണപ്പാടങ്ങളുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷനാണ് ഇതിലൊന്ന്. ഇത് മന്ത്രിയായ പട്ടേലിന്റെ തന്നെ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ്. ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ ഓയില്‍ ആന്റ് എക്‌സ്‌പ്ലോറേഷന്‍ കമ്പനി തുടങ്ങിയവയാണ് മറ്റു ചിലത്. സൂര്യജ കമ്പനിയെ എണ്ണപ്പാടമേഖലയില്‍ ബന്ധിപ്പിക്കുന്നത് 1991 മുതല്‍ ആരംഭിച്ച ലേഷ സ്റ്റീല്‍സുമായുള്ള കരാറാണ്. ലേഷ സ്റ്റീല്‍ പിന്നീട് ലേഷ എനര്‍ജി എന്ന് പേരുമാറ്റി. 2007വരെയായിരുന്നു ഈ കരാറിന്റെ കാലാവധി.
തുടര്‍ന്നങ്ങോട്ട് നിരവധി കമ്പനികളുമായി സൂര്യജ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. 2009 ജനുവരിയില്‍ ഗോര്‍ലാസ് കോര്‍പറേഷന്‍ എന്ന കമ്പനി ഗോര്‍ല ഓയില്‍ ആന്റ് ഗ്യാസ് എന്നു പേരുമാറ്റി. ലേഷ എനര്‍ജി 15.43 കോടി നല്‍കി ഗോര്‍ലാസിനെ വാങ്ങി. തുടര്‍ന്ന് 15.5 ലക്ഷം (6.4 ശതമാനം) ഷെയറുകള്‍ 6.40 കോടി നല്‍കി സൂര്യജ വാങ്ങി. ഇത്തരത്തില്‍ നിരവധി ഇടപാടുകള്‍ നടന്നതിന്റെ രേഖകളും എക്‌സ്പ്രസ് പുറത്തുവിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 425 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക