|    Mar 25 Sat, 2017 9:17 pm
FLASH NEWS

ഗുജറാത്ത് മുഖ്യമന്ത്രി: തീരുമാനം നാളെ

Published : 4th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ആനന്ദിബെന്‍ രാജിവച്ച് സാഹചര്യത്തില്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും. ഇതിനായി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഇന്ന് അഹമ്മദാബാദിലെത്തും. അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങള്‍ ബി.ജെ.പി തള്ളിക്കളഞ്ഞിട്ടുണ്ട്. നിലവിലുള്ള  മറ്റു പാര്‍ട്ടി എം.എല്‍.എമാരില്‍ ഒരാളായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ വെങ്കയ്യ നായിഡു പറഞ്ഞു.
അമിത് ഷാ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനാണെന്നും അദ്ദേഹത്തിന് കീഴില്‍ പാര്‍ട്ടി ഉയരങ്ങളിലെത്തിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഗുജറാത്തില്‍ ചേരുന്ന യോഗത്തില്‍ അമിത്ഷാ പങ്കെടുക്കും. അതോടൊപ്പം കേന്ദ്രമന്ത്രിയും പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗദ്കരി, നാഷണല്‍ ജനറല്‍ സെക്രട്ടറി സൂരജ് പാണ്ഡെ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
ഇന്നലെ നടന്ന പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തിന്റെ നിര്‍ദ്ദേശപ്രകാരം നിരീക്ഷകരായാണ് ഗദ്കരിയും പാണ്ഡെയും പങ്കെടുക്കുന്നത്. ഗുജറാത്ത് നിയമസഭാംഗം കൂടിയാണ് അമിത് ഷാ. ആനന്ദിബെന്‍ പട്ടേലിന്റെ രാജി സ്വീകരിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. മന്ത്രിസഭയില്‍ നിലവില്‍ രണ്ടാമനായ സംസ്ഥാന ആരോഗ്യമന്ത്രി നിഥിന്‍ഭായ് പട്ടേലാണ് മുഖ്യമന്ത്രിയാവാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്നയാള്‍. നിയമസഭാംഗം സൗരഭ് പട്ടേല്‍, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാണി എന്നിവരുടെ പേരുകളും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
ഗുജറാത്തിലെ വലിയൊരു ശക്തിയായ പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള ആനന്ദിബെനു പകരം നിഥിന്‍ഭായ് പട്ടേല്‍ വരുമെന്നു തന്നെയാണ് കരുതുന്നത്. മെഹ്‌സാനയില്‍നിന്നുള്ള നിയമസഭാ അംഗമായ നിഥിന്‍ ഭായ് പട്ടേല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവുകൂടിയാണ്. സംവരണത്തിനായി സമരരംഗത്തുള്ള പട്ടേല്‍ സമുദായത്തിന് അഭിമതനുമാണ്. മുഖ്യമന്ത്രിപദത്തിലേക്കു പരിഗണിക്കപ്പെടുന്ന അകോട മണ്ഡലത്തില്‍ നിന്നുള്ള സൗരഭും പട്ടേല്‍ സമുദായക്കാരനാണ്. ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മൂന്നാമനായ വിജയ് രൂപാണി, അമിത്ഷായുമായി അടുപ്പമുള്ള നേതാവാണ്. സംസ്ഥാനത്ത് ആളിപ്പടരുന്ന ദലിത് രോഷത്തെ അണക്കുകയും അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പാര്‍ട്ടിയെ സജ്ജമാക്കുകയുമാവും പുതിയ മുഖ്യമന്ത്രിക്കു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ആനന്ദിബെന്‍ പട്ടേലിനെ പഞ്ചാബ് ഗവര്‍ണറാക്കിയേക്കുമെന്ന് സൂചനയുണ്ട്. 2015 മുതല്‍ പഞ്ചാബ് ഗവര്‍ണര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. അതിനിടെ, മുഖ്യമന്ത്രി പദവി ഒഴിയാനുള്ള സന്നദ്ധത ബിജെപി പാര്‍ലമെന്റ് ബോര്‍ഡ് സ്വീകരിച്ചതിനു പിന്നാലെ ആനന്ദിബെന്‍ പട്ടേല്‍ ഗവര്‍ണര്‍ ഒപി കൊഹ്ലിക്കു മുമ്പാകെ രാജി സമര്‍പ്പിച്ചു.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക