|    Oct 21 Sat, 2017 6:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് മുഖ്യമന്ത്രി പദവി: പരിഗണനയില്‍ മൂന്നുപേര്‍

Published : 3rd August 2016 | Posted By: SMR

gujarath

ന്യൂഡല്‍ഹി: ഗുജറാത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി നിഥിന്‍ഭായ് പട്ടേല്‍ മുഖ്യമന്ത്രിയാവാന്‍ സാധ്യത. രാജിവച്ച ആനന്ദി ബെന്‍ പട്ടേലിനു പകരമായി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ച ഡല്‍ഹിയില്‍ സജീവമായി. നിയമസഭാംഗം സൗരഭ് പട്ടേല്‍, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാണി എന്നിവരുടെ പേരുകളും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. അതേസമയം, രാജിവച്ച ആനന്ദിബെന്‍ പട്ടേലിനെ പഞ്ചാബ് ഗവര്‍ണറാക്കിയേക്കുമെന്ന് സൂചനയുണ്ട്. 2015 മുതല്‍ പഞ്ചാബ് ഗവര്‍ണര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
ദലിത് പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്ന ഗുജറാത്തില്‍ അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. അതിനാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടമാവാതെ സംരക്ഷിക്കേണ്ടതുമുണ്ട്. ഈ സാഹചര്യത്തില്‍ കരുത്തനായ മുഖ്യമന്ത്രിയെ തന്നെ വേണമെന്നും അതിനാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തന്നെ വരണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്. അമിത്ഷാ മുഖ്യമന്ത്രിയാവുമെന്നും അദ്ദേഹത്തിനു പകരം ജെപി നദ്ദ ബിജെപി അധ്യക്ഷനാവുമെന്നുമുള്ള സന്ദേശം ബിജെപി കേന്ദ്രത്തില്‍ പ്രചരിക്കുന്നുണ്ട്.
ലോക്‌സഭ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള യുപി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ബിജെപി കേന്ദ്രങ്ങള്‍ നിഷേധിച്ചു. സൊഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010ല്‍ അമിത്ഷാ അറസ്റ്റിലായിരുന്നു. അതിനുശേഷം എല്ലാ കേസുകളില്‍ നിന്നും താന്‍ കുറ്റവിമുക്തനാക്കപ്പെടുന്നതുവരെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ചുമതലയും വഹിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഇക്കാരണത്താല്‍ 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയപ്പോള്‍, അമിത്ഷായ്ക്ക് കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് പദവി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹമത് നിരസിക്കുകയാണുണ്ടായത്.
ഗുജറാത്തിലെ വലിയൊരു ശക്തിയായ പട്ടേല്‍ വിഭാഗത്തില്‍നിന്നുള്ള ആനന്ദിബെനിനു പകരം നിഥിന്‍ഭായ് പട്ടേല്‍ വരുമെന്നു തന്നെയാണ് കരുതുന്നത്. മെഹ്‌സാനയില്‍നിന്നുള്ള നിയമസഭാ അംഗമായ നിഥിന്‍ ഭായ് പട്ടേല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവുകൂടിയാണ്. സംവരണത്തിനായി സമരരംഗത്തുള്ള പട്ടേല്‍ സമുദായത്തിന് അഭിമതനുമാണ്. മുഖ്യമന്ത്രിപദത്തിലേക്കു പരിഗണിക്കപ്പെടുന്ന അകോട മണ്ഡലത്തില്‍ നിന്നുള്ള സൗരഭും പട്ടേല്‍ സമുദായക്കാരനാണ്. ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മൂന്നാമനായ വിജയ് രൂപാണി, അമിത്ഷായുമായി അടുപ്പമുള്ള നേതാവാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക