|    Nov 20 Tue, 2018 9:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് ഭൂകമ്പകാലത്ത് സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചിരുന്നതായി ഔദ്യോഗിക രേഖകള്‍

Published : 24th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഗുജറാത്ത് ഭൂകമ്പമടക്കമുള്ള പ്രകൃതിദുരന്തങ്ങളുണ്ടായപ്പോള്‍ വിദേശത്തുനിന്നുള്ള സഹായം സ്വീകരിച്ചിരുന്നതായി കേന്ദ്രസര്‍ക്കാരിന്റെ രേഖകള്‍. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ സ്വീകരിക്കുന്നതിനു സാങ്കേതികതയുടെ നൂലാമാലകള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍ തടസ്സം നില്‍ക്കവേ ഈ രേഖകളിലെ വിവരങ്ങള്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യ ഇതിനു മുമ്പു പലതവണ വിദേശ രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിച്ചതിന്റെയും നേരിട്ടും അല്ലാതെയും വാങ്ങിയിട്ടുണ്ടെന്നതിന്റെയും തെളിവുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാണ്.2001 ജനുവരിയില്‍ ഗുജറാത്തിലുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് കേന്ദ്രത്തിലെ എ ബി വാജ്‌പേയി സര്‍ക്കാര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സമൂഹത്തോട് സഹായം അഭ്യര്‍ഥിക്കുകയും കോടികളുടെ സഹായം സ്വീകരിക്കുകയും ചെയ്തതിന്റെ തെളിവുകളാണ് സൈറ്റിലുള്ളത്. അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി ദുരിതാശ്വാസ സംഭാവനകള്‍ അഭ്യര്‍ഥിച്ച് വിദേശ രാജ്യങ്ങള്‍ക്ക് എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ സഹായാഭ്യര്‍ഥന മാനിച്ച് വിദേശരാജ്യങ്ങളില്‍ നിന്നു വന്‍തോതിലുള്ള അനുകൂല പ്രതികരണങ്ങളാണ് അന്ന് ലഭിച്ചിരുന്നത്. ആസ്‌ത്രേലിയ പലതവണയായി 25 ലക്ഷം ആസ്‌ത്രേലിയന്‍ ഡോളറിന്റെ സഹായമാണ് നല്‍കിയത്. ആദ്യം 10,00,000 ഡോളറാണ് പ്രഖ്യാപിച്ചത്. ഇത് യുഎന്‍ വഴി നല്‍കുമെന്നും അറിയിച്ചു. പിന്നീട് 15 ലക്ഷം ആസ്‌ത്രേലിയന്‍ ഡോളര്‍ കൂടി നല്‍കി. ഇത് ഒരു സന്നദ്ധ സംഘടന വഴിയാണ് നല്‍കിയത്. ഇതുകൂടാതെ ധാരാളം വസ്ത്രങ്ങളും മരുന്നും ആസ്‌ത്രേലിയ നല്‍കി. ഇതെല്ലാം രണ്ടു കൈയും നീട്ടി വാങ്ങിക്കൂട്ടിയത് കേന്ദ്രത്തിലും ഗുജറാത്തിലുമുള്ള ബിജെപി സര്‍ക്കാരുകളായിരുന്നു. ഓസ്ട്രിയയും ഉദാരമായ സംഭാവനയാണ് ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസത്തിനു നല്‍കിയത്. 3,30,000 യൂറോയാണ് ഓസ്ട്രിയ പണമായി മാത്രം നല്‍കിയത്. കാരിറ്റാസ് ഓസ്ട്രിയ എന്ന സംഘടന 75,000 യൂറോയാണ് സഹായധനമായി നല്‍കിയത്. അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്താനും ബംഗ്ലാദേശും വരെ ഗുജറാത്ത് ഭൂകമ്പസമയത്ത് ഇന്ത്യയെ സഹായിച്ചു. “മുഖ്യ ശത്രു’രാജ്യമായ പാകിസ്താന്‍ ബ്ലാങ്കറ്റും ഭക്ഷണ സാധനങ്ങളുമടക്കം 13 ടണ്‍ സാമഗ്രികളാണ് ഗുജറാത്തിനു നല്‍കിയത്. ചൈന 6,02,000 അമേരിക്കന്‍ ഡോളര്‍ ധനസഹായം നല്‍കിയപ്പോള്‍ ബംഗ്ലാദേശ് 20,000 ടണ്‍ അരിയും 12 അംഗ മെഡിക്കല്‍ സംഘത്തെയും ഗുജറാത്തിലേക്ക് അയച്ചിരുന്നു. ബെല്‍ജിയം 920,000 ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കി. ഭൂട്ടാന്‍ സര്‍ക്കാര്‍ രണ്ടു കോടി സഹായധനമായി നല്‍കി. ബോട്‌സ്വാന 20,000 യുഎസ് ഡോളര്‍ സഹായമായി അയച്ചു. ക്യൂബ 10 ലക്ഷം യുഎസ് ഡോളറാണ് അയച്ചത്. ചെക്ക് റിപബ്ലിക്കിന്റെ സഹായമായി 50,000 യുഎസ് ഡോളറാണ് എത്തിയത്. ഡെന്‍മാര്‍ക്ക് മൊത്തം 24,34,000 യുഎസ് ഡോളറിന്റെ സഹായം നല്‍കി. ഇതില്‍ സാമ്പത്തിക സഹായവും ഉണ്ടായിരുന്നു. ഹോങ്കോങിലെ ഇന്ത്യന്‍ സമൂഹം 31,45,441.74 രൂപയാണ് സഹായമായി ഇന്ത്യയിലേക്ക് അയച്ചത്. 3,00,000 ഡോളറാണ് ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് സഹായധനമായി യൂനിസെഫ് വഴി ഒഴുകിയത്. 420 ദശലക്ഷം ജാപ്പനീസ് യെന്‍ ആണ് (17 കോടി രൂപ) ജപ്പാന്‍ സഹായമായി നല്‍കിയത്. 2,50,000 ഡോളറിന്റെ ധനസഹായമാണ് കുവൈത്തില്‍ നിന്നു ലഭിച്ചത്. മാലദ്വീപില്‍ നിന്നുള്ള 25,000 ഡോളറിന്റെ ചെക്ക് പ്രത്യേക ദൂതന്‍ വന്നു നേരിട്ട് കൈമാറുകയായിരുന്നെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മലേസ്യയും പ്രത്യേക ദൂതന്‍ വഴി 100,000 ഡോളര്‍ കൈമാറി. മൊറീഷസ് പ്രധാനമന്ത്രിയും 30 ലക്ഷം രൂപയുടെ ധനസഹായം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തു. ന്യൂസിലാന്‍ഡ് 200,000 അമേരിക്കന്‍ ഡോളറിന്റെ സഹായം നല്‍കി. തായ്‌വാന്‍ 100,000 ഡോളര്‍ ധനസഹായം ചെയ്തപ്പോള്‍ ബ്രിട്ടന്‍ 10 ദശലക്ഷം പൗണ്ടാണ് ഗുജറാത്തിനു നല്‍കിയത്. യുഎഇ, സൗദി അറേബ്യ, വിയറ്റ്‌നാം അടക്കം വലുതും ചെറുതുമായ നിരവധി രാജ്യങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളുടെ സഹായം ഗുജറാത്തിലേക്ക് ഒഴുക്കിയത്. അതേസമയം, 2004 ഡിസംബറിലുണ്ടായ സുനാമി ദുരന്തത്തെ തുടര്‍ന്ന് ഒന്നാം യുപിഎ സര്‍ക്കാരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തു നിന്നു ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം സ്വീകരിച്ചതെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. എന്നാല്‍, ഇത്തരം നയങ്ങള്‍ സാഹചര്യത്തിന് അനുസരിച്ച് മാറ്റാവുന്നതാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss