|    Mar 24 Fri, 2017 11:53 am
FLASH NEWS

ഗുജറാത്ത്: പട്ടേല്‍ വിഭാഗം എഎപി ക്കൊപ്പം ചേര്‍ന്നേക്കും

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുജറാത്തിലെ ബിജെപി വിരുദ്ധരായ പട്ടേല്‍ വിഭാഗം ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നേക്കും. ഈയാഴ്ച സൂറത്തില്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ നടത്തുന്ന റാലിക്ക് പട്ടേല്‍ വിഭാഗക്കാര്‍ പിന്തുണ പ്രഖ്യാപിക്കും. പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണയോടെ എഎപി റാലി നടത്തിയാല്‍ അത് ഗുജറാത്ത് രാഷ്ട്രീയത്തിലെ നിര്‍ണായക സംഭവമാവുമെന്നാണ് കണക്കാക്കുന്നത്.
പട്ടേല്‍ പ്രക്ഷോഭവും തുടര്‍ന്നുണ്ടായ ദലിത് പ്രക്ഷോഭവും ഗുജറാത്തിലെ ബിജെപിയുടെ ജനപിന്തുണയ്ക്ക് കാര്യമായ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും കഴിഞ്ഞകാലങ്ങളില്‍ ബിജെപിയുടെ പ്രധാന വോട്ട്ബാങ്കായിരുന്നു. റാലിക്ക് നേതൃത്വം കൊടുക്കാന്‍ കെജ്‌രിവാള്‍ ഇന്ന് ഗുജറാത്തിലെത്തും.
പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലുമായി എഎപി ഇതിനകം തന്നെ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണു കരുതുന്നത്. ട്വിറ്ററില്‍ ഇരുവരുടെയും കുറിപ്പുകള്‍ പരസ്പരം പിന്തുണയ്ക്കുന്നുമുണ്ട്. ഹര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ നടത്തിയ ഒരു പ്രസ്താവനയെ കെജ്‌രിവാള്‍ പിന്തുണയ്ക്കുകയും റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. അതോടൊപ്പം നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച കെജ്‌രിവാളിന്റെ ട്വീറ്റിനെ ഹര്‍ദിക് പട്ടേലും പിന്തുണച്ചു. മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഹര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ ഹിറ്റ്‌ലര്‍ ഭരണത്തിന് സമാനമായ സാഹചര്യം കൊണ്ടുവന്നത് മോദിയാണെന്ന് ട്വിറ്ററില്‍ ആരോപിച്ചപ്പോള്‍ കെജ്‌രിവാള്‍ അതിനെ ശരിവച്ചു. 35 ലക്ഷം തൊഴില്‍രഹിതരുള്ള, 31 ശതമാനം ഫാക്ടറികള്‍ പൂട്ടിക്കിടക്കുന്ന ഗുജറാത്തിനെയാണ് മോദി വൈബ്രന്റ് ഗുജറാത്ത് എന്ന് വിളിക്കുന്നെതന്ന ഹര്‍ദികിന്റെ ട്വീറ്റിനെയും കെജ്‌രിവാള്‍ റീ ട്വീറ്റ് ചെയ്തു.
അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പട്ടേല്‍ വിഭാഗം എഎപിക്കൊപ്പം ചേരാനുള്ള സാധ്യതയായാണ് ഇതിനെ രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നത്. എഎപി റാലിക്ക് പട്ടേല്‍ വിഭാഗം പിന്തുണ അറിയിച്ചതായി ഡല്‍ഹി മന്ത്രി കപില്‍ മിശ്രയും പറയുന്നു. റാലി സമാധാനപരമായി നടത്താനാണ് പിന്തുണ അറിയിച്ചിട്ടുള്ളത്. ആരെങ്കിലും റാലിയെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് ബിജെപി മാത്രമായിരിക്കുമെന്നും മിശ്ര പറയുന്നു. പട്ടേല്‍ വിഭാഗം നേതാക്കളുമായി എഎപി നേതാക്കള്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഗുജറാത്തില്‍ എഎപി വരുന്ന ഒരുമാസം നടത്താനിരിക്കുന്ന കാംപയിനില്‍ പട്ടേല്‍ നേതാക്കളായ വന്ദന പട്ടേല്‍, കാനുഭായ് കല്‍സാരിയ എന്നിവരുമായി കെജ്‌രിവാള്‍ വേദി പങ്കിടും.
എഎപിയുടെ റാലി തടസ്സപ്പെടുത്താന്‍ ബിജെപി ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നടപ്പില്ലെന്ന് പടിതാര്‍ അനാമത്ത് ആന്തോളന്‍ സമിതി നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക