|    Apr 28 Fri, 2017 4:08 am
FLASH NEWS

ഗുജറാത്ത്: നീതി തേടി ദലിതുകള്‍ പദയാത്ര തുടങ്ങി

Published : 6th August 2016 | Posted By: SMR

അഹ്മദാബാദ്: ദലിത് സമുദായത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ നൂറുകണക്കിന് ദലിതരും പൗരാവകാശ പ്രവര്‍ത്തകരും പദയാത്ര തുടങ്ങി. അഹ്മദാബാദിലെ വെജല്‍പൂരില്‍ നിന്നു തുടങ്ങിയ ദലിത് അസമിത യാത്ര എന്നു പേരിട്ട പദയാത്ര ഗിര്‍ സോനാഥ് ജില്ലയിലെ ഉന പട്ടണത്തില്‍ സമാപിക്കും. 380 കിലോമീറ്റര്‍ താണ്ടുന്ന യാത്രയില്‍ എണ്ണൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്. പശുവിനെ കൊന്നുവെന്നാരോപിച്ചു ദലിതുകളെ ഗോ സംരക്ഷണസമിതിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സ്ഥലമാണ് ഉന.
യാത്രയിലെ അംഗങ്ങള്‍ സ്വാതന്ത്ര്യദിനത്തില്‍ ഉനയിലെത്തി അവിടെ ദേശീയപതാക ഉയര്‍ത്തും.
കാലങ്ങളായി ഇന്ത്യയിലെ ദലിത് സമൂഹം അനുഭവിക്കുന്ന പീഡനങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പാണ് പദയാത്രയെന്നു സംഘാടകന്‍ ജിഗ്നേഷ് മെവാനി പറഞ്ഞു. ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്ന ജോലിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ യാത്രയ്ക്കിടയില്‍ സമുദായ അംഗങ്ങളോടാവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. പത്തു ദിവസം നീളുന്ന യാത്രയില്‍ നേതാക്കള്‍ ചെറു യോഗങ്ങള്‍ നടത്തി അവകാശങ്ങളെക്കുറിച്ചു ദലിതുകളെ ബോധവല്‍ക്കരിക്കും. ദലിതുകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഇനി സഹിക്കുകയില്ലെന്ന സന്ദേശം സര്‍ക്കാരിനു നല്‍കുകയാണു പദയാത്രയുടെ പ്രധാന ലക്ഷ്യം. യാത്രയുടെ വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ദലിത് സമൂഹത്തെ ഒരു മേല്‍ക്കൂരയ്ക്കു് കീഴില്‍ കൊണ്ടുവരാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷിഭൂമി ആവശ്യപ്പെടുന്ന ഫോറങ്ങള്‍ യാത്രയില്‍ വിതരണം ചെയ്യും. യാത്രയ്‌ക്കൊടുവില്‍ ഫോറങ്ങളെല്ലാം ശേഖരിച്ച് സര്‍ക്കാരിനു നല്‍കും. ഇനി മുതല്‍ മൃഗങ്ങളുടെ ജഡങ്ങള്‍ സംസ്‌കരിക്കുന്നതും ശുചീകരണ ജോലിയും ഉപേക്ഷിച്ചു മാന്യമായി ജീവിക്കുവാനാണു ദലിതുകള്‍ ആഗ്രഹിക്കുന്നതെന്നും മെവാനി അറിയിച്ചു. ജൂലൈ 31നു ചേര്‍ന്ന ദലിത് മഹാസമ്മേളനത്തില്‍ മുന്‍ ഐപിഎസ് ഓഫിസര്‍ രാഹുല്‍ ശര്‍മയാണ് അഹ്മദാബാദില്‍ നിന്ന് ഉനയിലേക്കു പദയാത്ര എന്ന ആശയം മുന്നോട്ടുവച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day