|    Aug 19 Sun, 2018 6:10 am
FLASH NEWS

ഗുജറാത്ത് തിരഞ്ഞെടുപ്പ് : ആശയും ആശങ്കയും

Published : 2nd January 2018 | Posted By: G.A.G

എ. സഈദ്
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയില്‍ നടന്ന ഓരോ തിരഞ്ഞെടുപ്പും ദേശീയപ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കിയത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ഉയര്‍ന്നുവരുന്ന ചെറിയൊരനക്കം പോലും ജനങ്ങളില്‍ പ്രതീക്ഷയുണ്ടാക്കുന്നു. രാജ്യസഭയില്‍ ബി.ജെ.പിയുടെ നില മെച്ചപ്പെടുകയും വര്‍ഗീയരാഷ്ട്രീയത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്ന അവസാന ചരട് ഇല്ലാതെയാവുകയും ചെയ്യുമെന്ന ആശങ്ക മാത്രമല്ല ഈ ജിജ്ഞാസയ്ക്കു കാരണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ രാജ്യമിന്ന് അസ്വസ്ഥമാണ്. അവര്‍ താഴെയിറങ്ങുന്ന നല്ല ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജനം. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ഏതൊരു തിരഞ്ഞെടുപ്പും 2019ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്‍സൂചനയായി മാറുമെന്ന തോന്നല്‍ രാജ്യത്ത് പൊതുവേ നിലനില്‍ക്കുന്നുണ്ട്.
ഗുജറാത്തില്‍ നിന്നും ഹിമാചല്‍പ്രദേശില്‍ നിന്നും വന്ന തിരഞ്ഞെടുപ്പുഫലത്തില്‍ ജനങ്ങള്‍ക്ക് ആഹ്ലാദിക്കാനോ ആശങ്കപ്പെടാനോ വകയില്ല. ഗുജറാത്ത് ബി.ജെ.പിക്ക് ആശ്വസിക്കാന്‍ വകനല്‍കിയെങ്കിലും കോണ്‍ഗ്രസ് പാളയത്തിലും അതു നിരാശയുണര്‍ത്തിയില്ല. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുകയും ഹിമാചല്‍പ്രദേശ് പിടിച്ചെടുക്കുകയും ചെയ്ത ബി.ജെ.പിക്ക് വിജയം സാങ്കേതികം മാത്രമായേ അനുഭവിക്കൂ. പ്രധാനമന്ത്രി നരേന്ദ്രമോദി കിണഞ്ഞു പരിശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ സ്വന്തം തട്ടകത്തിലെ വിജയം തിളക്കമുള്ളതാക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ല. 2014നെ അപേക്ഷിച്ച് 11 ശതമാനം വോട്ടിന്റെ കുറവാണ് ബി.ജെ.പിക്ക് ഉണ്ടായിട്ടുള്ളത്. 2012ല്‍ അവര്‍ക്ക് 116 സീറ്റുകളുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് 99 ആയി ചുരുങ്ങി.
കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മിതി കുറഞ്ഞുവരുന്നത് കൃത്യമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല. മതവിരോധവും വെറുപ്പിന്റെ രാഷ്ട്രീയവും ജനങ്ങളിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥയെ തിരഞ്ഞെടുപ്പില്‍ അവര്‍ സംബോധന ചെയ്തില്ല. മോദിസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനത്തിലും ജനവിരുദ്ധ സാമ്പത്തിക പരിഷ്‌കരണങ്ങളിലും അടിസ്ഥാനമാറ്റം വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. താല്‍ക്കാലികമായി ഉയര്‍ന്നുവന്ന ജാതിനേതാക്കള്‍ക്കു സാമന്തന്മാരുടെ സ്ഥാനം നല്‍കി പയറ്റിനിറങ്ങുകയായിരുന്നു കോണ്‍ഗ്രസ്. ബി.ജെ.പിയുടെ അധികാരക്കസേരയ്ക്കു മുന്നില്‍ വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ തിരുത്തേണ്ടിടത്തു തിരുത്താനുള്ള ഒരു സന്ദേശവും നല്‍കാന്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതരശക്തി തയ്യാറായില്ല.
പതിവുപോലെ ഇത്തവണയും രാഹുല്‍ഗാന്ധിയുടെ ഒറ്റയാള്‍ പടയോട്ടമെന്ന പ്രതീതിയായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുണ്ടായിരുന്നത്. നേതൃനിരയിലെ മുഴുവനാളുകളെയും കളത്തിലിറക്കി ജനരാഷ്ട്രീയത്തിന്റെ ആത്മാവിനെയുണര്‍ത്താന്‍ കോണ്‍ഗ്രസ്സിന് ഇനിയൊരിക്കലും കഴിയില്ലായെന്നു തന്നെയാണോ മനസ്സിലാക്കേണ്ടത്? ഹാര്‍ദിക് പട്ടേലും അല്‍പേഷ് ഠാക്കൂറും ജിഗ്‌നേഷ് മേവാനിയുമടങ്ങുന്ന ജാതിനേതൃത്വം ഭിന്നതകള്‍ തല്‍ക്കാലം മാറ്റിവച്ചു കോണ്‍ഗ്രസ്സിനെ പിന്തുണച്ചത് വ്യക്തമായ ഓഹരിവയ്പിനെ തുടര്‍ന്നുതന്നെയായിരുന്നു. എന്തുനേടാമെന്ന വ്യക്തമായ ധാരണയൊന്നുമില്ലെങ്കിലും മുസ്‌ലിംകളും ദലിതുകളും കോണ്‍ഗ്രസ്സിനെ പിന്തുണച്ചു.
പട്ടേലുമാര്‍ക്ക് സംവരണമെന്ന ആവശ്യത്തിനു സമരം നയിച്ചു ജനസമ്മിതി നേടിയ വ്യക്തിയാണ് ഹാര്‍ദിക് പട്ടേലെങ്കില്‍ മറ്റു പിന്നാക്കക്കാരെ അതിനെതിരേ സംഘടിപ്പിച്ചു രംഗത്തുവന്ന വ്യക്തിയാണ് അല്‍പേഷ് ഠാക്കൂര്‍. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും ഈ രണ്ടു സമുദായങ്ങളുടെ ഭാഗത്തുനിന്നും തിക്തമായ അനുഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുമുണ്ട്. എങ്കിലും പരമ്പരാഗതമായ കൈകാര്യവൈഭവത്തിലൂടെ ഇവരെ ഒരുമിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞെങ്കില്‍ അവരെ ഒരുമിച്ചു കൊണ്ടുപോവാനും കഴിയുമെന്നുവേണം കരുതാന്‍. മാടമ്പിസ്വഭാവമുള്ള പ്രാദേശിക സ്വാധീനകേന്ദ്രങ്ങളായ പട്ടേല്‍മാരെയും ഠാക്കൂര്‍മാരെയും കൊടുക്കല്‍ വാങ്ങല്‍ ധാരണയിലൂടെ മാത്രമേ വശത്താക്കാന്‍ കഴിയൂ. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും എന്നുമെന്നപോലെ ആശകളും ആശാഭംഗങ്ങളും ബാക്കിയാവും.
ബി ജെ പി
അധികാരത്തിലെത്താന്‍ മാത്രമല്ല അതു നിലനിര്‍ത്താനും വെറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് ബി.ജെ.പിക്ക് ആയുധം. നുണയും വെറുപ്പും പ്രചരിപ്പിക്കുകയും മതാവേശം കത്തിക്കുകയും ചെയ്തു യു.പി. അവര്‍ പിടിച്ചെടുത്തു. പണമിറക്കിക്കളിച്ച് അരുണാചലും ഗോവയും മണിപ്പൂരും കൈയിലൊതുക്കി. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിലൂടെ തമിഴ്‌നാടിനെ നിയന്ത്രിക്കുന്നു. ഭാഗികമായെങ്കിലും കേരളത്തിലും തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ അവര്‍ക്കു കഴിയുന്നു. കലാപങ്ങളും കൂട്ടക്കൊലകളും ബി.ജെ.പിക്കു നേട്ടം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ കാട്ടാളന്മാരെ അവര്‍ സ്വതന്ത്രരാക്കി വിട്ടു. ആളുകളെ തല്ലിക്കൊന്ന് മരങ്ങളില്‍ കെട്ടിത്തൂക്കി. ജനമധ്യത്തില്‍ മനുഷ്യരെ കെട്ടിയിട്ട് അടിച്ചുകൊന്നു. പോലിസ് നോക്കിനിന്നു. ഇരകള്‍ ചത്തെന്നു ഉറപ്പുവരുത്തി അക്രമികള്‍ പിന്‍വാങ്ങിയാല്‍ പോലിസ് അവരുടെ കര്‍ത്തവ്യം തുടങ്ങുകയായി. കൊല്ലപ്പെട്ടവര്‍ക്കെതിരേ കള്ളക്കഥ ചമച്ചുണ്ടാക്കുക. അവരുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ കള്ളക്കേസ് ഫയല്‍ ചെയ്യുക. ശവശരീരം നീക്കംചെയ്യുക. ഇത്രയൊക്കെയായാല്‍ പോലിസിന്റെ പണിതീര്‍ന്നു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തിരഞ്ഞെടുപ്പു പ്രചാരണം കത്തിനില്‍ക്കുന്ന സമയത്തും ഈ സംഭവങ്ങള്‍ ആവര്‍ത്തിച്ചു. രാജസ്ഥാനില്‍ ലൗവ് ജിഹാദിന്റെ പേരില്‍ ഒരാളെ ജീവനോടെ തീയിലിട്ടു കൊന്നു. ഹരിയാനയില്‍ പശുകടത്തലിന്റെ പേരില്‍ പോലിസ് ഒരാളെ വെടിവച്ചുകൊന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏതായാലും ഇതൊന്നും ബി.ജെ.പിയുടെ നിറംകെടുത്തിയില്ല. ഇത്തരം കാര്യങ്ങള്‍ ഇന്ത്യയിലിന്ന് വര്‍ഗീയ ഗുണ്ടകളുടെയും ഗവണ്‍മെന്റ് ഫോഴ്‌സിന്റെയും മാത്രം മേഖലയാണ്. പൗരന്മാരുടെ ജീവനും സമ്പത്തിനും അഭിമാനത്തിനും നേരെയുള്ള ഈ കടന്നാക്രമണങ്ങള്‍ മൗനികളും നിര്‍വികാരരുമായി നോക്കിനില്‍ക്കുക മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രീയം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇതൊന്നും ഒരു വിഷയമേ അല്ല.
വിരുദ്ധചേരികളുടെ സംഗമപ്രതിഭാസമൊരുക്കുകയായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു സന്നാഹമെങ്കില്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ ലളിതമായിരുന്നു. ശിവസേനയുടെയും മുതിര്‍ന്ന ഒന്നുരണ്ടു ബി.ജെ.പി. നേതാക്കളുടെയും ഭാഗത്തുനിന്നുള്ള സ്ഖലിതങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരുവിധ സങ്കീര്‍ണതയും അവരുടെ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നില്ല. വളരെ ശക്തമായ അധികാരകേന്ദ്രീകരണമാണ് ബി.ജെ.പി. ഉണ്ടാക്കിയെടുത്തിട്ടുള്ളത്. മൂലധനശക്തികളുടെയും ഹിന്ദുത്വസൈനികരുടെയും പിന്‍ബലത്തില്‍ ഏകശിലാരൂപമുള്ള പ്രകടനമാണ് അവര്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നല്ലാത്ത മറ്റൊരു വാക്കോ ലക്ഷ്യമോ സന്ദേശമോ അവര്‍ക്ക് ഉയര്‍ത്താനില്ല.


ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് സ്വന്തമായ വ്യക്തിത്വമോ കാഴ്ചപ്പാടോ ലക്ഷ്യമോ വേണ്ട. നിയോജകമണ്ഡലങ്ങളില്‍ നിരത്തിവച്ച വെറും കരുക്കള്‍ മാത്രമാണ് അവര്‍. കോണ്‍ഗ്രസ്സിലും മറ്റു പാര്‍ട്ടികളിലും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു സ്ഥാനാര്‍ഥിയുടെ സാമ്പത്തികശേഷി പരിഗണനാ വിഷയമാണെങ്കില്‍ പാര്‍ട്ടി അടിത്തറയില്‍ തന്നെ ബി.ജെ.പി. അക്കാര്യത്തില്‍ സ്വയംപര്യാപ്തമാണ്; കോര്‍പറേറ്റുകളെ പാര്‍ട്ടിയുടെ ഭാഗമായി കണക്കാക്കുമ്പോള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തിയ പരിശ്രമങ്ങളോട് പക്വതയുള്ള രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നാട്യത്തിലാണ് അവര്‍ പ്രതികരിച്ചത്.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ വാക്കുകള്‍: ”ജാതീയതയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തോടാണ് ഞങ്ങള്‍ ഏറ്റുമുട്ടിയത്. മുദ്രാവാക്യങ്ങള്‍ മാത്രം പോരാ, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനും വികസനം കൊണ്ടുവരാനുമുള്ള പദ്ധതികളാണ് ആവശ്യം. അതേ നിലനില്‍ക്കൂ. മോദിജിയുടെ വശ്യതയും ബി.ജെ.പിയുടെ ഫലപ്രാപ്തി തേടിയുള്ള രാഷ്ട്രീയവും ഞങ്ങളുടെ സംഘശക്തിയും വിജയത്തിലെത്താന്‍ സഹായിച്ചു.”
ജിഗ്‌നേഷ് മേവാനി
വടക്കന്‍ ഗുജറാത്തിലെ വദ്ഗാം നിയോജകമണ്ഡലത്തില്‍ നിന്നു ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി നേടിയ വിജയം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. ഗോസംരക്ഷകരുടെ ദലിത് പീഡനത്തിനെതിരേ യൂനായില്‍ സമരം നയിച്ച ദലിത് യുവനേതാവാണ് ജിഗ്‌നേഷ് മേവാനി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ ജിഗ്‌നേഷിനെതിരേ പ്രചാരണത്തിനെത്തിയിരുന്നു. അദ്ദേഹത്തെ എസ്.ഡി.പി.ഐ. പിന്തുണച്ചതും എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കാംപയിനിലെത്തിയതും ചെറിയൊരു സംഖ്യ തിരഞ്ഞെടുപ്പു ഫണ്ടിലേക്കു സംഭാവന ചെയ്തതും വന്‍വിവാദമാക്കാന്‍ ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത്ഷാ ശ്രമിക്കാതിരുന്നില്ല. മാധ്യമങ്ങള്‍ ദിവസങ്ങളോളം ഇക്കാര്യം ചര്‍ച്ചചെയ്തു. ഇവരുടെയെല്ലാം മുസ്‌ലിംവിരോധത്തിന്റെയും ഭയത്തിന്റെയും ആഴം ഒരിക്കല്‍കൂടി വെളിപ്പെട്ടുവെന്നല്ലാതെ കുപ്രചാരണങ്ങള്‍ കൊണ്ട് ഒരുനേട്ടവും അവര്‍ക്കുണ്ടായില്ല.
അഹ്മദ് പട്ടേല്‍
ഒരുവേള പരാജയം മുന്നില്‍ക്കണ്ട ബി.ജെ.പി. മാനംകാക്കാന്‍ ഹീനമായ അടവുകളെടുക്കാനും മടി കാണിച്ചില്ല. രാജ്യസഭാ എം.പിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ അഹ്മദ് പട്ടേലിനെയാണ് ഇത്തവണ അവര്‍ ടാര്‍ജറ്റ് ചെയ്തത്. 2014 വരെ അഹ്മദ് പട്ടേല്‍ ട്രസ്റ്റിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആശുപത്രിയിലെ ഒരു ജീവനക്കാരനെ ഐ.എസ്. ബന്ധം ആരോപിച്ചു കെണിയില്‍ കുടുക്കി അതുവഴി അഹ്മദ് പട്ടേലിനുമേല്‍ ഭീകരബന്ധം ആരോപിക്കുകയായിരുന്നു ബി.ജെ.പി. മുഖ്യമന്ത്രി വിജയ് രൂപാണി ഇതിനുവേണ്ടി അസാധാരണ പത്രസമ്മേളനം വിളിക്കുകയും രാജ്യസഭയില്‍നിന്നു പട്ടേലിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. ബാരൂച് ജില്ലയിലെ അങ്കലേശ്വര്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ വെറുമൊരു ട്രസ്റ്റ് അംഗം മാത്രമായിരുന്നു അഹ്മദ് പട്ടേല്‍. മൂന്നു വര്‍ഷം മുമ്പ് അദ്ദേഹം ആ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. ആരോപണത്തെ കോണ്‍ഗ്രസ് രൂക്ഷമായി നേരിട്ടു. രാഷ്ട്രീയക്കാര്‍ പത്രസമ്മേളനം നടത്തി സ്ഥാപിക്കുകയല്ല, ഭീകരബന്ധം എന്‍.ഐ.എ. അന്വേഷിക്കുകയാണ് വേണ്ടതെന്നു പറഞ്ഞ് ആരോപണം പട്ടേല്‍ തള്ളിക്കളഞ്ഞു.
പാകിസ്താന്‍
നിലതെറ്റുമെന്നു തോന്നിയ സന്ദര്‍ഭം വന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്ന ആരോപണമുന്നയിക്കാനും ബി.ജെ.പി. മടികാണിച്ചില്ല. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ ഡല്‍ഹിയിലെ വീട്ടില്‍ നടന്ന ഒരു സല്‍ക്കാരം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇത്തവണ രംഗത്തുവന്നു. ചില പാകിസ്താനീ ഒഫീഷ്യല്‍സും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കമുള്ള ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും ഈ വിരുന്നില്‍ പങ്കെടുത്തിരുന്നു.
ഒരു തിരഞ്ഞെടുപ്പു റാലിയില്‍ നരേന്ദ്രമോദി വികാരഭരിതനായി പറഞ്ഞു: ”ഞാന്‍ ചോദിക്കുകയാണ് സഹോദരന്മാരെ സഹോദരിമാരെ. അവരെന്തിനാണ് പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി കൂടിച്ചേരല്‍ നടത്തുന്നത്? പാകിസ്താന്‍ നമ്മുടെ ശത്രുക്കളാണ് എന്നിരിക്കെ? ഒരു ദിവസം നിങ്ങള്‍ പാകിസ്താന്‍കാരുമായി ഒരുമിച്ചിരിക്കുന്നു. പിറ്റേ ദിവസം എന്നെ നീചനെന്നു വിളിക്കുന്നു.” വികാരാവേശത്തോടെ നരേന്ദ്രമോദി പറഞ്ഞു: ”നിങ്ങള്‍ പാകിസ്താനിലാണ്. ഞങ്ങള്‍ ഈ രാജ്യത്തിന്റെ കാര്യങ്ങളില്‍ വ്യാപൃതരുമാണ്.”
ജാതിയില്‍ താണവനെന്ന അര്‍ഥത്തിലല്ല, സ്വഭാവത്തില്‍ ക്രൂരനെന്ന അര്‍ഥത്തിലാണ് നരേന്ദ്രമോദിയെ താന്‍ നീചനെന്നു വിളിച്ചതെന്നു മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരേ നടപടിയെടുത്തു. അതിനു വേറെയും കാരണങ്ങളുണ്ടാവാം. പാകിസ്താനും വെറുതെയിരുന്നില്ല. ഇന്ത്യ രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചെങ്കിലും കുട്ടികളെ ശാസിക്കുന്ന ശൈലിയുണ്ടായിരുന്നു പാകിസ്താന്‍ വിദേശകാര്യ വക്താവിന്റെ ട്വിറ്റര്‍ സന്ദേശത്തിന്. ”സാങ്കല്‍പ്പിക ഗൂഢാലോചനാ കഥകളില്‍ അഭിരമിക്കാതെ അധ്വാനിച്ചു നേടിയ ശക്തികൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടൂ. ഉത്തരവാദിത്തബോധമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് പാകിസ്താനെ നിങ്ങളുടെ തിരഞ്ഞെടുപ്പിലേക്കു വലിച്ചിഴക്കേണ്ട.”
ഹിമാചല്‍പ്രദേശ്
ബി ജെ പിയും കോണ്‍ഗ്രസ്സും മാറിമാറി അധികാരത്തിലെത്താറുള്ള ഹിമാചല്‍പ്രദേശ് ഇത്തവണ ബി.ജെ.പിയെ തുണച്ചു. വീരഭദ്ര സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചു തിരഞ്ഞെടുപ്പു കാംപയിന്‍ നയിച്ച ബി.ജെ.പിക്കു ലക്ഷ്യം നേടാനായി. അതോടെ, മൊത്തം 19 സംസ്ഥാനങ്ങളില്‍ തങ്ങളുടെ കാലുകളുറപ്പിക്കാന്‍ അവര്‍ക്കു സാധ്യമായിരിക്കുന്നു.
സി പി എം
ഒരു സീറ്റില്‍ സി.പി.എമ്മിനു വിജയിക്കാനായത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നതായി മാറി ഹിമാചല്‍പ്രദേശില്‍. തിയോഗ് മണ്ഡലത്തില്‍ നിന്നു രാകേഷ് സിന്‍ഹ ജയിച്ചതില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പ് കേരളത്തില്‍ ചികില്‍സയ്ക്കു വന്ന വീരഭദ്ര സിങ് ഈ പിന്തുണയെക്കുറിച്ചു പറഞ്ഞിരുന്നു. കേരളത്തിലെ സി.പി.എമ്മുകാര്‍ക്ക് അതു സമ്മതിക്കാന്‍ മടികാണും.
ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം വിലയിരുത്തി സംസാരിച്ച സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബി.ജെ.പിക്കെതിരേയുള്ള ജനവികാരമാണ് തിരഞ്ഞെടുപ്പുഫലത്തില്‍ കാണാന്‍ കഴിഞ്ഞതെന്നു പ്രതികരിച്ചു. ബദല്‍രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചുനിന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ തറപറ്റിക്കാമെന്നും സി.പി.എം. നേതാവ് ചൂണ്ടിക്കാട്ടി. 33 ശതമാനം മാത്രം വോട്ടുവാങ്ങി 2014ല്‍ ബി.ജെ.പി. മൂന്നില്‍രണ്ടു വിജയത്തോടെ ലോക്‌സഭ പിടിച്ചെടുത്തിട്ടും സി.പി.എമ്മിന് ഇതു മനസ്സിലായിരുന്നില്ലേ? സീതാറാം യെച്ചൂരിക്കു മനസ്സിലായി. പക്ഷേ, പാര്‍ട്ടിനേതൃത്വത്തിനു മനസ്സിലാവാന്‍ പ്രയാസമാണ്. വിശിഷ്യാ, പ്രകാശ് കാരാട്ട് അടക്കമുള്ള കേരളാ ലോബിക്ക്.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍
ഗുജറാത്ത് ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പുകള്‍ വിജയകരമായി പൂര്‍ത്തിയായ സ്ഥിതിക്ക് വോട്ടിങ് മെഷീനുകളെ കുറ്റംപറയുന്ന സ്വഭാവം അവസാനിപ്പിക്കണമെന്നു മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോഴിങ്ങനെ ഒരു വെളിപാടുണ്ടാവാന്‍ എന്താണാവോ കാരണം? മെഷീനിലമര്‍ത്തുന്ന വോട്ടുകളെല്ലാം ബി.ജെ.പിക്കു പോയ സമയത്തും തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുതന്നെയല്ലേ പറഞ്ഞിരുന്നത്?
ഗുജറാത്ത് മുഴുവന്‍ ബി.ജെ.പിക്ക് എതിരായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികളില്‍ സദസ്സില്‍ കാണാന്‍ കഴിഞ്ഞത് ഒഴിഞ്ഞ കസേരകള്‍ മാത്രമായിരുന്നിട്ടും ബി.ജെ.പി. ജയിച്ച പശ്ചാത്തലത്തില്‍ വോട്ടിങ് മെഷീനുകള്‍ വീണ്ടും ചര്‍ച്ചയാവുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുകള്‍ക്കു തൊട്ടുമുമ്പ് ഉത്തര്‍പ്രദേശില്‍ നടന്ന നഗരസഭാ തിരഞ്ഞെടുപ്പുകളില്‍ ക്രമക്കേട് വ്യക്തമായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോളിങ് സമയത്ത് കണ്ട പ്രശ്‌നങ്ങളെല്ലാം സാങ്കേതികത്തകരാറെന്നു പറഞ്ഞ് അട്ടിമറിസാധ്യത ഇലക്ഷന്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞു. ഫലം വന്നപ്പോള്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ചിടങ്ങളിലെല്ലാം ബി.ജെ.പി. ജയിച്ചു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടത്തു മറ്റു പാര്‍ട്ടികളും. ഇ.വി.എമ്മുകളില്‍ ഇന്നുവരെ കണ്ട എല്ലാ സാങ്കേതികത്തകരാറുകളും ബി.ജെ.പിക്ക് അനുകൂലമായിരുന്നു എന്നതാണ് പ്രത്യേകത.
ബി.ജെ.പിയുടെ വിജയം വോട്ടിങ് മെഷീന്‍ തട്ടിപ്പിലൂടെ നേടിയതാണെന്നു ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു. സൂറത്ത്, രാജ്‌കോട്ട്, അഹ്മദാബാദ് എന്നിവിടങ്ങളില്‍ വ്യാപകമായ അട്ടിമറി നടന്നതായി അദ്ദേഹം പറയുന്നു.
ഭാവി
ജനപിന്തുണ ഇല്ലെങ്കിലും കോര്‍പറേറ്റ്-ഹിന്ദുത്വസൈനിക പിന്തുണയോടെ വന്‍ശക്തിയായി മാറിയിരിക്കുകയാണ് ബി.ജെ.പി. ഹിന്ദുത്വം അവരുടെ സംസ്‌കാരവും ആചാരവും ജീവിതശൈലിയും മതവുമെല്ലാമായിരിക്കെ ഒരുനൂറ്റാണ്ടോളം കാത്തിരുന്നു കിട്ടിയ അധികാരം പെട്ടെന്നൊന്നും കൈവിടാന്‍ അവര്‍ തയ്യാറാവില്ല. ജനാധിപത്യത്തേക്കാള്‍ അവര്‍ക്കു വലുത് സ്വന്തം സംസ്‌കാരം തന്നെയായിരിക്കും. അധികാരത്തില്‍ നിലനില്‍ക്കുന്നതിന് എന്തുവഴിയും അവര്‍ സ്വീകരിച്ചുകൂടായ്കയില്ല.
നമ്മുടെ മുന്നില്‍ ഇപ്പോഴൊരു ചോദ്യം അവശേഷിക്കുന്നു. അങ്ങനെയൊരു സ്ഥിതിവിശേഷം നേരിടാനുള്ള കെല്‍പ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടോ? കുടുംബനേതൃത്വത്തിനും കിടമല്‍സരങ്ങള്‍ക്കും അഴിമതിക്കും അടവുരാഷ്ട്രീയത്തിനും ജാതീയതയ്ക്കും വര്‍ഗീയതയ്ക്കുമിടയില്‍ ദിശാബോധം നഷ്ടപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയത്തിനു രാജ്യത്തിനുമേല്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മുതലാളിത്ത-സാമ്രാജ്യത്വ-ഫാഷിസ്റ്റ് കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ കഴിയണമെങ്കില്‍ കാര്യമായ അഴിച്ചുപണി നടന്നേ തീരൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss