|    Mar 26 Sun, 2017 11:14 am
FLASH NEWS

ഗുജറാത്ത് കലാപത്തിന്റെ കഥ പറയുന്ന പര്‍സാനിയ

Published : 6th June 2016 | Posted By: sdq

ramadan700

റന്നിട്ടില്ലല്ലോ പര്‍സാനിയ? 2002ലെ ഗുജറാത്ത് വംശഹത്യയെ ആസ്പദമാക്കി രാഹുല്‍ ധൊലാക്കിയ ഒരുക്കിയ സിനിമയാണ് ‘പര്‍സാനിയ’. ഈ ചിത്രം മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു. 14 വര്‍ഷത്തിനു ശേഷം കുപ്രസിദ്ധമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെ കണ്ടെത്തിയുള്ള കോടതിവിധി പുറത്തുവന്ന സാഹചര്യത്തില്‍ ഈ സിനിമയെ കുറിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും.
സിനിമയുടെ മുഴുവന്‍ പേര് Parzania (Heaven & Hell On Earth) എന്നാണ്. ഭൂമിയിലെ സ്വര്‍ഗം ഭൂമിയിലെ നരകമാവുന്ന കാഴ്ച. ഇത് ഒരു സാങ്കല്‍പിക കഥയല്ല. ലോകത്തിന് ഗുജറാത്ത് കലാപത്തിന്റെ ഭീകരത വെളിപ്പെടുത്തിക്കൊടുത്ത ചിത്രമാണിത്. അതുകൊണ്ടു തന്നെയാണ് ‘പര്‍സാനിയ’ എന്ന ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അവിടുത്തെ തിയ്യറ്റര്‍ ഉടമകള്‍ വിസമ്മതിച്ചത്. കാരണം കലാപത്തിനു കൂട്ടുനിന്ന സര്‍ക്കാറിനെ നയിച്ച നരേന്ദ്ര മോദിയായിരുന്നു അന്നു ഗുജറാത്ത് മുഖ്യമന്ത്രി. ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ ഭീഷണി മുഴക്കി. സര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കുക സ്വാഭാവികം. കൂട്ടക്കൊല നടക്കുമ്പോഴും പോലിസ് ഒത്താശ ചെയ്യുകയായിരുന്നല്ലോ! സെന്‍സര്‍ ബോര്‍ഡ് യെസ് പറഞ്ഞിട്ടും പര്‍സാനിയ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാനായില്ലെന്നത് കൗതുകകരമാണ്!

Parzania
ആയിരക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കിയ വംശഹത്യയ്‌ക്കെതിരായ കലാപരമായ പ്രതിഷേധങ്ങള്‍ തന്റെ വ്യാജമായ പ്രതിച്ഛായാ നിര്‍മിതിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഹീനനായ ഭീകരനെയും സ്വേച്ഛാധിപതിയെയും വെളിച്ചത്തുകൊണ്ടുവരുമെന്ന് മോഡി ഭയന്നു. ദൃശ്യകലാ രൂപങ്ങളെ ഏകാധിപതികള്‍ ഭയക്കുക സ്വാഭാവികം. ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രിയായ ഗീബല്‍സ് ഒരിക്കല്‍ അന്നത്തെ പ്രശസ്ത സംവിധായകന്‍ ഫ്രിറ്റ്‌സ് ലാങ്ങിനെ ഓഫിസിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു: തന്റെ The Testament of Dr. Mabuse എന്ന സിനിമ നിരോധിച്ചിരിക്കുന്നു. പക്ഷേ, തനിക്ക് പണിയറിയാം. ഒരു കാര്യം ചെയ്യൂ, ജര്‍മന്‍ ചലച്ചിത്ര സ്റ്റുഡിയോയുടെ തലവനാകൂ’. ഒന്നും പറയാതെ അവിടെ നിന്നിറങ്ങിയ ലാങ് അന്ന് വൈകീട്ട് പാരീസിലേക്ക് സ്ഥലംവിട്ടു. സിനിമകളെടുത്ത് കലാകാരനായി അവിടെ ജീവിച്ചു.
2002 ഫെബ്രുവരി 28നായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല. കോണ്‍ഗ്രസ്സ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജിഫ്രി ഉള്‍പ്പെടെ 69 മനുഷ്യരെയാണ് ഹിന്ദുത്വ ഭീകരരുടെ ആള്‍ക്കൂട്ടം ജീവനോടെ തീയിട്ട് കൊന്നത്. ഇതേ കലാപവേളയില്‍ ഗുജറാത്തിലെ നരോദപാട്യയില്‍ ബജ്രംഗ്ദളിന്റെ കൂട്ടക്കശാപ്പിനിരയായത് 97 പേരാണ്. 5,000 പേരടങ്ങുന്ന അക്രമിസംഘമാണ് കൂട്ടബലാല്‍സംഗവും കവര്‍ച്ചയും നടത്തിയ ശേഷം കൊല നടത്തിയത്.


ഗുജറാത്ത് വംശഹത്യക്കിടെ സ്വന്തം മകന്‍ അകലങ്ങളിലേക്ക് മറഞ്ഞുപോകുന്നത് നിസ്സഹായയായി നോക്കിനില്‍ക്കേണ്ടി വന്ന ഒരു മാതാവിന്റെ കഥയാണ് പര്‍സാനിയ. ഗുജറാത്ത് കലാപത്തില്‍ അക്രമികള്‍ ചുട്ടുകൊന്ന ഇഹ്‌സാന്‍ ജിഫ്രി എം.പിയുടെ വീട്ടില്‍ ഒളിച്ചിരുന്ന ദാരാ മിനു മോദി- രൂപാ മോദി ദമ്പതികളുടെ മകനായ അസ്ഹര്‍ മോദിയെ ആ കലാപത്തില്‍ കാണാതായതാണ്. മകനു വേണ്ടിയുള്ള അവരുടെ കാത്തിരിപ്പ് ഇന്നും തുടരുന്നു. ആ വിങ്ങലിന്റെയും കാത്തിരിപ്പിന്റെയും അന്വേഷണത്തിന്റെയും ചലച്ചിത്രാവിഷ്‌കാരമാണ് ‘പര്‍സാനിയ’. സിനിമ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എങ്ങനെ കഴിയും?
പര്‍സാനിയയുടെ കഥ

Parzania 2
അഹമ്മദാബാദിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലെ സിനിമാതിയറ്റര്‍ നടത്തിപ്പുകാരനായ സൈറസിന്റെ (നസറുദ്ദീന്‍ ഷാ) കുടുംബവും അവരുടെ പരിചയക്കാരടങ്ങുന്ന ഒരു സമൂഹവും ഒരു വംശഹത്യയുടെ ക്രൂരതകളിലൂടെ കടന്നുപോകുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. സൈറസിന്റെ മകനായ പര്‍സാന്റെ സ്വപ്‌നസ്വര്‍ഗമാണ് പര്‍സാനിയ. പര്‍സാനിയയെക്കുറിച്ച് അവന്‍ വിവരിക്കുന്നത് ചോക്കലേറ്റു കൊണ്ടുള്ള കെട്ടിടങ്ങളും ഐസ്‌ക്രീം കൊണ്ടുള്ള മലകളുമുള്ള ക്രിക്കറ്റിന് സര്‍വപ്രാധാന്യവുമുള്ള ഇടമെന്നാണ്. ഒരു ശരാശരി ഇന്ത്യാക്കാരന്റെ സ്വപ്‌നം. പര്‍സാന്‍ തന്റെ സ്വര്‍ഗം വിവരിക്കുന്നതിനു ശേഷം വരുന്ന സീനില്‍ നാം കാണുന്നത് പരിഷത്തിന്റെ പ്രവര്‍ത്തകര്‍ തെരുവിലുടനീളം മോഡിയുടെ ചിത്രം പതിയ്ക്കുന്നതും കാവിക്കൊടികള്‍ സ്ഥാപിക്കുന്നതുമാണ്.
സൈറസിന്റെ കുടുംബത്തിന്റെ മധ്യവര്‍ഗ സ്വപ്‌നങ്ങളും അവരുടെ ഉല്ലാസങ്ങളും ഗാന്ധി ഭക്തനായ വൃദ്ധനും ഗാന്ധിയെക്കുറിച്ചു പഠിക്കാന്‍ വന്ന മദ്യപാനിയായ അലന്‍ എന്ന വിദേശി യുവാവും കള്ളവാറ്റുകാരനായ സമീപവാസിയുമെല്ലാമടങ്ങുന്ന ഒരു ഗുജറാത്തി സമൂഹമാണ് സിനിമയുടെ ആദ്യഭാഗത്ത്. ഇന്ത്യയില്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. അതിനു മുഖ്യ കാരണം ഗുജറാത്ത് ഗാന്ധിജിയുടെ നാടാണെന്നതല്ല, മറിച്ച് സംസ്ഥാനം ഭരിക്കുന്ന പരിഷത്തിന്റെ ഐഡിയോളജി മദ്യപാനം അംഗീകരിക്കുന്നില്ല എന്നതാണ്. ഹിറ്റ്‌ലറുടെ നാസികളടക്കം ചരിത്രത്തിലെ അപകടകരമായ എല്ലാ തത്വശാസ്ത്രങ്ങളും സദാചാരപോലിസുകാരായിരുന്നു എന്നത് ചരിത്രത്തിന്റെ ഐറണിയാവാം. മദ്യപിച്ച് മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറാനൊരുങ്ങുന്ന അലനെ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ മൃഗീയമായി ആക്രമിക്കുന്നത് നാം കാണുന്നുണ്ട്.


ഗോധ്രയില്‍ തീവണ്ടിക്ക് തീ പിടിച്ച സംഭവത്തോടെ സ്ഥിതിഗതികളാകെ മാറുന്നു. ഗോധ്രയിലെ തീ ഗുജറാത്തിലുടനീളം പടരുന്നു. സംഭരിച്ചുവച്ചിരുന്ന ആയുധങ്ങളുമായി ഹിന്ദുത്വവാദികള്‍ മറ്റു മതസ്ഥരെ കൊല ചെയ്യുന്നത് പിന്നീടുള്ള രംഗങ്ങളില്‍ ചിത്രം ഡോക്യുമെന്റ് ചെയ്യുന്നു. മുസ്ലിംകളല്ലെങ്കിലും സൈറസിന്റെ കുടുംബവും ഒഴിവാക്കപ്പെടുന്നില്ല. അയല്‍വാസികളായ ഹിന്ദുക്കളും അവര്‍ക്കു മുന്നില്‍ വാതിലടയ്ക്കുന്നു. ഒരാഴ്ചയോളം നീണ്ടുനിന്ന ഭീകരസംഭവങ്ങള്‍ക്കു ശേഷം സ്ഥിതിഗതികള്‍ ശാന്തമാകുമ്പോള്‍ സൈറസ് തന്റെ ഭാര്യയെയും മകളെയും കണ്ടെത്തുന്നു. അയല്‍വാസിയായ ഒരു ഹൈന്ദവബാലന്റെ സഹായത്തോടെയാണ് സൈറസിന്റെ ഭാര്യയും മകളും കലാപകാരികളില്‍ നിന്നു രക്ഷപ്പെടുന്നത്.
എന്നാല്‍ പര്‍സാനെ പിന്നീട് കാണുന്നില്ല. സൈറസിന്റെ പിന്നീടുള്ള യാത്രകള്‍ പര്‍സാനെ അന്വേഷിച്ചുള്ളതാണ്. ഈ യാത്രയിലാകട്ടെ അഹമ്മദാബാദിലും പരിസര പ്രദേശങ്ങളിലുമെല്ലാം മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നത് നാം കാണുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും അഴിമതിയും ഈ കൂട്ടക്കൊലയില്‍ അവര്‍ക്കുള്ള പങ്കും പ്രത്യക്ഷമായി ചിത്രം സൂചിപ്പിക്കുന്നുണ്ട്. കലാപകാരികളെ വിചാരണ ചെയ്യുന്ന ഒരു കോടതി രംഗത്തിലാണ് ചിത്രം അവസാനിക്കുന്നത്. സാക്ഷികള്‍ പലരും വിലയ്‌ക്കെടുക്കപ്പെടുന്നു. എന്നാല്‍ സധൈര്യം സത്യത്തിന്റെ ഭാഗത്തു നില്‍ക്കാന്‍ പലരും തയ്യാറാവുന്നുമുണ്ട്. കലാപത്തിനിടയില്‍ കാണാതായ 12 വയസ്സുകാരന്‍ അസ്ഹറിനെക്കുറിച്ച് അറിവു ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ഒരു ഗുജറാത്തി പാഴ്‌സി കുടുംബം നമ്മോടഭ്യര്‍ഥിക്കുന്നുണ്ട്. ഈ അസ്ഹറാണ് സിനിമയിലെ പര്‍സാന്‍.

വേറെയും കാഴ്ചകള്‍!

parzania_film_shot_20070219
പര്‍സാനിയ പോലെ ഹിന്ദുത്വ സംഘടനകളുടെ ഭീഷണി നേരിട്ട ചിത്രമാണ് അപര്‍ണ സെന്‍ സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍’ (Mr. and Mrs. Iyer). അതിലും ജനക്കൂട്ടമെന്ന പേരില്‍ ഫാഷിസ്റ്റുകള്‍ അഴിഞ്ഞാടുകയാണ്. നന്ദിതദാസ് സംവിധായികയായി രംഗപ്രവേശം ചെയ്ത ‘ഫിറാഖും’ ഗുജറാത്ത് കലാപം ആധാരമാക്കിയുള്ള ചിത്രമാണ്.
ബോംബെ കലാപത്തെ (ഉപരിപ്ലവമായി) കച്ചവടവത്ക്കരിച്ച മണിരത്‌നത്തിന്റെ ‘ബോംബെ’ പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നിപ്പിച്ചു കൊണ്ട് ഹിന്ദുത്വ അജണ്ടയെ ഒളിച്ച് കടത്തിയ ചിത്രമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കശ്മീരിലെ തീവ്രവാദത്തെ മസാലവത്കരിച്ച ‘റോജ’യും അതിവിദഗ്ദമായി ഹൈന്ദവ ഫാഷിസത്തിന്റെ വിഷംചീറ്റുന്ന സിനിമയായിരുന്നു.
2005ലെ മികച്ച സംവിധായകനും മികച്ച നടിക്കുമുള്ള ദേശീയ അവാര്‍ഡ് ‘പര്‍സാനിയ’ നേടുകയുണ്ടായി, എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനം കോടതി സ്‌റ്റേ ചെയ്യുക വരെയുണ്ടായി. ഈ വര്‍ഷമാണ് നീണ്ട നിയമയുദ്ധത്തിനു ശേഷം പര്‍സാനിയക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി ലഭിച്ചതും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതും. ഗുജറാത്ത് കലാപത്തെ ഏറ്റവും സത്യസന്ധമായി സമീപിച്ച ഈ ചിത്രം ഇനിയും ഗുജറാത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നത് ഓര്‍ക്കണം.
പര്‍സാനിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തിലെ മുറിപാടുകളെ മൂടിവയ്ക്കാനാണ് നാം ഇന്നോളം പരിശ്രമിച്ചത്. അതിനാല്‍ തന്നെ കാലാകാലങ്ങളില്‍ കലാപങ്ങള്‍ ആവര്‍ത്തിക്കുകയുണ്ടായി. ഗുജറാത്ത് നാം നമ്മുടെ സജീവ ചര്‍ച്ചയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. ഇതും നാം മറക്കുകയാണെങ്കില്‍ ഇനിയും ഗുജറാത്തുകള്‍ ആവര്‍ത്തിക്കപ്പെടും.

(Visited 6,735 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക