|    Jan 19 Thu, 2017 10:51 pm
FLASH NEWS

ഗുജറാത്ത് ഇന്ത്യയില്‍ അല്ലേയെന്ന്  കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി

Published : 2nd February 2016 | Posted By: SMR

ന്യൂഡല്‍ഹി: വരള്‍ച്ച ബാധിച്ച സ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ് തുടങ്ങി സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിയമങ്ങളും പദ്ധതികളും നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ ഏല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പാര്‍ലമെന്റ് പാസാക്കിയ 2013ലെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ കാണിക്കുന്ന അലംഭാവത്തെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ തങ്ങള്‍ തീരുമാനം എടുത്തിട്ടില്ലെന്ന തരത്തിലുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ വാദത്തെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേയെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് ചോദിച്ചു. പ്രസ്തുത നിയമം ഇന്ത്യ മുഴുവന്‍ ബാധകമാണെന്ന് പറയുന്നു. എന്നാല്‍ ഗുജറാത്ത് ഇത് നടപ്പാക്കുന്നില്ല. നാളെ ആര്‍ക്കെങ്കിലും വന്ന് തങ്ങള്‍ സിആര്‍പിസി, ഐപിസി, തുടങ്ങിയവ നടപ്പാക്കുന്നില്ലെന്നും പറയാന്‍ സാധിക്കും, കോടതി പറഞ്ഞു.
വരള്‍ച്ചയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്‌കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി എന്നിവ നടപ്പാക്കുന്നതില്‍ വരുത്തിയ വീഴ്ചകളും കോടതിയുടെ വിമര്‍ശനത്തിന് വിധേയമായി. മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന സംഘടനയായ സ്വരാജ് അഭിയാന്‍ സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്. സ്വരാജ് അഭിയാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചു കൊണ്ട് രാജ്യത്ത് വരള്‍ച്ച ബാധിച്ച 11 സംസ്ഥാനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ അതത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഏതാണ്ട് രാജ്യത്തിന്റെ 39 ശതമാനത്തോളം പ്രദേശങ്ങളെ ബാധിച്ച വരള്‍ച്ചയെ നേരിടുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് പരാതിയില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു.
വന്‍ തോതില്‍ കൃഷി നാശവും ജലക്ഷാമവും പോഷകാഹാരക്കുറവും പട്ടിണിയും കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഹരിയാന, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വരള്‍ച്ചയുമായി ബന്ധപ്പെട്ടാണ് അഭിയാന്‍ ഹരജി സമര്‍പ്പിച്ചത്. ഈ പ്രദേശങ്ങളില്‍ ഒരോ വ്യക്തിക്കും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് എല്ലാ മാസവും അഞ്ച് കിലോ ധാന്യം വിതരണം നല്‍കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഹരജി ആവശ്യപ്പെടുന്നു.
കൂടാതെ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും ഉച്ചഭക്ഷണ പദ്ധതിയനുസരിച്ച് മുട്ടയും പാലും നല്‍കേണ്ടതുണ്ടെന്നും ആവശ്യപ്പെടുന്ന ഹരജി, കൃഷിനാശം നേരിടേണ്ടി വന്ന കര്‍ഷകര്‍ക്ക് ആവശ്യത്തിന് നഷ്ടപരിഹാരവും സബ്‌സിഡിയും നല്‍കാനും ആവശ്യപ്പെട്ടിരുന്നു.വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം പത്തിന് മുമ്പായി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ഇന്നലെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹരജിയില്‍ വാദം കേള്‍ക്കുന്നത് 12ന് തുടരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക