|    Jan 20 Fri, 2017 9:19 am
FLASH NEWS

ഗുജറാത്ത്: അര ലക്ഷം ദലിതുകള്‍ ബുദ്ധമതത്തിലേക്ക്

Published : 20th August 2016 | Posted By: SMR

അഹ്മദാബാദ്: ഗോഹത്യയുടെ പേരിലുണ്ടായ ദലിത് വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരേ ഉനയില്‍ നടന്ന ഐതിഹാസിക സംഗമത്തിനു പിന്നാലെ കൂട്ടമതപരിവര്‍ത്തന പദ്ധതിയുമായി ദലിത് സംഘടനയായ ഗുജറാത്ത് ദലിത് സംഘതന്‍. അംബേദ്കറുടെ പാത പിന്‍പറ്റി കൂട്ടമതം മാറ്റത്തിനാണ് പദ്ധതി തയ്യാറാക്കിയത്.
ഇതിനായി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന അഞ്ചു റാലികളിലൂടെ 50,000 പേരെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനാണ് സംഘടന ഒരുങ്ങുന്നത്. രാജ്‌കോട്ട്, അഹ്മദാബാദ്, വഡോദര, പലന്‍പൂര്‍ നഗരങ്ങളില്‍ നടക്കുന്ന റാലികളുടെ തിയ്യതികള്‍ നിശ്ചയിച്ചിട്ടില്ല.
11,000 ദലിതര്‍ ബുദ്ധമതത്തിലേക്ക് മാറുന്ന മറ്റൊരു ചടങ്ങ് ഒക്ടോബര്‍ 14ന് അമ്‌റേലി ജില്ലയിലെ ദലിത് സംഘടനയുടെ നേതൃത്വത്തില്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത്രയും കാലം താന്‍ ഹിന്ദുമത ആചാരങ്ങളാണ് പിന്തുടര്‍ന്നതെങ്കിലും വിവേചനം മാത്രമാണ് താനുള്‍പ്പെടെയുള്ള ദലിത് സമൂഹത്തിന് പകരം ലഭിച്ചതെന്ന് ബുദ്ധമതം സ്വീകരിക്കാന്‍ തയ്യാറായ ചലാല ഗ്രാമത്തിലെ രമേഷ് ഭായ് റാത്തോഡ് വ്യക്തമാക്കുന്നു.
ചത്ത പശുക്കളുടെ തൊലി ഉരിയല്‍ ജോലിയായി സ്വീകരിച്ചിരുന്ന റാത്തോഡ് ജൂലൈ 11ലെ ഉന ആക്രമണത്തിനു ശേഷം ആ ജോലി ഉപേക്ഷിച്ചിരിക്കുകയാണ്. അമ്‌റേലി ദലിതുകാര്‍ മാസങ്ങളായി ബുദ്ധമതം സ്വീകരിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും റാത്തോഡ് പറയുന്നു. സൗരാഷ്ട്ര മേഖലയിലെ ദലിതരും ബുദ്ധമതം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ജുനഗദ് ജില്ലയിലെ ദലിതരും ബുദ്ധമത പ്രവേശനത്തിന് ആവേശത്തോടെ കാത്തിരിക്കുകയാണ.് 2013ല്‍ സൗരാഷ്ട്ര ദലിത് സംഘതന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഒരു ലക്ഷത്തോളം ദലിതര്‍ ബുദ്ധമതം സ്വീകരിച്ചിരുന്നു. അതിന്റെ ഓര്‍മ ഓര്‍ത്തെടുക്കുകയാണ് പലരും.
2013ല്‍ ബുദ്ധമതം സ്വീകരിക്കാനുള്ള ബുദ്ധി തനിക്കുണ്ടായിരുന്നില്ലെന്നു ബുദ്ധമതം സ്വീകരിക്കാനൊരുങ്ങുന്ന നരേന്ദ്ര മകാദിയ എന്ന 30കാരന്‍ പറഞ്ഞു. ഇത്തവണ അതിനുള്ള അവസരം പാഴാക്കില്ല. കൃഷിസ്ഥലത്ത് എനിക്ക് മറ്റുള്ളവരേക്കാള്‍(ദലിതര്‍ അല്ലാത്തവര്‍) കുറഞ്ഞ കൂലിയേ ലഭിക്കുന്നുള്ളൂ. മര്യാദയില്ലാതെയാണ് ദലിത് സ്ത്രീകളോട് മേല്‍ജാതിക്കാര്‍ സംസാരിക്കാറുള്ളത്. ഇപ്പോള്‍ ദലിത് മുന്നേറ്റം ആരംഭിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.
1992 മുതല്‍ അംബേദ്കറുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ജുനഗദിലെ ദലിതര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളത്. തങ്ങളുടെ ആവശ്യങ്ങള്‍ 30 ദിവസത്തിനകം അംഗീകരിച്ചില്ലെങ്കില്‍ ബുദ്ധമതം സ്വീകരിക്കുമെന്നാണ് മഹാദലിത് റാലിയില്‍ പങ്കെടുത്ത അമിബെന്‍ ചാരോയയുടെ മുന്നറിയിപ്പ്.
ദലിതര്‍ക്ക് മേലുള്ള ഗോരക്ഷകരുടെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ രണ്ടു വര്‍ഷവും നടന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് കാലങ്ങളായി ചെയ്തുവന്ന ജോലി ഉപേക്ഷിച്ചത്. ഇനി മതവും ഉപേക്ഷിക്കും- ചാരോയ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക