|    Jul 23 Mon, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗുജറാത്തും മധ്യപ്രദേശും ബിജെപിയെ കൈവിടും : ആര്‍എസ്എസ് സര്‍വേ

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുജറാത്തിലും മധ്യപ്രദേശിലും അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിക്കു കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ആര്‍എസ്എസിന്റെ രഹസ്യ സര്‍വേ. 230 അംഗ മധ്യപ്രദേശ് അസംബ്ലിയില്‍ 120 ഓളം സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് സര്‍വേ ഫലം കാണിക്കുന്നത്. 182 അംഗ ഗുജറാത്ത് അസംബ്ലിയില്‍ 60 സീറ്റ് മാത്രമേ ബിജെപിക്കു ലഭിക്കൂവെന്നും സര്‍വേ പറയുന്നു. ഗുജറാത്തില്‍ ഈ വര്‍ഷം അവസാനവും മധ്യപ്രദേശി ല്‍ അടുത്തവര്‍ഷവും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്എസ് വോളന്റിയര്‍മാര്‍ നടത്തിയ സര്‍വേ ഫലം വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് പുറത്തുവിട്ടത്. രണ്ടു സംസ്ഥാനങ്ങളിലും പിന്നാക്ക, കര്‍ഷക വിഭാഗങ്ങളില്‍ നിന്ന് ബിജെപിക്ക് വന്‍ വോട്ട് ചോര്‍ച്ചയുണ്ടാവും. സ ര്‍വേ റിപോര്‍ട്ട് ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൈമാറിയതായും വാര്‍ത്തയുണ്ട്. ഗുജറാത്തിലെ സാമ്പത്തിക- സാമൂഹിക വിഷയങ്ങളാവും ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദലിത് ഉയിര്‍ത്തെഴുന്നേല്‍പ്പ്, സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍, ഒബിസി വിഭാഗങ്ങളുടെ പ്രക്ഷോഭം എന്നിവയാണു ഗുജറാത്തില്‍ ഫലം നിര്‍ണയിക്കുക. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് ബാങ്കായ കുന്‍ബി പട്ടേല്‍ സമുദായങ്ങള്‍ പാര്‍ട്ടിയുമായി അകന്നിട്ടുണ്ട്. പട്ടേല്‍ സമുദായം സംവരണത്തിനായി നടത്തിയ പ്രക്ഷോഭത്തിനു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ 14 പേര്‍ മരിച്ചിരുന്നു. സംസ്ഥാന ജനസംഖ്യയിലെ 12 ശതമാനത്തിലേറെയുള്ള പട്ടേല്‍ സമുദായവും ഏഴു ശതമാനമുള്ള ദലിതുകളും എട്ടര ശതമാനം വരുന്ന മുസ്‌ലിം വോട്ടുകളും ബിജെപിയെ കൈവിടുമെന്നാണ് റിപോര്‍ട്ട്. 18 ശതമാനമാണ് സംസ്ഥാനത്തെ ആദിവാസി ജനസംഖ്യ. കഴിഞ്ഞവര്‍ഷം ഉനയില്‍ ദലിത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ആര്‍എസ്എസ് നടത്തിയ സര്‍വേയിലും ഗുജറാത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ പരാജയപ്പെടുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്തെ വ്യവസായികളും വ്യാപാരികളും അമര്‍ഷത്തിലാണ്. കൂടാതെ മുന്‍മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെയും മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും ക്രമക്കേടുകളും ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫലത്തെ സാരമായി ബാധിക്കും. മധ്യപ്രദേശില്‍ ബിജെപി പരമാവധി 60 സീറ്റിലൊതുങ്ങുമെന്നാണ് സര്‍വേ പ്രവചിച്ചിരിക്കുന്നത്. ഇവിടെ ബിജെപിയുടെ വോട്ട് ബാങ്കില്‍ എട്ടു മുതല്‍ 10 ശതമാനം വരെ ഇടിവുണ്ടാവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ട് വിഹിതവും 143 സീറ്റുകളുമാണ് മധ്യപ്രദേശില്‍ ബിജെപിക്കു ലഭിച്ചത്. കര്‍ഷകാത്മഹത്യയാണ് മധ്യപ്രദേശി ല്‍ ബിജെപിക്കു തിരിച്ചടിയാവുന്ന പ്രധാന ഘടകം. 50 ഓളം കര്‍ഷകരാണ് അടുത്തിടെ സംസ്ഥാനത്തു ജീവനൊടുക്കിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു മധ്യപ്രദേശില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക പ്രക്ഷോഭം വെടിവയ്പില്‍ കലാശിച്ചിരുന്നു. വെടിവയ്പില്‍ ആറു കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ഇതു കേന്ദ്രസര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss