|    Oct 21 Sat, 2017 7:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്തില്‍ 200ഓളം പേര്‍ മതം മാറി; 300ല്‍പരം ദലിതര്‍ ബുദ്ധമതം സ്വീകരിച്ചു

Published : 13th October 2016 | Posted By: SMR

അഹ്മദാബാദ്: വിജയദശമി ദിനത്തില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി ബുദ്ധസംഘടനകള്‍ സംഘടിപ്പിച്ച വ്യത്യസ്ഥ ചടങ്ങുകളില്‍ 300ല്‍പരം ദലിതര്‍ ബുദ്ധമതം സ്വീകരിച്ചു. ഗുജറാത്തിലെ മൂന്നിടങ്ങളിലായി നടന്ന ചടങ്ങുകളില്‍ 200ഓളം ദലിതര്‍ ബുദ്ധമതം സ്വീകരിച്ചു. നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ 90 പേരാണ് ബുദ്ധമതം സ്വീകരിച്ചത്.
ഉനയില്‍ ദലിതര്‍ക്കു നേരെയുണ്ടായ ആക്രമണമാണ് തങ്ങളെ മതപരിവര്‍ത്തനത്തിലേക്ക് നയിച്ചതെന്ന് ഭൂരിപക്ഷം പേരും വ്യക്തമാക്കി. കഴിഞ്ഞ ആറുമാസമായി മതപരിവര്‍ത്തനത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഉന സംഭവം അതിനു നിമിത്തമായെന്ന് അഹ്മദാബാദിലെ ന്യൂ നരോദയില്‍നിന്നു ബുദ്ധമതം സ്വീകരിച്ച 26കാരനായ സംഗീത പാര്‍മര്‍ പറഞ്ഞു. ഗാന്ധി നഗറിലെ കലോളിലും അഹ്മദാബാദിലെ ദാനിലിംദയിലും സുരേന്ദ്ര നഗറിലെ വദ്‌വാന്‍ നഗരത്തിലുമാണ് മതപരിവര്‍ത്തനച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കരോളില്‍ ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയും ദാനിലിംദയില്‍ ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമിയുമാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചതെങ്കില്‍ വദ്‌വാനില്‍ സ്വകാര്യ ബുദ്ധവിഹാരമാണ് മതപരിവര്‍ത്തന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
അന്ധവിശ്വാസം, ഹിന്ദുമതത്തിലെ ജാതി അടിസ്ഥാനത്തിലുള്ള അസമത്വം, അംബേദ്കറുടെ സ്വാധീനം തുടങ്ങി വിവിധ കാരണങ്ങളാണ് ഹിന്ദുമതം വിടാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നു ബുദ്ധമതം സ്വീകരിച്ചവര്‍ വ്യക്തമാക്കുന്നു. ദാനിലിംദ മേഖലയില്‍ നടന്ന ചടങ്ങില്‍ 125 പേരാണ് ബുദ്ധമതം സ്വീകരിച്ചത്. അഖില ഭാരതീയ ബുദ്ധമഹാസംഘം സെക്രട്ടറിയാണ് ഇവര്‍ക്ക് ദീക്ഷ നല്‍കി മതപരിവര്‍ത്തനം നടത്തിയത്. ദീക്ഷ അനുവദിക്കുന്നതിനു മുമ്പ് നിരവധി തവണ ആരുടെയെങ്കിലും പ്രലോഭനത്തിലാണോ അതോ ഭീഷണിപ്പെടുത്തിയാണോ മതപരിവര്‍ത്തനത്തിന് തയ്യാറാവുന്നതെന്ന് ബുദ്ധമഹാസംഘം സെക്രട്ടറി ആവര്‍ത്തിച്ച് ചോദിച്ചു. എന്നാല്‍, വിവേചനത്തെ തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് ബുദ്ധമതം സ്വീകരിക്കുന്നതെന്ന് ഇവര്‍ പ്രതികരിച്ചു. വദ്‌വാനില്‍ നടന്ന ചടങ്ങില്‍ 61 പേരും സുരേന്ദ്രനഗര്‍ മേഖലയില്‍ നടന്ന ചടങ്ങില്‍ 11 പേരും ബുദ്ധമതം സ്വീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക