|    Oct 22 Mon, 2018 11:23 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുജറാത്തില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു; ആനന്ദിബെന്‍ രാജിവച്ചു

Published : 2nd August 2016 | Posted By: SMR

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിനെതിരായ ദലിത് പ്രക്ഷോഭം ശക്തിയാര്‍ജിക്കവെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു. ഗവര്‍ണര്‍ ഓംപ്രകാശ് കൊഹ്‌ലിക്ക് രാജിക്കത്ത് കൈമാറിയ അവര്‍, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന നടപടികള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും സംസ്ഥാന അധ്യക്ഷന്‍ വിജയ് രുപാനിക്കും കത്ത് നല്‍കി.
പാര്‍ട്ടി നിശ്ചയിച്ച വിരമിക്കല്‍പ്രായമായ 75 വയസ്സ് തികയാന്‍ നവംബര്‍ 21 ആവണമെങ്കിലും ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിപദം ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന് നേതാക്കളെ രേഖാമൂലം അറിയിച്ചതിനു തൊട്ടുപിന്നാലെ ആനന്ദിബെന്‍ രാജിക്കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
2014ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോഴാണ് ആനന്ദിബെന്‍ പട്ടേല്‍ പകരം ചുമതലയേറ്റത്. ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു അവര്‍. രാജിക്കത്ത് പാര്‍ലമെന്ററി ബോര്‍ഡിന് സമര്‍പ്പിക്കുമെന്നും ബോര്‍ഡ് തീരുമാനമെടുക്കുമെന്നും അമിത്ഷാ പറഞ്ഞു.
2017ല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പു നടക്കും. അതിനു മുന്നോടിയായി അടുത്ത ജനുവരിയില്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയും. പുതിയ മുഖ്യമന്ത്രിക്ക് ഇതിനുവേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ സമയം വേണമെന്നതിനാലാണ് ഇപ്പോള്‍ തന്നെ രാജിവയ്ക്കുന്നത്. 75 വയസ്സ് തികയുന്നവരെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന പാര്‍ട്ടി നയവും സ്ഥാനമൊഴിയണമെന്ന് നേരത്തേ ആവശ്യപ്പെട്ട കാര്യവും ആനന്ദിബെന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആരോഗ്യമന്ത്രി നിതിന്‍ഭായ് പട്ടേല്‍ അടുത്ത മുഖ്യമന്ത്രിയാവാനാണു സാധ്യത. ആനന്ദിബെന്‍ പട്ടേലിന് ഗവര്‍ണര്‍പദവി നല്‍കുമെന്നും റിപോര്‍ട്ടുകളുണ്ട്.
സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ സമുദായങ്ങളുടെ പ്രക്ഷോഭം മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകരുകയാണെന്നും പാര്‍ട്ടിനേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ആനന്ദിബെന്നിന്റെ രാജി. ഗുജറാത്തില്‍ ബിജെപിയുടെ വോട്ടുബാങ്കായ പട്ടേല്‍ സമുദായം പാര്‍ട്ടിക്കെതിരായത് കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വരെ കോണ്‍ഗ്രസ് ജയിക്കുന്ന സാഹചര്യമുണ്ടായി. അതിനിടെയാണ് പശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ച് ഗോരക്ഷാസമിതി പ്രവര്‍ത്തകര്‍ നാലു ദലിത് യുവാക്കളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ദലിതര്‍ സര്‍ക്കാരിനെതിരേ തിരിഞ്ഞത്. സ്വാതന്ത്ര്യദിനത്തില്‍ ദലിതര്‍ സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ബിജെപി ഭരണത്തില്‍ സമാധാനമില്ലെന്ന പ്രചാരണമുണ്ടായതും പാര്‍ട്ടിക്ക് തിരിച്ചടിയായി.
ബിജെപിയെയും കോണ്‍ഗ്രസ്സിനെയും പിന്തള്ളി ഭരണം പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമം ശക്തമാക്കുമ്പോഴാണ് ആനന്ദിബെന്‍ പട്ടേലിന്റെ രാജി. ബിജെപിയുടെ തകര്‍ച്ച തടയാനാണ് മുഖ്യമന്ത്രി രാജിവയ്ക്കുന്നതെന്ന് എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss