|    Nov 20 Mon, 2017 12:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്തില്‍ വോട്ടെടുപ്പ് ഇന്ന്

Published : 8th August 2017 | Posted By: fsq

 

അഹ്മദാബാദ്/ ആനന്ദ്: ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുജറാത്തില്‍ തിരിച്ചെത്തി. ഇവരെ ആനന്ദ് ജില്ലയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയി. ഗുജറാത്തില്‍ ഇന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹ്മദ് പട്ടേല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. ബിജെപിയിലേക്ക് കൂറുമാറുമെന്ന ഭയം മൂലമാണ് 44 കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരു റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ വരെ ആനന്ദ് ജില്ലയിലെ നിജാനന്ദ് റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ താമസിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കുടുംബാംഗങ്ങളെ റിസോര്‍ട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വോട്ട് ചെയ്യുന്നതിനായി എംഎല്‍എമാരെ ഇന്നു രാവിലെ ഗാന്ധിനഗറിലേക്ക് കൊണ്ടുപോകുമെന്നും ദോഷി പറഞ്ഞു. അഹ്മദ് പട്ടേലും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത്‌സിങ് സോളങ്കിയും എംഎല്‍എമാരെ കാണാന്‍ റിസോര്‍ട്ടിലെത്തുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സൈലേഷ് പാര്‍മര്‍ പറഞ്ഞു. എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ പോലിസ് സുരക്ഷ സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ പോലിസ് സംരക്ഷണം നിരാകരിച്ചെങ്കിലും റിസോര്‍ട്ടിനു പുറത്ത് ആനന്ദ് പോലിസ് സുരക്ഷാഭടന്‍മാരെ വിന്യസിച്ചിട്ടുണ്ട്. റിസോര്‍ട്ടില്‍ അനധികൃതമായി കടക്കുന്നവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ തടയുമെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് സൗരഭ് സിങ് പറഞ്ഞു. ബനസ്‌കാന്ത ജില്ലയില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാര്‍ ആക്രമിച്ചതിന്റെ വെളിച്ചത്തില്‍ പോലിസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഇന്ദ്രവിജയ് സിങ് ഗോഹില്‍ പറഞ്ഞു. എംഎല്‍എമാരെ കാക്കുന്നതിന് എന്‍എസ്‌യുഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിസോര്‍ട്ടിനു പുറത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മൂന്നു രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. അഹ്മദ് പട്ടേല്‍, ബിജെപി നേതാക്കളായ അമിത്ഷാ, സ്മൃതി ഇറാനി, ബല്‍വന്ത് സിങ് രാജ്പുത് എന്നിവരാണ് മല്‍സരരംഗത്ത്. മുന്‍ കോണ്‍ഗ്രസ് ചീഫ്‌വിപ്പായ രാജ്പുത് ഈയിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ശങ്കര്‍സിങ് വഗേല പാര്‍ട്ടിയില്‍ നിന്നു രാജിവച്ചതിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ്സിന്റെ ആറ് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന്റെ എംഎല്‍എമാരുടെ എണ്ണം 57ല്‍ നിന്ന് 51 ആയി ചുരുങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക