|    Nov 25 Sat, 2017 1:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുജറാത്തില്‍ രാഹുലിനു നേരെ ആക്രമണം

Published : 5th August 2017 | Posted By: fsq

 

അഹ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കു നേരെ ഗുജറാത്തില്‍ ആക്രമണം. വെള്ളപ്പൊക്കബാധിത പ്രദേശമായ ഗുജറാത്തിലെ ധനേരയിലാണ് രാഹുല്‍ സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് ഒരുസംഘം ആളുകള്‍ കാറിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ കാറിന്റെ ഒരുവശത്തെ ചില്ലുകള്‍ തകര്‍ന്നു. സിമന്റ് കട്ടകള്‍കൊണ്ടാണ് എറിഞ്ഞത്. അക്രമികള്‍ രാഹുലിനു നേരെ കരിങ്കൊടി വീശി. പരിപാടി പൂര്‍ണമാക്കാന്‍ സംഘം അദ്ദേഹത്തെ അനുവദിച്ചില്ല. ബൈനസക്കന്താ ജില്ലയിലെ പ്രളയം ബാധിച്ച വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് അദ്ദേഹം ഗുജറാത്തിലെത്തിയത്. ആക്രമണത്തെ തുടര്‍ന്ന് രാഹുല്‍ അടുത്ത പ്രദേശമായ റൂണി ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ കണ്ട് താന്‍ തളരില്ലെന്ന് റുണിയില്‍ അദ്ദേഹം പറഞ്ഞു. ധനേരയില്‍ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ആദ്യം കരിങ്കൊടി വീശിയത്. പ്രസംഗിക്കുന്നതിനിടെ ഒരുസംഘം ആളുകള്‍ മോദി മോദി എന്നു വിളിച്ചു പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു. കരിങ്കൊടി വീശിയായിരുന്നു മോദി വിളി. പ്രസംഗിച്ചുകൊണ്ടിരുന്ന രാഹുലിനെ മുദ്രാവാക്യം വിളി പ്രയാസപ്പെടുത്തി. വന്നത് നിങ്ങളെ കാണാനാണ്; വെള്ളപ്പൊക്കത്തില്‍ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട നിങ്ങളോടൊപ്പം ചേരാനാണ്. കേന്ദ്രത്തിലോ സംസ്ഥാനത്തോ തങ്ങളുടെ പാര്‍ട്ടിക്കു ഭരണമില്ല. അതുകൊണ്ടുതന്നെ നിങ്ങളോടൊപ്പം നില്‍ക്കാനാണ് ഇവിടെയെത്തിയത്- രാഹുല്‍ പറഞ്ഞു. അക്രമത്തെ കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി വിമര്‍ശിച്ചു. ബിജെപി ഗുണ്ടകളുടെ ഭീരുത്വമാണ് പ്രകടമായതെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ സഞ്ചരിച്ച വാഹനത്തിന് അകമ്പടി പോയ കാറുകള്‍ ആക്രമിച്ചതായും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, രാഹുലിന്റെ സന്ദര്‍ശനം ഫോട്ടോ പ്രചാരണം ലക്ഷ്യമിട്ടായിരുന്നുവെന്ന് ബിജെപി പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക