|    Jul 21 Sat, 2018 4:01 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഗുജറാത്തിലെ വിജയം ഒരു തുടക്കമാവട്ടെ

Published : 10th August 2017 | Posted By: fsq

 

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി അധികാരത്തില്‍ കയറിയ ബിജെപി അധികാരം ഏതൊക്കെ വിധത്തിലാണ് ദുര്‍വിനിയോഗം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യം വിശദ വിസ്താരം ആവശ്യമില്ലാത്തവിധം ജനങ്ങളുടെ ജീവിതാനുഭവങ്ങളായി മുമ്പിലുണ്ട്. ജനസംഖ്യയുടെ പാതിയിലധികം കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു ജനതയുടെ പട്ടിണിയോ രാജ്യത്തെ തൊഴിലില്ലായ്മയുടെ ആഴമോ അവശ്യസാധനങ്ങളുടെ വിലക്കയറ്റമോ രാജ്യത്തെ കോടാനുകോടി ജനങ്ങള്‍ അനുഭവിക്കുന്ന നിരക്ഷരതയോ പരിഹരിക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ചും ബിജെപിയോ പ്രധാനമന്ത്രി മോദിയോ സംസാരിച്ചതായി അറിവില്ല. പകരം മതത്തിന്റെ ഏറ്റവും സങ്കുചിതവും വൈകാരികവുമായ തലങ്ങളില്‍ ജനങ്ങളെ ബന്ദികളാക്കി നിര്‍ത്തി മൂന്നു വര്‍ഷത്തോളമായി ഇവര്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കടന്നുകയറുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തു നടന്ന ഓരോ സംഭവവികാസവും ഏകകക്ഷി ഭരണത്തിനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്ന സംശയം ഉളവാക്കുന്നുണ്ട്. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും മോശമായ കബളിപ്പിക്കലാണ് നോട്ട് റദ്ദാക്കിയ നടപടിയില്‍ തെളിഞ്ഞത്. തെരുവുഗുണ്ടകളെപ്പോലെ മീശ പിരിച്ചും മസിലു കാട്ടിയും അധികാരം വാഴാമെന്നു കരുതിയ ഈ രാഷ്ട്രീയ ആഭാസത്തിന്റെ കൈക്കു കടന്നുപിടിക്കാന്‍ ഇന്ത്യയിലെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും അറച്ചുനിന്നതാണ് യഥാര്‍ഥത്തില്‍ ഹിന്ദുത്വര്‍ക്കു വളമായത്. ഈ നിസ്സഹായാവസ്ഥ യാദൃച്ഛികമാണെന്നു പറയാന്‍ കഴിയില്ല. ഇടതു പ്രസ്ഥാനങ്ങള്‍ അടക്കം ഇന്ത്യയിലെ മതേതര ചേരി കാണിച്ച ആത്മവിശ്വാസമില്ലായ്മയുടെ ശമ്പളമാണ് അവരും രാജ്യവും ഇപ്പോള്‍ പറ്റിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 70 വര്‍ഷത്തില്‍ 54 വര്‍ഷവും അധികാരം കൈയാളിയ കോണ്‍ഗ്രസ്സിന് ഈ അപകടത്തെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ കഴിയാതിരുന്നത് വെറുതെയല്ല. അധികാരത്തിലിരുന്ന് ദുര്‍മേദസ്സു കയറിയ ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ പോലും രാജ്യത്തിനു വേണ്ടി ഏതെങ്കിലുമൊരു തീക്ഷ്ണ സന്ദര്‍ഭത്തെ അഭിമുഖീകരിച്ചവരല്ല. അതുകൊണ്ടുതന്നെ ഒരു മുഴം മുമ്പേ എറിയുന്ന ബിജെപി നേതൃത്വത്തിന്റെ ചടുലനീക്കങ്ങളാല്‍ സ്വന്തം കൈപ്പിടിയിലിരുന്ന ഗോവയും മണിപ്പൂരും കൈവിട്ടുപോകുന്നത് കണ്ണീരണിഞ്ഞു നോക്കിനില്‍ക്കാനേ കോണ്‍ഗ്രസ്സിനു കഴിഞ്ഞുള്ളൂ. സമയാസമയം ഇടപെട്ടിരുന്നുവെങ്കില്‍ ഈ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമല്ല, മറ്റിടങ്ങളിലും ഹിന്ദുത്വ രാഷ്ട്രീയം തോറ്റമ്പുമായിരുന്നു. ഇപ്പോള്‍ ഗുജറാത്തില്‍ സ്വന്തം കൈകാലുകള്‍ ഒന്നിളക്കിനോക്കാന്‍ കോണ്‍ഗ്രസ് തയ്യാറായതിന്റെ ഫലമാണ് അഹ്മദ് പട്ടേലിന്റെ വിജയം. ബിജെപി എതിരാളിയില്ലാത്ത ഗോള്‍വലയത്തിലേക്ക് ഗോളടിച്ചാണ് വീരസ്യം ചമയുന്നതെന്നു തിരിച്ചറിയാന്‍ ഈ ഗുജറാത്ത് അനുഭവം എല്ലാവര്‍ക്കും പാഠമാണ്. ബിജെപി അധ്യക്ഷന്‍ കോടികള്‍ വീശി വാങ്ങിയ വോട്ടുകള്‍ നിഷ്ഫലമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ശ്രമം ഒരു നല്ല തുടക്കമാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഒന്നൊത്തുപിടിച്ചാല്‍ കടപുഴക്കാവുന്നതാണ് ഹിന്ദുത്വ വര്‍ഗീയതയെന്നു ബോധ്യപ്പെടുത്തുന്നതാണ് ഗുജറാത്തിലെ ഈ സംഭവങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss