|    Oct 24 Wed, 2018 6:38 am
FLASH NEWS
Home   >  Editpage  >  Article  >  

ഗുജറാത്തിലെ ബിജെപി തന്ത്രങ്ങള്‍

Published : 1st February 2018 | Posted By: kasim kzm

പി  എ  എം  ഹാരിസ്

രണ്ടു ദശകത്തിലേറെയായി അധികാരത്തിലുള്ള ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഈസി വാക്കോവറാണ് ബിജെപി പ്രതീക്ഷിച്ചത്. ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ വിശേഷിച്ചും. ഇഷ്ടാനുസാരം വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്താന്‍ പ്രധാനമന്ത്രിക്ക് സഹായകമാവുംവിധം തിരഞ്ഞെടുപ്പു കമ്മീഷനും ഉദാരമായിരുന്നു. ഫലപ്രഖ്യാപന തിയ്യതി പ്രഖ്യാപിച്ച കമ്മീഷന്‍ വോട്ടെടുപ്പു തിയ്യതി പ്രഖ്യാപിക്കാന്‍ വൈകിച്ചു. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഏതാണ്ട് കൃത്യമായി വന്നത് ഹിന്ദു ദിനപത്രത്തിനു വേണ്ടി ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) ഗവേഷണ വിഭാഗം ലോക്‌നീതി നടത്തിയ സര്‍വേ ഫലങ്ങളാണ്. ഒക്ടോബര്‍ അവസാനവും നവംബര്‍ അവസാനവുമായിരുന്നു രണ്ടു സര്‍വേകള്‍. ഈ സര്‍വേകളുടെ അടിസ്ഥാനത്തില്‍ ഫലം വിലയിരുത്തി സിഎസ്ഡിഎസ് ഡയറക്ടറായ പ്രഫ. സഞ്ജയ് കുമാറും സിഎസ്ഡിഎസ് ലോക്‌നീതി റിസര്‍ച്ച് അസോഷ്യേറ്റ് ശ്രേയസ് സര്‍ദേശായിയും തയ്യാറാക്കിയ അവലോകനം ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. കാംപയിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച ശൈലികളും തന്ത്രങ്ങളും ഇടപെടലുകളും പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നതായി അവലോകനം വ്യക്തമാക്കുന്നു. കടുത്ത മല്‍സരമാണ് നടക്കുന്നതെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. ആദ്യ സര്‍വേയില്‍ വോട്ടു വിഹിതം ഒപ്പത്തിനൊപ്പമായിരുന്നു. പക്ഷേ, ആ പ്രവണത വോട്ടെടുപ്പ് വരെ നിലനിന്നില്ല. അവസാന ഘട്ടത്തിലുണ്ടായ നീക്കങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ടിങില്‍ പ്രതിഫലിച്ചു. ഓരോ അഞ്ചു വോട്ടര്‍മാരിലും രണ്ടു പേര്‍ അഥവാ 43 ശതമാനം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അന്തിമ തീരുമാനമെടുക്കുന്നത് പ്രചാരണത്തിന്റ അവസാന രണ്ട് ആഴ്ചകളിലാണെന്ന് അവര്‍ പറയുന്നു. ഇത്തരക്കാരില്‍ പകുതിയിലേറെ പേര്‍ അഥവാ 53 ശതമാനം ബിജെപിക്ക് വോട്ട് നല്‍കിയപ്പോള്‍ 38 ശതമാനം മാത്രമേ കോണ്‍ഗ്രസ്സിനു ലഭിച്ചുള്ളൂ. വൈകി തീരുമാനമെടുത്തവരില്‍ ബഹുഭൂരിപക്ഷവും വോട്ടെടുപ്പുനാളിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ മാത്രമാണ് തീരുമാനമെടുത്തത്. നവംബര്‍ അവസാന വാരത്തിലാണ് ലോക്‌നീതിയുടെ അവസാന സര്‍വേ നടന്നത്. ഡിസംബര്‍ 9നും 14നുമായിരുന്നു വോട്ടെടുപ്പ്. ഇതിനിടയ്ക്കുള്ള കാലയളവില്‍ സ്ഥിരം വോട്ടര്‍മാരല്ലെങ്കിലും കോണ്‍ഗ്രസ്സിന് വോട്ട് നല്‍കുമായിരുന്നവരുടെ മനസ്സ് മാറ്റുംവിധം എന്താണ് സംഭവിച്ചത്? ഈ ചോദ്യത്തിനുള്ള ഉത്തരം ബിജെപി സ്വീകരിച്ച തിരഞ്ഞെടുപ്പു തന്ത്രമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലും ഇതേ തന്ത്രമാണ് പയറ്റുകയെന്നത് ഉറപ്പാണ്. അതിനാല്‍ തന്നെ ഗൗരവപൂര്‍വമായ വിശകലനം ഇത് അര്‍ഹിക്കുന്നു. ഭരണഘടന മാറ്റുമെന്ന് കേന്ദ്രമന്ത്രി എ കെ ഹെഗ്‌ഡെയുടെ പ്രഖ്യാപനവും മല്‍സരം ശ്രീരാമനും അല്ലാഹുവും തമ്മിലാണെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയും വിരല്‍ ചൂണ്ടുന്നത് അതുതന്നെ. അവസാനവട്ട കാംപയിനു ഗുജറാത്തിലെത്തുമ്പോള്‍ നരേന്ദ്ര മോദി മുന്നില്‍ കണ്ടത് പരാജയത്തിന്റെ വക്കില്‍ നില്‍ക്കുന്ന ബിജെപിയെയാണ്. തുടര്‍ന്ന് സമൂഹത്തെ വിഭജിക്കുന്ന തരത്തില്‍ വിവാദപരമായ പ്രചാരണമാണ് മോദി സ്വീകരിച്ചത്. ഈ തന്ത്രമാണ് ഒരു വിഭാഗം വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമാക്കിയതെന്ന് പഠനം എടുത്തുപറയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ബിജെപി ഭയത്തോടെ കണ്ടത് രണ്ടു കാര്യങ്ങളാണ്: ഒന്ന്, പട്ടിദാര്‍ വിഭാഗത്തിന്റെ അസംതൃപ്തി. രണ്ട്, പട്ടേല്‍ യുവാക്കളെയും ദലിത്, ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) നേതാക്കളെയും ഒപ്പം നിര്‍ത്തി മഴവില്‍ സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമം. ഇതിനിടയിലാണ് മോദി അരങ്ങിലെത്തിയത്. വോട്ടെടുപ്പിനു മുമ്പ് നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവായി 72 ശതമാനം പേര്‍ പിന്തുണച്ചത് മോദിയെയായിരുന്നു. ഈ ജനപിന്തുണ മോദി നന്നായി ഉപയോഗപ്പെടുത്തി. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 11 വരെ 30 തിരഞ്ഞെടുപ്പു റാലികളില്‍ മോദി സംസാരിച്ചു. തുടക്കത്തില്‍ വികസനത്തില്‍ ഊന്നിയ പ്രചാരണം ഡിസംബര്‍ 5നു ശേഷം തീര്‍ത്തും വര്‍ഗീയമായി. ഗുജറാത്ത് മുഖ്യമന്ത്രി ആരാവണമെന്നതില്‍ പാകിസ്താന്‍ താല്‍പര്യമെടുക്കുന്നു, അഹ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം, നിങ്ങള്‍ക്ക്് മന്ദിര്‍ വേണോ മസ്ജിദ് വേണോ എന്നു തുടങ്ങി, അധികം അറിയപ്പെടാത്ത യുവപ്രഭാഷകന്‍ സല്‍മാന്‍ നിസാമിയുടെ പ്രസംഗത്തിന്റെ ഉദ്ധരണി വരെ മോദിയുടെ അമ്പുകളായി. ഗുജറാത്തിലെ ഹൈന്ദവ സമൂഹത്തില്‍ വര്‍ഗീയത ത്രസിപ്പിക്കാന്‍ ആവശ്യമായ ചേരുവകളൊന്നും പ്രധാനമന്ത്രി വിട്ടുപോയില്ല. വോട്ടെടുപ്പിനു മുമ്പ് നവംബര്‍ അവസാനമായിരുന്നു ലോക്‌നീതി സര്‍വേ. ഹിന്ദു വോട്ടര്‍മാരില്‍ ഏതാണ്ട് 45 ശതമാനം മാത്രമേ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നായിരുന്നു ഈ സര്‍വേയില്‍ കണ്ടത്. എന്നാല്‍, 52 ശതമാനം ഹൈന്ദവര്‍ ഭരണകക്ഷിയായ ബിജെപിക്കു തന്നെ വോട്ട് നല്‍കി. 2012ല്‍ ബിജെപിക്ക് ലഭിച്ച ഹിന്ദു പിന്തുണയില്‍ മൂന്നു ശതമാനം കൂടുതലാണിത്. ഒപ്പം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മുസ്‌ലിം വോട്ടുകളും ബിജെപിക്ക് വര്‍ധിച്ചതായി അവലോകനത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രി കളിച്ച ഹിന്ദു കാര്‍ഡ് വിജയം കണ്ടു. ഹിന്ദു സമൂഹത്തിലെ ജാതിവിഭാഗങ്ങളെയെല്ലാം ചേര്‍ത്തുനിര്‍ത്തിയുള്ള മോദിയുടെ പ്രചാരണം ബിജെപിയുടെ കോട്ട ഏതാണ്ട് സുരക്ഷിതമാക്കി. പട്ടിദാര്‍, ക്ഷത്രിയ, ദലിത്, ആദിവാസി തുടങ്ങി ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗങ്ങളും കോണ്‍ഗ്രസ്സുമായി അകല്‍ച്ചയിലാണെന്ന് വോട്ടെടുപ്പിനു മുമ്പും ശേഷവും നടത്തിയ സര്‍വേകളില്‍ വ്യക്തമായിരുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. സത്യത്തില്‍ ഹിന്ദു കാര്‍ഡ് കളിച്ചത് ബിജെപി മാത്രമായിരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. പരോക്ഷമായി കോണ്‍ഗ്രസ്സും അതേ ലൈനിലായിരുന്നു. ഒരുവശത്ത് മുസ്‌ലിം വോട്ടര്‍മാരുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഉയര്‍ത്താതിരിക്കാന്‍ പാര്‍ട്ടിയുടെ പ്രചാരണം നയിച്ച രാഹുല്‍ ഗാന്ധി പരമാവധി ശ്രദ്ധിച്ചു. അതേസമയം, ഗുജറാത്തിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രസന്ദര്‍ശനങ്ങളിലൂടെ ഭൂരിപക്ഷ സമുദായ വികാരം അനുകൂലമാക്കുന്നതിനും പ്രാധാന്യം നല്‍കി. അതേസമയം, ജിഗ്‌നേഷ് മേവാനി സ്വീകരിച്ച സമീപനം ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇവിടെയാണ്. മേവാനിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് എസ്ഡിപിഐ നല്‍കിയ ചെറിയ സംഭാവന വിവാദമാക്കാന്‍ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ വാര്‍ത്താസമ്മേളനം നടത്തി. ബിജെപി അനുകൂല ചാനലുകള്‍ ബ്രേക്കിങും എക്‌സ്‌ക്ലൂസീവുമായി വാര്‍ത്ത നല്‍കി. പക്ഷേ, മുഖത്തടിച്ച മറുപടി നല്‍കി മേവാനി ദലിത്-മുസ്‌ലിം-പിന്നാക്ക ഐക്യത്തിന്റെ പുതിയ മുഖമായി. ഗുജറാത്തിലെ ഹിന്ദുക്കളെ സ്വാധീനിക്കാനായിരുന്നു കോണ്‍ഗ്രസ്സും ബിജെപിയും മല്‍സരിച്ചത്. ഹൈന്ദവ സ്വത്വം തെളിയിക്കുന്നതിനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളേക്കാള്‍ മോദിയുടെ ആക്രമണങ്ങളാണ് ജനങ്ങളെ ആകര്‍ഷിച്ചത്. മോദിയുടെ കാംപയിനിലെ വര്‍ഗീയ അംശം പോലെത്തന്നെ സ്വന്തം ബഹുസ്വര പൈതൃകം തിരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കു വേണ്ടി കൈവിടുന്ന കോണ്‍ഗ്രസ് സമീപനവും ചര്‍ച്ചയാവേണ്ടതുണ്ടെന്ന് സഞ്ജയ് കുമാറും ശ്രേയസ് സര്‍ദേശായിയും അഭിപ്രായപ്പെടുന്നു. അവസാന ഘട്ടത്തില്‍ വോട്ടര്‍മാരില്‍ ചിലരുടെയെങ്കിലും മാറ്റത്തിന് ഗുജറാത്ത് മാധ്യമങ്ങളില്‍ ഒരു വിഭാഗവും മനഃപൂര്‍വമല്ലെങ്കിലും പങ്കുവഹിച്ചിരിക്കാമെന്ന് അവര്‍ എടുത്തുപറയുന്നു. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വിവാദമായ ‘നീച’ പ്രയോഗം ഉദാഹരണം. തന്നെക്കുറിച്ച് താഴ്ന്ന വിഭാഗത്തില്‍ പെടുന്ന വ്യക്തിയെന്ന് അയ്യര്‍ പറഞ്ഞതായി ഒരു റാലിയിലെ പ്രഭാഷണത്തില്‍ മോദി വ്യാജ ആരോപണം ഉന്നയിച്ചു. മോദിയെക്കുറിച്ച് നീച് (തരം താഴ്ന്ന) എന്നാണ് അയ്യര്‍  പ്രയോഗിച്ചത്. അത് മേമ്പോടി ചേര്‍ത്ത് ‘താഴ്ന്ന ജാതി’യെന്നാക്കി. തുടര്‍ച്ചയായി രണ്ടു ദശകക്കാലത്തെ തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം വോട്ടര്‍മാരുടെ വിശ്വാസവും അംഗീകാരവും നേടിയുള്ള വിജയം വലിയ കാര്യമാണ്. എന്നാല്‍, പാര്‍ട്ടിയുടെ പ്രകടനം അടിസ്ഥാനമാക്കിയാണോ വിജയം നേടിയത്, അതല്ല വ്യാജപ്രചാരണവും ഭീതി ജനിപ്പിച്ചും സമൂഹത്തെ ഭിന്നിപ്പിച്ചുമാണോ എന്ന ചോദ്യം നാം ഉയര്‍ത്തേണ്ടതുണ്ട്. തീര്‍ത്തും അസുഖകരമായ ചോദ്യം- പ്രഫ. സഞ്ജയ് കുമാറും ശ്രേയസ് സര്‍ദേശായിയും ഉണര്‍ത്തുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss