|    Jan 18 Wed, 2017 12:56 am
FLASH NEWS

ഗുജറാത്തിലെ ദലിത് മര്‍ദ്ദനം: രാജ്യസഭ ബഹളത്തില്‍ മുങ്ങി

Published : 21st July 2016 | Posted By: sdq

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞുവെന്നാരോപിച്ച് ഗുജറാത്തില്‍ ദലിത് യുവാക്കളെ ഗോരക്ഷാ സമിതിക്കാര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ്, ബിജെപിയുടെ പിന്തുണയോടെ സംഘപരിവാര ശക്തികള്‍ ദലിത്മുക്ത ഭാരതത്തിനു വേണ്ടിയുള്ള ശ്രമങ്ങളാണു നടത്തുന്നതെന്ന് ആരോപിച്ചു.
ഇന്നലെ രാജ്യസഭ ചേര്‍ന്നയുടന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയനാണു വിഷയം ഉന്നയിച്ചത്. ഗുജറാത്തില്‍ ദലിതരെ അടിച്ചമര്‍ത്തുകയാണെന്നും അക്രമങ്ങള്‍ ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിനെ സംസാരിക്കാന്‍ ഉപാധ്യക്ഷന്‍ അനുവദിച്ചെങ്കിലും ബിഎസ്പി നേതാവ് മായാവതി ക്രമപ്രശ്‌നം ഉന്നയിച്ച് എഴുന്നേറ്റു.
ദലിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവം മനുഷ്യാവകാശ ലംഘനമാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷ കക്ഷിയായിട്ടും ഒന്നും ഉരിയാടിയിട്ടില്ല. ഇവരെല്ലാം ദലിതര്‍ക്കെതിരേയുള്ള നിലപാടാണു സ്വീകരിക്കുന്നതെന്നും മായാവതി ആരോപിച്ചു. ഇതില്‍ ക്ഷുഭിതരായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഗുലാംനബിയെ ആദ്യം സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയും നടുത്തളത്തിലിറങ്ങി. ഇതോടെ നടപടികള്‍ 10 മിനിറ്റ് നിര്‍ത്തിവച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലെത്തി. സാമൂഹികനീതി മന്ത്രി തവര്‍ ചന്ദ് ഗെഹ്‌ലോട്ട് മറുപടിനല്‍കാന്‍ എഴുന്നേറ്റെങ്കിലും ബഹളം തുടര്‍ന്നു.
ഗുജറാത്ത് സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും അക്രമികളെ പിടികൂടിയെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ബഹളം നിര്‍ത്തി മന്ത്രിയുടെ വാക്കുകള്‍ ശ്രവിക്കണമെന്ന് ഉപാധ്യക്ഷന്‍ നിര്‍ദേശിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നു. പിന്നീട് ചോദ്യോത്തര വേളയ്ക്കായി സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധത്തില്‍നിന്നു പിന്‍മാറാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഇതോടെ സഭാധ്യക്ഷന്‍ ഡോ. ഹാമിദ് അന്‍സാരി സഭ വീണ്ടും പിരിച്ചുവിട്ടു.
വിഷയം ലോക്‌സഭയിലും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടി. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഖേദിക്കുന്നതായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഒമ്പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടികജാതി, വര്‍ഗ വകുപ്പ് സെല്ലും അന്വേഷണം നടത്തുന്നുണ്ട്. നഷ്ടപരിഹാരമായി നാലുലക്ഷം രൂപ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊടിക്കുന്നില്‍ സുരേഷ് എംപിയാണു വിഷയമുന്നയിച്ചത്. ജനങ്ങള്‍ക്കു സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായി. വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, ഇതിനെതിരേ ഭരണപക്ഷം രംഗത്തെത്തി. കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രം ചൂണ്ടിക്കാട്ടി രാജ്‌നാഥ് സിങ് കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാവാതെ സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും പ്രതിഷേധമുയര്‍ത്തി. ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത്മാന്‍ നടുത്തളത്തിലിറങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക