|    May 26 Sat, 2018 9:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്തിലെ ജാതി വിവേചനം: ദലിതുകള്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്

Published : 28th July 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തില്‍ ദലിതുകള്‍ കൂട്ടത്തോടെ ബുദ്ധമതത്തില്‍ ചേരുന്നു. ‘ഉന’യില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് ഏഴ് ദലിത് യുവാക്കളെ ഗോസംരക്ഷണ സമിതിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ബനസ്‌കാന്ത ജില്ലയിലെ ആയിരത്തോളം ദലിതുകള്‍ ബുദ്ധമതത്തില്‍ ചേരാന്‍ തീരുമാനിച്ചു കഴിഞ്ഞു. എല്ലാവരെയും തുല്യരായി കാണുന്നില്ലെങ്കില്‍ ഹിന്ദുമതത്തില്‍ തുടരുന്നില്ലെന്നാണ് ദലിതുകള്‍ പറയുന്നത്.
മതം മാറ്റത്തിനുള്ള ഫോറങ്ങള്‍ പൂരിപ്പിച്ച് സര്‍ക്കാരിന് ഉടന്‍ നല്‍കും. ഗുജറാത്തില്‍ മതപരിവര്‍ത്തനം 2008ല്‍ പ്രാബല്യത്തില്‍ വന്ന മതസ്വാതന്ത്ര്യ നിയമത്തിന് വിധേയമാണ്. ഇതനുസരിച്ച് മതം മാറുന്നവര്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കണം. ഉനയിലെ സംഭവത്തോടെ ഗുജറാത്തിലെ ദലിതുകള്‍ വ്യാപകമായി ആശങ്കാകുലരാണ്. ജാതിയുടെയും മതത്തിന്റെയും ജോലിയുടെയും പേരില്‍ കൊടിയ വിവേചനവും അക്രമവുമാണിവിടെ നടക്കുന്നതെന്ന് ദലിത് നേതാവ് ദിനേശ് മക്‌വാന പറഞ്ഞു. നിരവധി ദലിതുകള്‍ ബുദ്ധമതത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മതപരിവര്‍ത്തനത്തിനുള്ള ആയിരത്തോളം അപേക്ഷകള്‍ ലഭിച്ചു.
ഇവയെല്ലാം ഉടനെ ജില്ലാകലക്ടര്‍ക്ക് സമര്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവി പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാന്‍ വിവിധ ദലിത് സംഘടനകള്‍ ഈ മാസം 31ന് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് ദലിത് സംഘതന്‍ സെക്രട്ടറി അശോക് സമ്രാട്ട് പറഞ്ഞു.
അതിനിടെ പശുവിനെ കൊന്നുവെന്നാരോപിച്ച് ഗോസംരക്ഷകര്‍ മര്‍ദ്ദിച്ച ഏഴു ദലിത് യുവാക്കളില്‍ നാലുപേര്‍ ആശുപത്രി വിട്ടു. അശോക് സര്‍വയ്യ, വഷ്‌റാം സര്‍വയ്യ, ബെച്ചാര്‍ സര്‍വയ്യ, രമേശ് സര്‍വയ്യ എന്നിവരാണ് സര്‍ക്കാര്‍ ആശുപത്രി വിട്ടത്. ഗിര്‍സോംനാഥ് ജില്ലയിലെ ഉന താലൂക്കില്‍പ്പെട്ട മോട്ട സമാധിയാല ഗ്രാമക്കാരാണ് ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിനിരയായത്.  രണ്ടാഴ്ച മുമ്പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയോ കൃഷിചെയ്യാന്‍ സ്ഥലമോ നല്‍കണമെന്നും മൃഗങ്ങളുടെ തോലുരിഞ്ഞു ജീവിക്കാന്‍ ഇനി സാധിക്കുകയില്ലെന്നും ആശുപത്രി വിട്ട വഷ്‌റാം പറഞ്ഞു. ഈ മാസം 11നാണ് ചത്ത പശുവിന്റെ തൊലിയുരിക്കുന്ന സമയത്ത് ഇവരടക്കം ഏഴുപേര്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയായത്. പശുവിനെ കൊന്നുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ജെഡിയു നേതാവ് ശരത് യാദവ് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് 16 പേരെ പോലിസ് അറസ്റ്റ് ചെയ്തു. അന്വേഷണം സിഐഡിക്ക് കൈമാറിയിട്ടുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss