|    Jan 22 Sun, 2017 11:41 am
FLASH NEWS

ഗീത ഗോപിനാഥിന്റെ നിയമനം പുനപ്പരിശോധിക്കേണ്ടതില്ല: മുഖ്യമന്ത്രി

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത് പുനപ്പരിശോധിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുസര്‍ക്കാരിന് വലതുപക്ഷ സ്വാധീനം വന്നുചേരുമ്പോഴാണു വിമര്‍ശിക്കേണ്ടത്.
അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധയെന്ന നിലയില്‍ ഗീത ഗോപിനാഥിന്റെ കഴിവ് എല്ലാവരും അംഗീകരിക്കുന്നതാണ്. ഇടതു സര്‍ക്കാരിന്റെ ഇടതുപക്ഷ നയം മാറിപ്പോവുന്നുണ്ടോയെന്ന ആശങ്കയിലാണ് പലരും വിമര്‍ശിക്കുന്നത്. കൂടുതല്‍ ആശങ്ക വലതുപക്ഷത്തിനാണ്. ഇതിനെ സദുദ്ദേശപരമായി കാണുന്നുവെന്നും ഈ ജാഗ്രതയ്ക്കു നന്ദിയുണ്ടെന്നും പിണറായി പറഞ്ഞു.
സാമ്പത്തിക വിദഗ്ധര്‍ പലതരത്തിലുണ്ടെന്നും കുട്ടികളെ എണ്ണം പഠിപ്പിക്കുന്നവര്‍ മുതല്‍ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായവര്‍ വരെ സാമ്പത്തിക വിദഗ്ധരായുണ്ടെന്നും ഇടതുപക്ഷക്കാരായ സാമ്പത്തിക വിദഗ്ധര്‍ വേറെയില്ലേ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ അവസാനം പറഞ്ഞതിലാണ് ഗീത ഗോപിനാഥിന്റെ സ്ഥാനം. സര്‍ക്കാര്‍ ആവശ്യമുള്ള കാര്യങ്ങളില്‍ അവരുടെ ഉപദേശം തേടും. ഏതെല്ലാം സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
എല്ലാ നല്ല കാര്യങ്ങള്‍ക്കും ദോഷം കണ്ടെത്തുന്ന ചിലരാണ് കേരളത്തിലെ പ്രശ്‌നമെന്നും അതിന്റെ ഭാഗമാണ് ഈ വിവാദമെന്നും പിണറായി പറഞ്ഞു. തനിക്ക് പലകാര്യത്തിലും ഉപദേഷ്ടാക്കള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയര്‍കേരള അജണ്ടയിലില്ല
ന്യൂഡല്‍ഹി: എയര്‍കേരള സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയര്‍കേരള തുടങ്ങുന്നതു കൊണ്ട് വിമാനയാത്രാക്കൂലി കുറയുമെന്ന് കരുതുന്നില്ലെന്നും കൂടാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായംകുളം വൈദ്യതിനിലയം അടച്ചുപൂട്ടാനുള്ള കേന്ദ്രനീക്കം നിര്‍ഭാഗ്യകരമാണ്. ഇത് പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാരിനു കഴിയും. എല്‍എന്‍ജി പൈപ്പ്‌ലൈന്‍ പൂര്‍ത്തിയായാല്‍ മാത്രമേ അത് സാധിക്കുകയുള്ളൂ. പൈപ്പ്‌ലൈന്‍ എങ്ങനെ കായംകുളത്തേക്ക് വ്യാപിപ്പിക്കാന്‍ കഴിയും എന്ന പ്രശ്‌നം മാത്രമേയുള്ളൂവെന്നും പിണറായി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക