|    Jan 19 Thu, 2017 10:10 am

ഗീത ഗോപിനാഥിന്റെ നിയമനം സംബന്ധിച്ച വിഎസിന്റെ കത്ത് ഇന്നു ചര്‍ച്ചചെയ്യും

Published : 31st July 2016 | Posted By: SMR

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് ഗീത ഗോപിനാഥിനെ നിയമിച്ച നടപടിക്കെതിരേ വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് യോഗം ഇന്നു ചര്‍ച്ചയ്‌ക്കെടുക്കും. കത്തിന്റെ പകര്‍പ്പ് എല്ലാ പിബി അംഗങ്ങള്‍ക്കും വിതരണം ചെയ്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ കാവലാളായി തുടരുമെന്നു വ്യക്തമാക്കിയിരുന്ന വിഎസിന്റെ ശക്തമായ ഇടപെടലായാണ് കത്തിനെ കാണുന്നത്. നവ ലിബറല്‍ ആശയങ്ങള്‍ പിന്തുടരുന്ന ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുന്നത് ഇടതുസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്നു ചൂണ്ടിക്കാണിക്കുന്ന കത്തില്‍ ഇത്തരം പിന്തിരിപ്പന്‍ തീരുമാനത്തിനെതിരേ കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യമാണ് വിഎസ് ഉന്നയിക്കുന്നത്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്ത് പിബിയില്‍ വിതരണം ചെയ്തതോടെ ഇക്കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ച നടക്കുമെന്നുറപ്പായി. സംസ്ഥാനത്തുനിന്നുള്ള മൂന്നു പിബി അംഗങ്ങളില്‍ പിണറായിയും കോടിയേരിയും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഗീതയുടെ നിയമനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതു പുനപ്പരിശോധിക്കേണ്ടതില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. എന്നാല്‍, കേരളത്തില്‍ നിന്നുള്ള മറ്റൊരു പിബി അംഗമായ എം എ ബേബിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ഇക്കാര്യം ചര്‍ച്ചയാവുമ്പോള്‍ ബംഗാള്‍ ഘടകത്തിന്റെ നിലപാടും നിര്‍ണായകമാവും. സിപിഎം വിഭാഗീയതയില്‍ എന്നും വിഎസിനൊപ്പമാണ് ബംഗാള്‍ ഘടകം നില്‍ക്കാറുള്ളത്. കോണ്‍ഗ്രസ്സുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തില്‍ കേരളഘടകം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടും വിഎസ് ബംഗാള്‍ ഘടകത്തെയാണു തുണച്ചത്.
അതേസമയം പിബി തീരുമാനിച്ചാലും സാമ്പത്തിക ഉപദേഷ്ടാവിനെ മാറ്റാന്‍ പിണറായി തയ്യാറാവണമെന്നില്ല. സംസ്ഥാന ഘടകത്തിന്റെ ഉറച്ച പിന്തുണ ഈ സാഹചര്യത്തില്‍ പിണറായിക്കുണ്ട്. കോണ്‍ഗ്രസ് ബന്ധത്തില്‍ തെറ്റുതിരുത്തണമെന്ന പിബിയുടെ നിരന്തരമായ നിര്‍ദേശം ബംഗാള്‍ ഘടകം അനുസരിച്ചിട്ടില്ലെന്നത് പിണറായിക്കു മുന്നില്‍ മാതൃകയായുണ്ട്.
അതുകൊണ്ടു തന്നെ അനുരഞ്ജന നീക്കമാവും പിബി സ്വീകരിക്കുക. വിഎസിന് കാബിനറ്റ് റാങ്കോടെ പദവി നല്‍കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശവും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാരും കേരള ഘടകവും തീരുമാനം നീട്ടികൊണ്ടുപോവുകയാണെന്ന് വിഎസിനും കേന്ദ്ര നേതുത്വത്തിനും പരാതിയുണ്ട്. ഇക്കാര്യത്തിലും ഇന്നു തീരുമാനമുണ്ടാവും. യോഗശേഷം ജനറല്‍ സെക്രട്ടറി മാധ്യമങ്ങളെ കാണുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക