|    Jan 20 Fri, 2017 9:50 pm
FLASH NEWS

ഗീത ഗോപിനാഥിന്റെ നിയമനം: പിണറായിക്കു പിന്തുണയുമായി ബിജെപി

Published : 30th July 2016 | Posted By: SMR

തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന ഗീത ഗോപിനാഥിനെ കേരളത്തിലേക്കു വിളിച്ചുവരുത്തുന്നത് ഇടതു സാമ്പത്തിക നയങ്ങള്‍ കാലഹരണപ്പെട്ടെന്ന തിരിച്ചറിവു കൊണ്ടാണോയെന്ന് കുമ്മനം ചോദിച്ചു. ഇടതുപക്ഷം ഇത്രയുംകാലം തുടര്‍ന്നുവന്ന സാമ്പത്തിക നയങ്ങള്‍ കേരളത്തിന്റെ പുരോഗതിയെ പിറകോട്ടടിക്കാന്‍ മാത്രമാണു സഹായിച്ചിട്ടുള്ളത്. ഇതു തിരിച്ചറിഞ്ഞാണ് പിണറായി പുതിയ തീരുമാനം എടുത്തതെന്നുവേണം കരുതാനെന്നും കുമ്മനം വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു. കാലാനുസൃതമായി ചിന്തകളും നിലപാടുകളും മാറ്റാന്‍ തയ്യാറാണെന്ന പിണറായിയുടെ സമീപനം നല്ലതാണ്. ഗീത ഗോപിനാഥിന്റെ നിയമനത്തെപ്പറ്റി ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്. സഹപ്രവര്‍ത്തകനില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണോ പുതിയ ഉപദേശകയെ നിയമിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് എന്ന സംശയം ദൂരീകരിക്കാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ട്.
അതിവേഗം വളരുന്ന ലോകത്തിനും ഭാരതത്തിനും പുറംതിരിഞ്ഞു നില്‍ക്കാന്‍ കേരളത്തിനു മാത്രമായി സാധിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ നമുക്കും അതിനൊപ്പം ചേരേണ്ടിവരും. അതിന് ഗീത ഗോപിനാഥിനെപ്പോലെയുള്ളവരുടെ ഉപദേശങ്ങള്‍ സഹായകമാവുമെങ്കില്‍ അതു സ്വീകരിക്കുന്നതില്‍ തെറ്റില്ല. ഭരണകക്ഷി ചെയ്യുന്നതിനെയെല്ലാം എതിര്‍ക്കുക എന്ന മൗഢ്യം ബിജെപിക്കില്ല. നാടിനു നന്മയുണ്ടാവാന്‍ സഹായകമായ നിലപാട് ആരു സ്വീകരിച്ചാലും ബിജെപി അവര്‍ക്കൊപ്പമുണ്ടാവും. ഗീത ഗോപിനാഥ് നല്‍കുന്ന ഉപദേശങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങിനു വിധേയമാക്കണം. നാടിനു നന്മയുണ്ടാക്കുന്ന ഉപദേശങ്ങള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് ഉറപ്പാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി നിറവേറ്റണമെന്നും കുമ്മനം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക