|    May 30 Tue, 2017 5:08 pm
FLASH NEWS

ഗിന്നസ് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മാരത്തോണ്‍ താരം

Published : 10th July 2016 | Posted By: sdq

ദോഹ: പത്ത് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഖത്തറിലെ മാരത്തോണ്‍ താരം സിയാദ് റഹിം അംഗീകാരത്തിന്റെ നെറുകയില്‍ ‘മാരത്തോണിലെ കൂടുതല്‍ ദിവസങ്ങളിലെ ഓട്ടം, ഓരോ വന്‍കരയിലുമായി മികച്ച സമയം കുറിക്കല്‍, നോര്‍ത്ത് പോളിലും വന്‍കരകളിലുമായി മികച്ച സമയം പൂര്‍ത്തിയാക്കല്‍ തുടങ്ങി മാരത്തോണിന്റെ കായിക പുസ്തകത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് ഖത്തറിലെ ബാങ്ക് ജീവനക്കാരന്‍ കൂടിയായ ഈ 42കാരന്‍ വരച്ചിട്ടിരിക്കുന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍തന്നെ റഹിം മാരത്തോണ്‍ ഓട്ടത്തിനു താല്‍പര്യം കാണിച്ചിട്ടുണ്ട്. പാകിസ്താനിലെ എച്ചേസണ്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ആരോഗ്യത്തിനും കായിക വിനോദത്തിനുമായിരുന്നു അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ബിരുദത്തിനു പഠിക്കുമ്പോള്‍ പത്ത് കിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടമല്‍സരത്തിനു പങ്കെടുക്കാറുണ്ടായിരുന്നതായി റഹിം പറഞ്ഞു. എന്നാലും സ്‌പോര്‍ട്‌സിനെ ഗൗരവമായി ആദ്യകാലത്ത് അദ്ദേഹം കണ്ടിരുന്നില്ല. മറ്റ് പാകിസ്താനി കുട്ടികളെ പോലെ റഹിമിന്റെയും താല്‍പര്യം ക്രിക്കറ്റിലായിരുന്നു. കാനഡ സര്‍വകലാശാലയിലെത്തിയതിനു ശേഷമാണ് മറന്നുതുടങ്ങിയ ഓട്ടത്തെ അദ്ദേഹം കാര്യമായെടുക്കുന്നത്. 27ാം വയസില്‍ ടൊറന്റോയില്‍ വച്ചാണ് ജീവിതത്തിലാദ്യമായി പ്രധാന മാരത്തോണ്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നത്. തുടക്കത്തിലെ സമയം അതിക്രമിച്ചതായിരുന്നില്ലെങ്കിലും രണ്ട് മാസത്തിനുള്ളില്‍ ആറോളം മാരത്തോണില്‍ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. പിന്നീട് പല അന്താരാഷ്ട്ര മാരത്തോണ്‍ മല്‍സരങ്ങളിലും പങ്കെടുക്കുന്നതിനായി കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ തുടങ്ങി. ഭൂമിയിലെ ഏറ്റവും കഠിനമായ ഫൂട്ട് റേസായ ഡെസ് സാബിള്‍സ് മാരത്തണിലും അദ്ദേഹം പങ്കെടുത്തു. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന 250 കിലോമീറ്റര്‍ സഹാറ മരുഭൂമിയിലൂടെയുള്ള ഓട്ടമാണിത്. പിന്നീടങ്ങോട്ട് നിരവധി ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു റഹിം.
ഖത്തറിലെത്തിയതിനു ശേഷം ഓരോ ആഴ്ചയും വ്യത്യസ്ത രാജ്യങ്ങളിലേക്കായി മാരത്തോണില്‍ പങ്കെടുക്കാനായി അദ്ദേഹം പറക്കും. ഓഫിസില്‍ പോകുന്നതിനായി തിങ്കളാഴ്ച രാവിലെയാണ് മടങ്ങിയെത്തുക.
ചിലി, അന്റാര്‍ട്ടിക, സൈപ്രസ്, അമേരിക്ക, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ജോര്‍ദാന്‍, നോര്‍ത്ത് പോള്‍ എന്നിവിടങ്ങളിലൂടെ ഏഴാഴ്ചയോളം അദ്ദേഹം ഓടി.
മാരത്തോണ്‍ ഗ്രാന്‍ഡ്‌സ്‌ലാമിന്റെ 324 ദിവസത്തെ റെക്കോര്‍ഡ് 41 ദിവസം കൊണ്ട് അദ്ദേഹം പൂര്‍ത്തീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day