|    Jan 17 Tue, 2017 6:32 am
FLASH NEWS

ഗാന്ധി വധവും ആര്‍എസ്എസും

Published : 7th September 2016 | Posted By: SMR

നാസര്‍ പെരുമ്പാവൂര്‍

തുര്‍ക്കിയിലെ സുല്‍ത്താന് വിശേഷപ്പെട്ട ഒരു പൂച്ചയുണ്ടായിരുന്നു. അതിഥികളെ സ്വീകരിച്ച് ആനയിക്കുന്നത് ഈ പൂച്ചയായിരുന്നു. തലയില്‍ വിവിധ വര്‍ണങ്ങളിലുള്ള വിളക്കുകളുമേന്തി അതിഥികളെ സ്വീകരിക്കുന്ന പൂച്ച കൗതുകം തന്നെയായിരുന്നു. അങ്ങനെയിരിക്കെ അയല്‍രാജ്യത്തുനിന്ന് സുല്‍ത്താനെ കാണാന്‍ അതിഥികളെത്തി. സ്വീകരിക്കാന്‍ പൂച്ചയും പരിവാരങ്ങളും കൊട്ടാരത്തിന്റെ പ്രധാന കവാടത്തില്‍ നിലയുറപ്പിച്ചു. അപ്പോള്‍ അതുവഴി തലയില്‍ ഉണക്കമീന്‍കൊട്ടയും ചുമന്നുകൊണ്ട് ഒരു കച്ചവടക്കാരന്‍ നടന്നുപോയി. മീനിന്റെ മണം കേട്ടമാത്രയില്‍ തലയിലെ വിളക്കുകളും അതിഥികളെയും വിട്ട് പൂച്ച മീനിന്റെ പിറകേ പാഞ്ഞു.
ഹൈന്ദവ പുനരുത്ഥാന ആശയങ്ങളോട് ആഴത്തില്‍ മമതപുലര്‍ത്തുകയും അതിനു പൂരകമായ രാഷ്ട്രീയസംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത നാഥുറാം ഗോഡ്‌സെയുടെ ഭൂതകാലം സംഘപരിവാരം എത്ര ശ്രമിച്ചാലും വലിച്ചെറിയാന്‍ കഴിയാത്ത ഭാരമാണ് അതിന്റെ ചുമലില്‍ കയറ്റിവച്ചിരിക്കുന്നത്. ഗോഡ്‌സെയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം സംഘപരിവാരത്തിനെ സംബന്ധിച്ച് എക്കാലത്തും ഒരു പ്രതിച്ഛായാ പ്രശ്‌നം തന്നെയായിരുന്നു. ഗോഡ്‌സെയെ തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും പരസ്യമായി ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. സംഘപരിവാര സംഘടനകളുടെ ഓഫിസില്‍ ഭഗത്‌സിങ്, ആസാദ് ചന്ദ്രശേഖര്‍, നേതാജി മുതല്‍ ഗോള്‍വാള്‍ക്കര്‍ വരെയുള്ളവരുടെ ചിത്രം തൂങ്ങിക്കിടക്കുമ്പോള്‍ ഗോഡ്‌സെയുടെ ചിത്രം തൂക്കാന്‍ ഇക്കാലമത്രയും ധൈര്യം കാണിക്കാത്ത സംഘപരിവാരം ആര്‍എസ്എസിന് പൂര്‍ണ നിയന്ത്രണമുള്ള മോദി സര്‍ക്കാരിന്‍ കീഴില്‍ ഗാന്ധി വധത്തെ മഹത്ത്വവല്‍ക്കരിക്കാനും രക്തസാക്ഷിത്വത്തെ നിരാകരിക്കാനും ശ്രമം നടത്തിക്കൂടായ്കയില്ല.
ഗാന്ധി വധത്തിന്റെ മുഖ്യ സൂത്രധാരകനും കേസിലെ എട്ടാം പ്രതിയുമായിരുന്ന സവര്‍ക്കറുടെ ചിത്രം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപിതാവിന്റെ ചിത്രത്തിന് അഭിമുഖമായി തൂക്കിയിട്ടത് 2000ല്‍ അധികാരത്തില്‍ വന്ന വാജ്‌പേയി സര്‍ക്കാരാണ്. ഏതാണ്ട് മൂന്നൂറില്‍പരം ആളുകളുടെ മുന്നില്‍ വച്ച് പട്ടാപ്പകലാണ് ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ചുകൊന്നത്. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കാതെ ഗോഡ്‌സെ കീഴടങ്ങുകയും കോടതിയില്‍ ഗാന്ധി രാജ്യദ്രോഹിയാണെന്നു വിളിച്ചുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങുകയുമാണു ചെയ്തത്. ഇന്ത്യാവിഭജനത്തിന് വഴിതെളിച്ച രാജ്യദ്രോഹിയെന്ന കുപ്പായമാണ് ആ സംഭവത്തില്‍ ഏറ്റവും കൂടുതല്‍ വേദനിച്ച മഹാമനുഷ്യനുവേണ്ടി ഗോഡ്‌സെ കരുതിവച്ചത്. കപടരാഷ്ട്രീയക്കാരനും കോമാളിയും സര്‍വോപരി ഹിന്ദുവിരുദ്ധനുമായിരുന്നു മഹാത്മാഗാന്ധി എന്ന് ഭാവിതലമുറ കരുതണമെന്ന് അന്നത്തെ ആര്‍എസ്എസ് നേതൃത്വവും ആശിച്ചു. മരണത്തിലും കുറഞ്ഞ ഒരു ശിക്ഷകൊണ്ടും ഇന്ത്യന്‍ ദേശീയതയോട് മഹാത്മാഗാന്ധി കാണിച്ച പാതകത്തിന് പ്രായശ്ചിത്തമാവുമായിരുന്നില്ലെന്ന് വരുംതലമുറ കരുതണമെന്ന് ഗോഡ്‌സെ മനസ്സിലുറപ്പിച്ചിരുന്നു.
മഹാത്മാവിനെ കൊന്ന ഗോഡ്‌സെ ഒരു കൊലപാതകിയല്ല, മറിച്ച് ദേശസ്‌നേഹത്തിന്റെ പാരമ്യതയില്‍ തന്റെ പാവനദൗത്യം നിറവേറ്റിയ രക്തസാക്ഷിയായിട്ടാണ് ആര്‍എസ്എസ് അന്നും ഇന്നും കാണുന്നത്. ഗാന്ധി വധത്തെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്ന ആര്‍എസ്എസ് നേതൃത്വം കൊല നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലുടനീളം മിഠായി വിതരണം ചെയ്തും ആഹ്ലാദനൃത്തം ചവിട്ടിയും ആഘോഷിച്ചു. മാത്രമല്ല, ഗാന്ധി വധത്തിന്റെ ഉത്തരവാദിത്തം മുസ്‌ലിംകളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ആര്‍എസ്എസ് നേതൃത്വം പ്ലാന്‍ ചെയ്തിരുന്നു. ഇതുപ്രകാരം രാജ്യത്തിന്റെ പലഭാഗങ്ങളിലും മുസ്‌ലിംവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. തമിഴ്‌നാട്ടില്‍ കലാപം രൂക്ഷമായി. മുസ്‌ലിംകള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെ ഗാന്ധി വധിക്കപ്പെട്ടത് ഒരു മുസ്‌ലിമിനാലല്ല, മറിച്ച് ഒരു ബ്രാഹ്മണനാലാണെന്ന് വിളിച്ചുപറയേണ്ടി വന്നു. ആര്‍എസ്എസ് എന്ന ഫാഷിസ്റ്റ് കക്ഷിയാലാണ് ഗാന്ധി വധിക്കപ്പെട്ടത്. ഗാന്ധിയെ വധിക്കുന്ന സമയത്ത് ഗോഡ്‌സെ ആര്‍എസ്എസില്‍ ഇല്ലായിരുന്നു എന്ന് തെളിയിക്കുന്നതില്‍ ആര്‍എസ്എസ് നേതൃത്വം കോടതിയില്‍ വിജയിച്ചിട്ടുണ്ടായേക്കാം. ഏതെങ്കിലുമൊരു ആര്‍എസ്എസുകാരന്‍ ഒരു കുറ്റകൃത്യത്തില്‍ പിടിക്കപ്പെട്ടാല്‍ അത്തരമൊരാളെ തള്ളിപ്പറയുന്നത് ആര്‍എസ്എസിന്റെ സ്ഥിരം പതിവാണ്. എന്നാല്‍, ഗോഡ്‌സെയുടെ കാര്യത്തില്‍ ആര്‍എസ്എസ് ഇതുവരെ ഗോഡ്‌സെയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
ആര്‍എസ്എസും ഹൈന്ദവ തത്ത്വശാസ്ത്രവും ഹിംസയ്ക്കുവേണ്ടി നിലകൊണ്ടു എന്ന് തുറന്നുസമ്മതിക്കലായിരുന്നു ഗാന്ധി വധംകൊണ്ട് ആര്‍എസ്എസ് ഉദ്ദേശിച്ചത്. ഗാന്ധി മുന്നോട്ടുവച്ചതുപോലുള്ള പരിപൂര്‍ണ അഹിംസയുടെ തത്ത്വങ്ങള്‍ ഹിന്ദുസമുദായത്തിന്റെ വീര്യം കെടുത്തുമെന്ന് അവര്‍ ഭയപ്പെട്ടു. ആ ഭയമാണ് ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ കൊണ്ടുചെന്നെത്തിച്ചത്. മാത്രമല്ല, തിലകനും സവര്‍ക്കറും ഗോഡ്‌സെയും ഗാന്ധിയുടെ അഹിംസ ഹിന്ദുക്കളെ ഭീരുക്കളാക്കിയെന്നു പറയുകയും ഹിംസയെ അനുകൂലിക്കുകയും ചെയ്തു. അങ്ങനെ 1948 ജനുവരി 30ന് അവര്‍ ആ ദൗത്യം നിറവേറ്റി.
നേരത്തേയും, ജനുവരി 20ന്, ഗാന്ധിയെ വധിക്കാന്‍ ഗോഡ്‌സെ ഒരു ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. എന്നാല്‍, ആ ശ്രമത്തില്‍നിന്നു പിന്‍മാറാന്‍ ഗോഡ്‌സെ ഒരുക്കമായിരുന്നില്ല. ഗോഡ്‌സെയുടെ ജീവിതത്തിലെ ഏക ലക്ഷ്യം ഗാന്ധിയെ ഒരു പാഠംപഠിപ്പിക്കുക എന്നതായിരുന്നു. വിചാരണാവേളയില്‍ ഇക്കാര്യം അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം താന്‍ ആര്‍എസ്എസിലായിരുന്നു എന്നു സമ്മതിക്കുന്ന ഗോഡ്‌സെ താന്‍ ഹിംസ നടത്തി എന്ന് കോടതി മുമ്പാകെ സമ്മതിച്ചു. പൂനെയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച താന്‍ ഹിന്ദുമതം, ഹൈന്ദവ സംസ്‌കാരം എന്നിവയെ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്ന് പറഞ്ഞ ഗോഡ്‌സെ ഹിന്ദുധര്‍മം അനുഷ്ഠിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഹൈന്ദവ പതാക ഉയര്‍ത്തിപ്പിടിക്കുന്ന പോരാളിയാണു താനെന്നും മൊഴിയില്‍ പറയുന്നു.
ഏറെക്കാലം ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന താന്‍ സവര്‍ക്കര്‍ നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭയിലും പ്രവര്‍ത്തിച്ചതായി വിചാരണാവേളയില്‍ ഗോഡ്‌സെ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, സവര്‍ക്കര്‍ തനിക്ക് സാമ്പത്തിക സഹായം ചെയ്തതായും വിചാരണാവേളയില്‍ ഗോഡ്‌സെ സമ്മതിക്കുകയുണ്ടായി. ഇതില്‍നിന്ന് ഇവര്‍ തമ്മിലുള്ള അടുപ്പം മനസ്സിലാക്കാന്‍ കഴിയും. ഹൈന്ദവ ദേശീയതാ നിര്‍മാണത്തിന് ഗാന്ധിജിയുടെ വീക്ഷണങ്ങളും നിലപാടുകളും വിഘാതമാവുമെന്ന് പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമാണ് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചതെന്ന് ഗോഡ്‌സെ തുറന്നുപറഞ്ഞു. മാത്രമല്ല, പാകിസ്താന്‍ അനുകൂല നിലപാടുകള്‍ വീണ്ടും വീണ്ടും ഗാന്ധിജി എടുക്കുന്നു. പാകിസ്താന് ഇന്ത്യ കൊടുക്കാനുള്ള തുക കൊടുക്കാത്തതിന് നിരാഹാരം കിടക്കുമ്പോള്‍ ഹിന്ദുവിന്റെ മനസ്സ് ഉണര്‍ന്നു. ആ ഉണര്‍വാണ് തനിക്ക് പെട്ടെന്ന് ആവേശം പകര്‍ന്നതെന്നും ഗാന്ധിജിയുടെ അസ്തിത്വം ഉടനെ അവസാനിപ്പിക്കേണ്ടതുണ്ടെന്ന ബോധ്യത്തിലേക്കു തന്നെ നയിച്ചതെന്നും ഗോഡ്‌സെ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. ചെങ്കോട്ടയില്‍ പ്രത്യേകം തയ്യാറാക്കിയ കോടതിമുറിയില്‍ ജഡ്ജി ആത്മചരണ്‍ അഗര്‍വാള്‍ മുമ്പാകെ നാഥുറാം വിനായക് ഗോഡ്‌സെ തന്റെ കേസ് സ്വന്തമായി വാദിച്ചു. ഗാന്ധിജിയെ വധിക്കാനായി പൂനെയില്‍ നിന്നു പുറപ്പെടുമ്പോള്‍ ഗീതയുടെ ഒരു കോപ്പിയും അവിഭക്ത ഇന്ത്യയുടെ ഭൂപടവും ആര്‍എസ്എസിന്റെ കടും മഞ്ഞയായ കൊടിയും കൊണ്ടുവന്നിരുന്നതായും കോടതി കണ്ടെത്തുകയുണ്ടായി. 1949 നവംബര്‍ 15ന് ഗോഡ്‌സെയും രണ്ടാംപ്രതി നാരായണ്‍ ആപ്‌തെയും തൂക്കിലേറ്റപ്പെട്ടു. തൂക്കുമരത്തിലേക്കു പോവുന്നതിനു മുമ്പ് അവര്‍ ആര്‍എസ്എസ് മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഗാന്ധി വധത്തില്‍ വലിയ ദേശീയവാദിയെന്ന് ആര്‍എസ്എസും സംഘപരിവാരവും പറയുന്ന സവര്‍ക്കറടക്കം 12 പ്രതികളുണ്ടായിരുന്നു. ഗാഡി വധത്തിലെ എട്ടാംപ്രതിയും മുഖ്യ സൂത്രധാരകനുമായ സവര്‍ക്കറെ കോടതി വെറുതെവിട്ടു. സവര്‍ക്കറുടെ ശിഷ്യനായിരുന്ന ഗോഡ്‌സെ തന്റെ പ്രവര്‍ത്തനങ്ങള്‍ സവര്‍ക്കറെ അറിയിച്ചുകൊണ്ടിരുന്നു. ഗാന്ധിജിയെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് രൂപംനല്‍കപ്പെട്ടത് 1948ല്‍ സവര്‍ക്കറുടെ ബോംബെയിലുള്ള വസതിയില്‍വച്ചായിരുന്നെന്നു കണ്ടെത്തിയ പോലിസിന് സവര്‍ക്കറുടെ പങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ല. സവര്‍ക്കറെ കഴുമരത്തില്‍നിന്നു രക്ഷിക്കാന്‍ ഭരണകൂടത്തിലെ ബ്രാഹ്മണനേതാക്കളും പോലിസും ശ്രമിച്ചു. കാരണം, സവര്‍ക്കര്‍ ശിക്ഷിക്കപ്പെട്ടാല്‍ ആര്‍എസ്എസിന്റെ പങ്ക് പകല്‍പോലെ വെളിച്ചത്താവും, ഇക്കാരണത്താല്‍ സവര്‍ക്കറെ രക്ഷപ്പെടുത്താന്‍ ആര്‍എസ്എസ് ഗാന്ധി വധാന്വേഷണം തന്നെ നിര്‍ത്തിവയ്പിക്കാന്‍ ശ്രമം നടത്തുകവരെയുണ്ടായി.
ഗോഡ്‌സെയും കഴിവിനൊത്ത് വിചാരണാവേളയില്‍ സവര്‍ക്കര്‍ക്ക് വേണ്ടി കള്ളം പറഞ്ഞുകൊണ്ടിരുന്നു. വെറുതെവിട്ട സവര്‍ക്കര്‍ 1966ല്‍ മരിച്ചു. ആര്‍എസ്എസും ഹിന്ദുമഹാസഭയും സംഘപരിവാരത്തിലെ മറ്റുള്ളവരും ആഗസ്ത് 15 സ്വാതന്ത്ര്യദിനമായി ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഈ ദിവസങ്ങളില്‍ ദേശീയപതാകയ്ക്കു പകരം ആര്‍എസ്എസിന്റെ പതാകയാണ് സവര്‍ക്കര്‍ ഉയര്‍ത്തിയിരുന്നതെന്ന് ഗോഡ്‌സെ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 377 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക