|    Apr 26 Thu, 2018 7:35 am
FLASH NEWS

ഗാന്ധി ജയന്തി: ആരോഗ്യ വകുപ്പിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍

Published : 2nd October 2016 | Posted By: SMR

കോട്ടയം: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്നു മുതല്‍ ഏഴ് വരെ ആരോഗ്യവകുപ്പ്,  തദ്ദേശസ്വയംഭരണം, ശുചിത്വമിഷന്‍ എന്നീ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.വടക്കുകിഴക്കന്‍ മണ്‍സൂണിനോടനുബന്ധിച്ച് കൊതുകുജന്യരോഗങ്ങളും ജലജന്യരോഗങ്ങളും എലിപ്പനിയും വര്‍ധിച്ചു വരാന്‍ സാധ്യതയുളള സാഹചര്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ന് മുതല്‍ ഏഴ് വരെ ഊര്‍ജിത ബോധവല്‍ക്കരണ പരിപാടിയും നടത്തും.
ഇന്നു മുതല്‍ അഞ്ച് വരെ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനം ജനപങ്കാളിത്തത്തോടെ നടത്താനാണ് തീരുമാനം. ആറ് മുതല്‍ ഏഴ് വരെ സംഭരിച്ച് സൂക്ഷിക്കുന്ന കുടിവെള്ളത്തിന്റേയും മറ്റ് ജല സ്രോതസുകളുടേയും സംരക്ഷണവും സമഗ്രമായ ക്ലോറിനേഷനും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും നടത്തും. വിവിധതലങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കാനും മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഗാന്ധി ജയന്തി വാരാഘോഷം ഉദ്ഘാടനം
കോട്ടയം: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്  രാവിലെ 10 ന് തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ലഹരി വിരുധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കലക്ടര്‍ സി എ ലത,ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി സി സുരേഷ് കുമാര്‍ നന്ദിയും പറയും. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി സി.ജി. വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങിനു മുന്നോടിയായി രാവിലെ ഒമ്പതിന് കലക്ടറേറ്റില്‍ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം കലക്ടര്‍ സി എ ലത ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഗാന്ധി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ എട്ടു മുതല്‍ പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫിസും ജെസിഐ നാലുകോടി യൂനിറ്റും സംയുക്തമായി ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ ത്വക്ക് രോഗ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നട്ടാശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി സ്മാരക സേവാ കേന്ദ്രത്തില്‍ നവോത്ഥാന വിഷയങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss