|    Jan 20 Fri, 2017 7:45 pm
FLASH NEWS

ഗാന്ധിവധവും ആര്‍എസ്എസും

Published : 28th July 2016 | Posted By: SMR

കോടിയേരി  ബാലകൃഷ്ണന്‍

ഇരട്ട നാവാണ് ആര്‍എസ്എസിനും ബിജെപിക്കും. ഒരു നാവിലെ പ്രചാരണത്തിന് മറയിടാന്‍ വ്യാജ രണ്ടാം നാവ് ഉപയോഗിക്കുന്നു. അക്രമത്തിന്റെ ശൂലം ഏന്തുമ്പോള്‍ തന്നെ നല്ലപിള്ള ചമയാന്‍, വ്യാജസമാധന ഭാഷണം നടത്തുന്നു. ഇരട്ടത്താപ്പിന്റെ ഈ അധ്യായമാണ് മഹാത്മാഗാന്ധിയെ വധിച്ച സംഭവത്തിലെ പങ്ക് നിരാകരിക്കുന്ന ആര്‍എസ്എസ് നിലപാട്.
ഗാന്ധിവധത്തിലെ ആര്‍എസ്എസ് പങ്ക് വിശദീകരിച്ചതിന്, മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരെ കോടതി കയറ്റുമെന്നു ഭീഷണിപ്പെടുത്തി ചില ആര്‍എസ്എസ് നേതാക്കള്‍ രംഗത്തു വരുകയും അവര്‍ക്ക് ബിജെപി നേതാവ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള പിന്തുണക്കാരനായി എത്തുകയും ചെയ്തിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത നായനാര്‍, കോടതിയില്‍ കാണാമെന്നു പറഞ്ഞെങ്കിലും കേസിന് ആര്‍എസ്എസുകാര്‍ പോയില്ല. എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ക്കെതിരേ ഇതേ വിഷയത്തില്‍ ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തികേസില്‍ മുംബൈ കോടതി അയച്ച നോട്ടീസിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ ഈ ചരിത്രവിഷയം കീഴ്‌ക്കോടതി പരിശോധിക്കട്ടെയെന്നാണ് സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ജൂലൈ 19ലെ ഉത്തരവ്.
1948 ജനുവരി 30ന് ഡല്‍ഹിയിലെ ബിര്‍ളാ ഹൗസില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ആ കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചിരുന്നില്ല. ”ഞാന്‍ ഗാന്ധിയെ വെടിവച്ചു. ഞാന്‍ അദ്ദേഹത്തിനുമേല്‍ ബുള്ളറ്റുകള്‍ വര്‍ഷിച്ചു. എനിക്കു പശ്ചാത്താപമില്ല. അതു ശരിയായ കാര്യമായിരുന്നുവെന്നു ഞാന്‍ കരുതുന്നു”- ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെ പീന്നീടും ഇപ്രകാരം പ്രകടമാക്കിയത് വെടിയുണ്ടയില്‍ പ്രാണന്‍ പിടഞ്ഞതിലുള്ള ആഹഌദമായിരുന്നു. ഗാന്ധിജി കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്നു ഗാന്ധി വധക്കേസില്‍ പ്രതിയായി ശിക്ഷയനുഭവിച്ച നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയും പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. ”ഹിന്ദുരാഷ്ട്രത്തെ അനുസ്യൂതം അപമാനിച്ച ഒരാളെ രാഷ്ട്രത്തിനുവേണ്ടി ഉന്മൂലനം ചെയ്യുകയായിരുന്നു എന്റെ സഹോദരന്‍” എന്നാണ് ഗോപാല്‍ ഗോഡ്‌സെ പറഞ്ഞത്. ഇങ്ങനെ തീരുമാനിച്ചുറപ്പിച്ചു നടത്തിയ കൊലപാതകമായിരുന്നു ഗാന്ധിവധം. ഇതു വ്യക്തിവിരോധം കൊണ്ടല്ല. രാഷ്ട്രീയവിരോധം കൊണ്ടായിരുന്നു. ഗാന്ധിജി മുറുകെ പിടിച്ച മതനിരപേക്ഷതയോടും ഹിന്ദു-മുസ്‌ലിം സാഹോദര്യത്തോടുമുള്ള അമര്‍ഷമായിരുന്നു. ഇക്കാര്യത്തിലാണ് ഗോഡ്‌സെയും ആര്‍എസ്എസും ഹിന്ദുമഹാസഭയും എല്ലാം ഒന്നാവുന്നത്.
ഗാന്ധിജിയെ എന്തിനു കൊന്നു എന്ന് ഹിന്ദുമഹാസഭയുടെ നേതാവ് സവര്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ”ഗാന്ധിവധ വാര്‍ത്ത എന്നെ ദുഃഖിതനാക്കി…. ഒരു എളിയ ദേശസ്‌നേഹി പോലും ഗാന്ധിയുടെ നിലപാടുകളോടു യോജിക്കില്ല. ജമ്മു-കശ്മീരില്‍ ആക്രമണം നടത്തിക്കൊണ്ടിരുന്നിട്ടും പാകിസ്താന് 55 കോടി രൂപ പ്രതിഫലം നല്‍കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. ആ വധം അദ്ദേഹത്തിന്റെ വികാരത്തിന്റെ ഫലമാണ്.” ഇതുതന്നെ കുറച്ചുകൂടി തുറന്നു ഗോപാല്‍ ഗോഡ്‌സെ പറഞ്ഞിട്ടുണ്ട്: ”മുസ്‌ലിം അനുകൂലാവസ്ഥകള്‍ക്കു വേണ്ടിയായിരുന്നു ഗാന്ധിയുടെ സത്യഗ്രഹങ്ങളും അഹിംസാസിദ്ധാന്തവും. മുസ്‌ലിം മതഭ്രാന്തന്മാര്‍ക്കെതിരേ ഒരിക്കലും അദ്ദേഹം ഒന്നും ചെയ്തില്ല. ഇന്ത്യക്കാര്‍ അപമാനം സഹിക്കില്ലെന്ന് ഇന്ത്യക്കാരെ മുഴുവന്‍ പഠിപ്പിക്കുകയായിരുന്നു ഞങ്ങള്‍.” ഇതുകൊണ്ടാണ് ഗാന്ധിവധം ഉണ്ടായതിനെ തുടര്‍ന്ന് ആര്‍എസ്എസിന്റെ എല്ലാ ശാഖകളുടെയും നേതൃത്വത്തില്‍ മധുരപലഹാര വിതരണം നടന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ആര്‍എസ്എസുകാര്‍ മധുരം വിതരണം ചെയ്തതിനെപ്പറ്റി നായനാര്‍ വിവരിച്ചിരുന്നു. ഇങ്ങനെ ഹിന്ദുത്വ ആശയത്താല്‍ പ്രചോദിതനായി മാത്രമല്ല, ദേശവ്യാപകമായി ആര്‍എസ്എസുമാര്‍ ഏറെ കാലമായി ആഗ്രഹിച്ച നിഷ്ഠുരത നടപ്പാക്കുകയായിരുന്നു നാഥുറാം ഗോഡ്‌സെ. ഇതുകൊണ്ടാണ് ദേശനായകനായി പ്രഖ്യാപിച്ച് ഗോഡ്‌സെയെ പറ്റി ഇന്ത്യയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ഹിന്ദു ഫൗണ്ടേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്കും നിവേദനം നല്‍കിയത്. ഇത്തരം ആവശ്യങ്ങള്‍ അനാവശ്യമാണെന്ന് എന്തേ ഇതുവരെ മോദിയോ സ്മൃതിയോ പറഞ്ഞില്ല?
ഗാന്ധിവധത്തിനുശേഷം ആര്‍എസ്എസിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. നെഹ്‌റു മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലാണ് അതുചെയ്തത്. കോണ്‍ഗ്രസ്സുകാര്‍ക്ക്, ആര്‍എസ്എസ് അംഗത്വമാവാമെന്ന ദ്വയാംഗത്വ സിദ്ധാന്തക്കാരനായിരുന്നിട്ടും പട്ടേല്‍ ആര്‍എസ്എസ് നിരോധനത്തിന് തയ്യാറായി എന്നതു സ്മരിക്കുക. 1948 ഫെബ്രുവരി 4ന് ആര്‍എസ്എസിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത് വധത്തിലെ ആര്‍എസ്എസിന്റെ കുറ്റകരമായ പങ്കാളിത്തം ബോധ്യമായതിനാലാണ്. ഗോള്‍വാല്‍ക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അന്നു തടങ്കലിലാക്കി. ഗാന്ധിവധത്തില്‍ പങ്കില്ലെന്നു പില്‍ക്കാലത്ത് പ്രചരിപ്പിക്കാനുള്ള പിടിവള്ളിയായത് കുറ്റകൃത്യം ചെയ്യുമ്പോള്‍ താന്‍ ആര്‍എസ്എസ് അംഗമല്ലെന്ന ഗോഡ്‌സെയുടെ കേസ് വിചാരണയിലെ മൊഴിയാണ്. എന്നാല്‍, 1948ല്‍ ഗോഡ്‌സെ ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകന്‍ മാത്രമല്ല ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹ് കൂടിയായിരുന്നുവെന്ന് ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന എന്‍ സി ചാറ്റര്‍ജിയും ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയും വെളിപ്പെടുത്തിയിട്ടുണ്ട്. 1994 ജനുവരിയില്‍ ഫ്രന്റ്‌ലൈന്‍ പ്രസിദ്ധീകരിച്ച ഗോപാല്‍ ഗോഡ്‌സെയുടെ അഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു: ”ഞങ്ങള്‍ സഹോദരങ്ങളെല്ലാം ആര്‍എസ്എസിലായിരുന്നു. നാഥുറാം, ദത്താത്രേയ, ഗോവിന്ദ്- ഞങ്ങള്‍ എല്ലാം. ഞങ്ങള്‍ വീട്ടില്‍ വളര്‍ന്നതിനെക്കാള്‍ കൂടുതല്‍ ആര്‍എസ്എസിലാണ് വളര്‍ന്നതെന്നു വേണമെങ്കില്‍ പറയാം. ആര്‍എസ്എസ് ഞങ്ങള്‍ക്കു കുടുംബം പോലെയായിരുന്നു. ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയി നാഥുറാം മാറി. അദ്ദേഹത്തിന്റെ മൊഴിയില്‍ ആര്‍എസ്എസ് വിട്ടെന്നു പറയുന്നുണ്ട്. ഗാന്ധി വധത്തിനു ശേഷം ഗോള്‍വാല്‍ക്കറും ആര്‍എസ്എസും വലിയ പ്രതിസന്ധിയിലായിരുന്നതുകൊണ്ടാണ് നാഥുറാം അങ്ങനെ പറഞ്ഞത്. അല്ലാതെ നാഥുറാം ആര്‍എസ്എസ് വിട്ടിരുന്നില്ല.”
ഗോപാല്‍ ഗോഡ്‌സെയുടെ ഈ വിലയിരുത്തല്‍ ആര്‍എസ്എസ് ഇതുവരെ ഔദ്യോഗികമായി തിരുത്തിയിട്ടില്ല. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര ആശയത്തിന്റെ ഭാഗമായിരുന്നു ഗാന്ധി വധം. ഹിന്ദുരാഷ്ട്ര എന്ന ദിനപത്രത്തിന്റെ എഡിറ്ററുമായിരുന്നു നാഥുറാം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ഗാന്ധി വിസമ്മതിച്ചതിന്റെ രോഷം തീര്‍ക്കാന്‍ അദ്ദേഹത്തെ കൊല്ലാന്‍ ഹിന്ദുത്വ ഭ്രാന്തന്മാര്‍ ആലോചിച്ചിരുന്നു. 1933ല്‍ ആര്‍എസ്എസില്‍ ചേര്‍ന്ന ഗോഡ്‌സെ ഹിന്ദുമഹാസഭയില്‍ ചേര്‍ന്നത് രണ്ടും ഒരേ കൈവഴിയിലൂടെ ഒഴുകുന്ന സംഘടനയായതുകൊണ്ടാണ്. ഹിന്ദുത്വ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള വേദിയായിരുന്നു ഹിന്ദുമഹാസഭ. ഒരര്‍ഥത്തില്‍ ഇന്നത്തെ ബിജെപിയുടെ ആദ്യരൂപം. ഗോഡ്‌സെ അതിന്റെ പൂനെ യൂനിറ്റ് ജനറല്‍ സെക്രട്ടറിയായിരുന്നു. ഈ സംഘടനയെ 1923 മുതല്‍ നയിച്ചത് സവര്‍ക്കറായിരുന്നു എന്നതു മനസ്സിലാക്കിയാല്‍ ഇതിന്റെ ഹിന്ദുത്വരാഷ്ട്രീയ കാമ്പ് തെളിയുമല്ലോ. ഹിന്ദുമഹാസഭയും ആര്‍എസ്എസും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു സംഭാവന നല്‍കാത്തവയും പലപ്പോഴും എതിര്‍ശക്തിയായി നില്‍ക്കുകയും ചെയ്തവയാണ്. താന്‍ ആര്‍എസ്എസ് വിട്ടുവെന്ന ഗോഡ്‌സെയുടെ കോടതിയിലെ മൊഴി ഗോള്‍വാല്‍ക്കര്‍ അടക്കമുള്ള അന്നത്തെ ആര്‍എസ്എസ് നേതാക്കളെ രക്ഷിക്കാനാണെന്നു ചരിത്രം വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ വ്യക്തമാവും. കൊലമരം കയറും മുമ്പു നാഥുറാം ഗോഡ്‌സെ ഉരുവിട്ടത് ആര്‍എസ്എസ് ശാഖകളില്‍ ആലപിച്ച ശ്ലോകമാണ്. ഗോഡ്‌സെയുടെ ഗാന്ധിവധത്തില്‍ തങ്ങള്‍ക്കുള്ള പങ്കാളിത്തം സംഘപരിവാരം നിഷേധിക്കുന്നുണ്ടെങ്കിലും സ്വകാര്യമായി ആ നീചകൃത്യത്തെ വാഴ്ത്തുന്നുണ്ട്. അതിനാലാണ് ഗോഡ്‌സെയുടെ പേരില്‍ അമ്പലം പണിയാനും പ്രതിമ നിര്‍മിക്കാനും ഉല്‍സാഹം കാട്ടുന്ന സംഘികള്‍ ഇന്ത്യയുടെ രാഷ്ട്രപിതാവായി ഗാന്ധിജിയെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തതും. ഗാന്ധി വധത്തിലെ പ്രതിയായി ജീവപരന്ത്യം ശിഷ കഴിഞ്ഞു പുറത്തുവന്ന ഗോപാല്‍ ഗോഡ്‌സെയെ വാഴ്ത്തപ്പെട്ടവനായി വാഴ്ത്തി നാഗപ്പൂരിലടക്കം വരവേല്‍പ്പ് നല്‍കിയത് സംഘപരിവാരമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക