|    Oct 23 Tue, 2018 3:59 pm
FLASH NEWS
Home   >  Editpage  >  Article  >  

ഗാന്ധിയും ജിന്നയും അംബേദ്കറും

Published : 9th February 2018 | Posted By: kasim kzm

ബി ആര്‍ പി ഭാസ്‌കര്‍

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ഇന്ത്യയിലെ പൊതുരംഗത്ത് പ്രവേശിച്ച മൂന്നു വ്യക്തികള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം ഏറെ വ്യത്യസ്തമാവുമായിരുന്നു. ഗാന്ധിയും ജിന്നയും അംബേദ്കറുമാണ് ആ വ്യക്തികള്‍. കറാച്ചിയിലെ ഒരു ഗുജറാത്തി മുസ്‌ലിം വ്യാപാരികുടുംബത്തില്‍ പിറന്ന മുഹമ്മദലി ജിന്ന ഇംഗ്ലണ്ടില്‍ നിന്ന് ബാരിസ്റ്റര്‍ യോഗ്യത നേടിയശേഷം മുംബൈയില്‍ അഭിഭാഷകനായി. അതോടൊപ്പം അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുകയും ശ്രദ്ധേയനായ യുവനേതാവാകുകയും ചെയ്തു. ദാദാഭായ് നവറോജി, ഫിറോസ് ഷാ മേത്ത തുടങ്ങിയവരുടെ കാലശേഷം ഒന്നാംസ്ഥാനത്ത് എത്തേണ്ടയാളായി എല്ലാവരും അദ്ദേഹത്തെ കണ്ടു.ആ ഘട്ടത്തിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ജനിച്ചത് പരമ്പരാഗതമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്ന ബനിയ സമുദായത്തിലായിരുന്നെങ്കിലും അച്ഛന്‍ ഒരു കൊച്ചു നാട്ടുരാജ്യത്തിലെ ദിവാനായിരുന്നു. അദ്ദേഹവും ബാരിസ്റ്റര്‍ ആയി. എന്നാല്‍, കോടതിയില്‍ ശോഭിച്ചില്ല. തെക്കേ ആഫ്രിക്കയിലെ ഒരു ഇന്ത്യന്‍ ബിസിനസുകാരന്‍ കോടതിപ്പണിയില്ലാത്ത ജോലി നല്‍കിയപ്പോള്‍ അദ്ദേഹം അങ്ങോട്ടു പോയി. അവിടെ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം നടത്തിയ ഐതിഹാസികമായ സമരങ്ങളെക്കുറിച്ച് പത്രങ്ങളിലൂടെ അറിഞ്ഞിരുന്ന മുംബൈ വാസികള്‍ അദ്ദേഹത്തിനു വമ്പിച്ച സ്വീകരണം നല്‍കി. നഗരത്തിലെ ഗുജറാത്തി സമാജും ഒരു സ്വീകരണം ഒരുക്കി. സമാജ് പ്രസിഡന്റെന്ന നിലയില്‍ ജിന്ന ആയിരുന്നു അധ്യക്ഷത വഹിച്ചത്. അവിടെ വച്ച് ഇരുവരും ചെറുതായി ഉടക്കി. ജിന്നയുടെ അധ്യക്ഷപ്രസംഗം ഇംഗ്ലീഷിലായിരുന്നു. മറുപടിപ്രസംഗത്തില്‍ ഗാന്ധി ചോദിച്ചു: “”നമ്മള്‍ ഗുജറാത്തില്‍ ഒത്തുചേരുമ്പോള്‍ ഗുജറാത്തിയില്‍ സംസാരിച്ചാല്‍ പോരേ?’ഒരു നീണ്ട സ്വരച്ചേര്‍ച്ചയില്ലായ്മയുടെ തുടക്കമായിരുന്നു അത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ സര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയിലൂടെ പൊതുരംഗത്തു പ്രവേശിക്കാനാണ് ഗാന്ധി ആഗ്രഹിച്ചത്. സൊസൈറ്റിയിലെ ചിലര്‍ അദ്ദേഹത്തിന്റെ പ്രവേശനത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചു. അവരെ അനുനയിപ്പിക്കാന്‍ സമയം വേണമെന്ന് ഗോഖലെ അറിയിച്ചു. അതിനിടയില്‍ കൊല്‍ക്കത്തയില്‍ പോയി രവീന്ദ്രനാഥ് ടാഗൂറിനെ സന്ദര്‍ശിക്കാന്‍ ഗാന്ധി തീരുമാനിച്ചു. ആഫ്രിക്ക വിടുന്നതിനു മുമ്പ് അവിടത്തെ ആശ്രമത്തിലെ അന്തേവാസികളെ അദ്ദേഹം ഇന്ത്യയിലേക്ക് അയച്ചിരുന്നു. അവര്‍ അദ്ദേഹത്തിന്റെ വരവും കാത്ത് ശാന്തിനികേതനത്തില്‍ കഴിയുകയായിരുന്നു. കൊല്‍ക്കത്തയിലെത്തിയ ഗാന്ധിയെ ടാഗൂര്‍ മഹാത്മാവ് എന്നു വിശേഷിപ്പിച്ചു. അദ്ദേഹം അവിടെയായിരുന്നപ്പോള്‍ ഗോഖലെ മരിച്ചു. അതോടെ സര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ വാതില്‍ ഗാന്ധിയുടെ മുന്നില്‍ അടഞ്ഞു. മഹാത്മാവായി കോണ്‍ഗ്രസ്സിലെത്തിയ ഗാന്ധി നേതൃനിരയില്‍ അതിവേഗം ഉയര്‍ന്നു. നവറോജിയുടെയും മേത്തയുടെയും കാലം കഴിഞ്ഞപ്പോഴേക്കും ജിന്നയെ മറികടന്ന് അദ്ദേഹം മുന്നിലെത്തിയിരുന്നു. കോണ്‍ഗ്രസ് സമ്മേളനത്തില്‍ ജിന്ന അദ്ദേഹത്തെ മി. ഗാന്ധി എന്നു പരാമര്‍ശിച്ചപ്പോള്‍, “മഹാത്മാ എന്ന് പറയൂ’ എന്നാവശ്യപ്പെട്ടുകൊണ്ട് സദസ്യര്‍ ബഹളം കൂട്ടി. അവഹേളിതനായി വേദി വിട്ട ജിന്ന പിന്നീട് കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ക്കെത്തിയില്ല. മുസ്‌ലിംകളെ ദേശീയപ്രസ്ഥാനത്തോട് അടുപ്പിക്കാന്‍ പറ്റിയ ഒരു നേതാവിനും വിഷയത്തിനും വേണ്ടി ആദ്യകാലത്തു താന്‍ തിരഞ്ഞതായി ഗാന്ധി ആത്മകഥയില്‍ പറയുന്നുണ്ട്. ജിന്നയെ അതിനു പറ്റിയ നേതാവായി അദ്ദേഹം കണ്ടില്ല. ഗാന്ധി വിദേശീയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും സാധാരണക്കാരുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പാശ്ചാത്യ ജീവിതരീതികള്‍ പിന്തുടര്‍ന്നയാളാണ് ജിന്ന.ഇന്ത്യയിലെ മുസ്‌ലിം പൗരോഹിത്യം തുര്‍ക്കി സുല്‍ത്താന്റെ ഖലീഫ പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തില്‍ അദ്ദേഹം താല്‍പര്യമെടുത്തില്ല (ആവശ്യത്തെ തുര്‍ക്കിയുള്‍പ്പെടെ ബഹുഭൂരിപക്ഷം മുസ്‌ലിം രാജ്യങ്ങളിലെയും ജനങ്ങള്‍ പിന്തുണച്ചിരുന്നില്ല). എന്നാല്‍ ഹിന്ദു-മുസ്‌ലിം ഐക്യം സ്ഥാപിക്കാന്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും പല നേതാക്കളുടെയും എതിര്‍പ്പു മറികടന്ന് തന്റെ നിലപാട് കോണ്‍ഗ്രസ്സിനെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിലും ലീഗിലും അംഗമായിരുന്ന ജിന്ന നേരത്തേ തന്നെ തന്റേതായ രീതിയില്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും അടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അദ്ദേഹം മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചകളുടെ ഫലമായി 1916ല്‍ കോണ്‍ഗ്രസും ലീഗും ഒപ്പുവച്ച ലഖ്‌നോ ഉടമ്പടിപ്രകാരം രണ്ടു സംഘടനകളും സര്‍ക്കാരിനു മുമ്പില്‍ പൊതുവായ ഭരണപരിഷ്‌കാര നിര്‍ദേശങ്ങള്‍ വയ്ക്കുകയും അവ ഫലപ്രാപ്തിയിലെത്തിക്കുന്നതിന് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കവയിത്രി സരോജിനി നായിഡു ജിന്നയെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതിപുരുഷന്‍ എന്നു വാഴ്ത്തി. ഇരുനേതാക്കളുടെയും സമീപനങ്ങള്‍ അനാശാസ്യമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഫലത്തില്‍ ലഖ്‌നോ ഉടമ്പടിയിലൂടെ കോണ്‍ഗ്രസ് ലീഗിനെ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയകക്ഷിയായി അംഗീകരിക്കുകയായിരുന്നു. വ്യവസ്ഥകള്‍ കോണ്‍ഗ്രസ് പാലിക്കാഞ്ഞതിനാല്‍ ഉടമ്പടി ഉദ്ദേശിച്ച ഫലം നല്‍കിയില്ല. ഖിലാഫത്ത് പ്രസ്ഥാനം മുസ്‌ലിം പൗരോഹിത്യത്തിന് രാഷ്ട്രീയത്തില്‍ ഇടം നേടിക്കൊടുത്തു. അതിന്റെ ദുരന്തഫലങ്ങള്‍ ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും ഇപ്പോഴും പ്രകടമാണ്. ഗാന്ധിയും ജിന്നയും രാഷ്ട്രീയരംഗത്തു തിളങ്ങിനിന്ന 1920കളിലാണ് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തിയശേഷം തിരിച്ചെത്തിയ ബി ആര്‍ അംബേദ്കര്‍ മുംബൈയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. മഹര്‍ എന്ന “തൊട്ടുകൂടാത്ത’ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു ഭീംറാവുറാംജി അംബേദ്കര്‍ (ഗാന്ധി പ്രചരിപ്പിച്ച ഹരിജന്‍, സര്‍ക്കാര്‍ അവതരിപ്പിച്ച പട്ടികജാതി, ആ വിഭാഗം സ്വയം കണ്ടെത്തിയ ദലിത് എന്നീ പേരുകള്‍ പിന്നീട് ഉണ്ടായവയാണ്). വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ലഭിച്ചെങ്കിലും എല്ലായിടത്തും ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം അനുഭവപ്പെട്ടു. മുംബൈയില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ട അംബേദ്കര്‍ മഹാരാഷ്ട്രയിലെ ദലിതരെ സംഘടിപ്പിച്ചു പ്രക്ഷോഭങ്ങള്‍ നടത്തി. ദലിത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ “മൂകനായക’ എന്ന പേരില്‍ ഒരു മറാത്തി വാരിക അദ്ദേഹം ആരംഭിച്ചു. ദലിതര്‍ക്ക് പൊതുകുളത്തില്‍ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി മഹദ് എന്ന സ്ഥലത്ത് 1927 മാര്‍ച്ച് 20ന് അദ്ദേഹം സംഘടിപ്പിച്ച സത്യഗ്രഹം ഒരു വലിയ സംഭവമായി. ആ ദിവസം സര്‍ക്കാര്‍ ഇപ്പോള്‍ സാമൂഹിക ശാക്തീകരണദിനമായി ആചരിക്കുന്നു. തിരുവിതാംകൂറിലെ ജാതീയമായ അവശതകളെക്കുറിച്ച് ടി കെ മാധവന്‍ ഗാന്ധിയെ ധരിപ്പിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വൈക്കം സത്യഗ്രഹം സംഘടിപ്പിച്ചതിനുശേഷമായിരുന്നു ഇത്. എന്നാല്‍, ഗാന്ധിയോ കോണ്‍ഗ്രസോ ഈ സമരത്തെ പിന്തുണച്ചില്ല.                                                             ി(അവസാനിക്കുന്നില്ല.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss