|    Jan 16 Mon, 2017 4:41 pm

ഗാന്ധിയന്‍മാരുടെ സമരസര്‍ക്കസ്

Published : 1st October 2016 | Posted By: SMR

slug-a-bകേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ ഏറ്റവും വലിയ പ്രശ്‌നമെന്ത്? നമ്മുടെ ഗാന്ധിയന്മാരുടെ കണ്ണില്‍ അതിപ്പോള്‍ എംബിബിഎസ് ആണ്.  ഭാവി ഡോക്ടര്‍മാര്‍ നേരേ ചൊവ്വേ പഠിക്കുന്നുണ്ടോ, അതിനവര്‍ക്കു ശേഷിയുണ്ടോ, പഠനത്തിന് ശരിയായ സൗകര്യങ്ങളുണ്ടോ, പഠിപ്പിക്കുന്നവര്‍ യോഗ്യരാണോ ഇത്യാദിയൊന്നുമല്ല ഉല്‍ക്കണ്ഠാവിഷയം. സ്വാശ്രയ മെഡിക്കല്‍ കോളജില്‍ മെറിറ്റിലൂടെയല്ലാതെ ചെല്ലുന്നവരുടെ ഫീസാണ്. എത്ര പേരാണ് ഈ ദേശീയപ്രശ്‌നത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍? അഥവാ, എത്രമാത്രം വരും, നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഈ പ്രശ്‌നത്തിന്റെ പ്രസക്തിത്തോത്?
പ്രാഥമിക വിദ്യാഭ്യാസത്തിന് പരമ്പരയായുള്ള പള്ളിക്കൂടങ്ങള്‍ പലതും പൂട്ടിപ്പോവുന്നു. മൂവായിരത്തോളം വരും പൂട്ടാന്‍ അനുമതി ചോദിച്ചുകഴിഞ്ഞ മാനേജ്‌മെന്റ് സ്‌കൂളുകള്‍. പല സര്‍ക്കാര്‍ പള്ളിക്കൂടങ്ങളിലും പിള്ളേരെ തികയ്ക്കാന്‍ മാഷുമാരുടെ അധ്വാനത്തിന് ഇപ്പോഴും കുറവൊന്നുമില്ല. തികച്ചാലോ? പഠിപ്പ് ഏതാണ്ട് ഒരുമാതിരിയാണ്. ഡിപിഇപി കളിച്ച് ‘നിറകുട’ങ്ങള്‍ പലതും ങഞണനമ പരുവത്തിലാണ് മുതിരുന്നത്. അത് പീപ്പിയുടെ കുറ്റമല്ല, പീപ്പിയൂതാന്‍ മാഷുമാര്‍ വേണ്ടത്ര നിറകുടങ്ങളല്ല എന്നതാണു ന്യായം. അതെന്തായാലും പിള്ളേരുടെ രക്ഷയ്ക്കു പരീക്ഷാസമ്പ്രദായത്തെ ഓലപ്പീപ്പിയാക്കിക്കൊടുത്തു. അങ്ങനെ നൂറുമേനി കൊയ്ത് പ്ലസ്ടുവിനു ചെല്ലുമ്പോഴാണ് ഭൂതങ്ങള്‍ കൂടോടെ പിടികൂടുക. അവിടെ ശാസ്ത്രവും കണക്കും സാമൂഹികശാസ്ത്രങ്ങളും ഭാഷയുമൊക്കെ കളിച്ചു പഠിക്കാവുന്ന പരുവത്തിലല്ല. എന്തെന്നാല്‍, പ്ലസ്ടു കഴിഞ്ഞുള്ള ഗുസ്തികള്‍ക്ക് അതൊക്കെ തരക്കേടില്ലാതെ അറിഞ്ഞേ തീരൂ. ഇവിടെയും പരീക്ഷയ്ക്ക് ഉദാരവല്‍ക്കരണ നയം കൊണ്ടുവന്നെങ്കിലും മേല്‍ഗതിക്ക് അതു വേണ്ടത്ര ഉതകുന്നില്ല.
സമ്പൂര്‍ണ ഉപഭോഗദേശമായതുകൊണ്ട് ആവശ്യക്കാര്‍ക്ക് കാശു മുടക്കിയാല്‍ ഏതു കാര്യവും സാധിക്കാം. മഹാഭൂരിപക്ഷവും മധ്യവര്‍ഗമായ വകയില്‍ ടി മുടക്കിനു മടിയുമില്ല. അതുകൊണ്ട് മിക്കവരും സ്വന്തം ‘നിറകുട’ങ്ങള്‍ നിറയ്ക്കാന്‍ ട്യൂഷന്‍ തൊട്ട് ബഹുവിധ അഭ്യാസങ്ങള്‍ക്ക് അയക്കുന്നു. അത്തരക്കാരുടെ മോഹപദങ്ങളിലൊന്നാണ് എംബിബിഎസ്. സമാന പദങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ ചരക്ക് വിപണിയില്‍ നന്നെ കുറവാണ്. സപ്ലൈ തീരെ കുറവും ഡിമാന്‍ഡ് അധികവുമായതുകൊണ്ട് സംഗതിക്ക് വന്‍ വിലയാവുമല്ലോ. ഇപ്പറഞ്ഞ മധ്യവര്‍ഗക്കാര്‍ തന്നെ പ്രഫഷനല്‍ കോഴ്‌സുകളില്‍ എംബിബിഎസിനുള്ള ഡിമാന്‍ഡ് സ്വയം അല്‍പം കുറച്ചിരിക്കുകയുമാണ്; അനുഭവം കൊണ്ടും ആത്യന്തിക ചെലവിനത്തെക്കുറിച്ച കണക്കുകൂട്ടലുള്ളതുകൊണ്ടും. ചുരുക്കിയാല്‍, സമൂഹത്തിലെ തീരെ ചെറിയൊരു ശതമാനം മാത്രമാണ് ഈ മേഖലയിലെ ആവശ്യക്കാര്‍. അവരുടെ പ്രശ്‌നമാണോ നാട്ടിലെ പരമപ്രധാനമായ വിദ്യാഭ്യാസപ്രശ്‌നം?
അതെ എന്നാണ് ഗാന്ധിയന്മാരുടെ പക്ഷം. അതുകൊണ്ട് നിയമസഭയിലും തെരുവിലും മാധ്യമങ്ങളിലും അവര്‍ വികാരവിക്ഷോഭം നടത്തുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പഠനമോ സൗകര്യങ്ങളോ ഒന്നും ഈ വിജൃംഭണത്തിനു വിഷയമല്ല. അതൊക്കെ ലോകോത്തരമാക്കിക്കഴിഞ്ഞ സ്ഥിതിക്ക് സ്വകാര്യമേഖലയെ വെടിപ്പാക്കുകയാണ് ലക്ഷ്യം. അതിലവര്‍ക്കു പ്രത്യേകിച്ചൊരു ചുമതലാബോധവുമുണ്ട്. കാരണം, ഈ മേഖലയില്‍ സ്വാശ്രയക്കച്ചവടം ഉദ്ഘാടനം ചെയ്തത് ഗാന്ധിയന്‍ ബുദ്ധികേന്ദ്രങ്ങളാണ്. പറഞ്ഞ ന്യായം, സര്‍ക്കാര്‍ കോളജുകളില്‍ സീറ്റ് കിട്ടാത്ത തദ്ദേശീയര്‍ കൊള്ളക്കാശിന് സന്താനങ്ങളെ അന്യസംസ്ഥാനങ്ങളിലയച്ചു പഠിപ്പിക്കാന്‍ നിര്‍ബന്ധിതരാവുന്നെന്ന്. ആ പണം നാട്ടില്‍ത്തന്നെ കിടന്നു കളിക്കട്ടെ എന്നതായിരുന്നു ‘സ്വാശ്രയ’ത്തിനു പിന്നിലെ ചേതോവികാരം.
ഗാന്ധിയന്മാരുടെ ഉദാര മനസ്ഥിതി ശിരസ്സാവഹിച്ച് പലരും സ്വാശ്രയപ്പീടിക തുറന്നു. 30,000 കോടിയോളമാണ് മുതല്‍മുടക്കെന്നും അഞ്ചുലക്ഷം പേര്‍ക്ക് തൊഴിലുണ്ടാക്കിയെന്നുമാണ് പീടികക്കാരുടെ അഭിമാനപൂരിതവാണി. കലശലായ നിക്ഷേപദാഹമുള്ള കേരളത്തില്‍ ഈ മഹത്തായ നേട്ടമുണ്ടാക്കിയതില്‍ ഗാന്ധിയന്മാര്‍ ഊറ്റംകൊള്ളുകയും ചെയ്യുന്നു. പ്രശ്‌നം പിന്നെ എവിടെയാണ്?
കക്ഷിരാഷ്ട്രീയത്തിലെ ഉഡായിപ്പ് വിദ്യാഭ്യാസക്കളരിയിലും ഇറക്കിയ വകയില്‍ പ്ലസ്ടു വരെയുള്ള നടപ്പുരീതികള്‍ കൊണ്ട് പ്രഫഷനല്‍ വിദ്യ പച്ചപിടിക്കുന്നില്ല. കാശുകൊടുത്താല്‍ സീറ്റ് കിട്ടും, പഠിക്കേണ്ട ചരക്ക്, പഠിക്കേണ്ട വിധത്തില്‍ കിട്ടുന്നില്ല. ചുമടെടുക്കാന്‍ ചെല്ലുന്നവര്‍ക്കെല്ലാമായി ചരക്ക് തലയിലേറുന്നുമില്ല. അങ്ങനെയാണ് തട്ടുകടകള്‍ പോലെ പൊന്തിയ എന്‍ജിനീയറിങ് കോളജുകള്‍ വെള്ളത്തിലായത്. അവയെ രക്ഷിക്കാന്‍ പ്രവേശനത്തിന് മാര്‍ക്കിന്റെ മാനദണ്ഡം പോലും വേണ്ടെന്നു പറഞ്ഞ വിദ്വാന്മാരാണ് ഇപ്പോള്‍ തെരുവുയുദ്ധം നടത്തുന്നത്. അവരുടെ ആക്രോശമത്രയും ഫീസിന്മേലാണ്.
സ്വാശ്രയ മെഡിക്കല്‍ കോളജില്‍ മെറിറ്റ് ഫീസ് ഇപ്പോഴും സര്‍ക്കാര്‍ ഫീസായ കാല്‍ലക്ഷം രൂപ തന്നെ. മാനേജ്‌മെന്റ്, വിദേശമലയാളി ക്വാട്ടകളിലാണ് വര്‍ധന വരുത്തിയിരിക്കുന്നത്. ടി സൗകര്യം ചെയ്തുകൊടുത്തതിന് പകരമായി സര്‍ക്കാരിന് ഈ കോളജുകളിലുള്ള സീറ്റ് അഥവാ മെറിറ്റ് സീറ്റ് കൂട്ടിക്കിട്ടുകയും ചെയ്തു. എല്ലാം കൂടി 2500ഓളം സീറ്റ്. അതിന്റെ കഷ്ടി പാതിയോളം മെറിറ്റ് സീറ്റ്. മിച്ചമുള്ളതാണ് കൊള്ളയടിക്കുള്ള ഉപാധി. ഈ ഉപാധിക്കുമേല്‍ നിയന്ത്രണം വേണമെന്നാണ് ഗാന്ധിയന്മാരുടെ ആവശ്യം; പൊതുവെ സ്വാശ്രയവിരുദ്ധരായ സഖാക്കള്‍ അത് ചെയ്യുന്നില്ലെന്നും. എന്താണു വാസ്തവം?
ഫീസ് കാര്യത്തില്‍ ഗാന്ധിയന്‍ ഭരണക്കാരോട് മുഖംതിരിച്ചുനിന്നവര്‍ വരെ ഇപ്പോഴത്തെ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. അതിനു കാരണം സഖാക്കളുടെ മിടുക്കല്ല. തട്ടുകട പരുവത്തില്‍ കോളജുകള്‍ നടത്തിപ്പോരുന്ന പതിവ് ഇനി നടക്കില്ലെന്ന് കോളജുകാര്‍ തിരിച്ചറിയുന്നു. ഒന്നാമത്, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധനയും മാനദണ്ഡങ്ങളും കര്‍ക്കശമാക്കി. പഴയ മാതിരി പരിശോധനാവേളയില്‍ കൂലിക്ക് ഡോക്ടര്‍മാരെയിറക്കി പ്രദര്‍ശിപ്പിച്ചിട്ട്, പാലം കടന്നശേഷം തോന്ന്യാസം കാട്ടാന്‍ ഇനി പറ്റില്ല. നല്ല ശമ്പളം കൊടുത്ത് സ്ഥിരമായി ആളെ വച്ചേ തീരൂ. 15 ലക്ഷം തൊട്ട് താഴോട്ടാണ് കൊള്ളാവുന്ന മാഷന്മാരുടെ കൂലി. രണ്ട്, ഒരൊറ്റ ദേശീയ പരീക്ഷയില്‍ നിന്നേ കുട്ടികളെ എടുക്കാവൂ എന്ന സുപ്രിംകോടതി വിധി. ‘നീറ്റ്’ അത്ര നീറ്റൊന്നുമല്ലെങ്കിലും അതിനു പുറത്തുള്ളവരെ പ്രവേശിപ്പിക്കാന്‍ നിവൃത്തിയില്ല. സ്വാഭാവികമായും ഈ പട്ടികയില്‍പ്പെടുന്നവര്‍ തമ്മിലാവും മെറിറ്റിനു പുറമേക്കുള്ള സീറ്റിലെ മല്‍സരം. റാങ്ക് അടിസ്ഥാനത്തില്‍ സീറ്റ് കൊടുക്കാതെ ലേലം വിളിക്കാനുള്ള പഴുതടയുന്നു. വിളിച്ചാലോ? സീറ്റ് കിട്ടാത്ത യോഗ്യരായവര്‍ കേസിനു പോവും.
ഈ മാറ്റത്തിലേക്ക് സ്വാശ്രയക്കച്ചോടക്കാര്‍ ഭംഗ്യന്തരേണ അകപ്പെടുകയാണ്. അതിന്റെ ആദ്യകാല ബാലാരിഷ്ടതകളാണ് ഇപ്പോള്‍ കാണുന്ന ഒളിവും മറയും തൊന്തരവുകളും. തെല്ലൊന്നു ക്ഷമിച്ചിരുന്നാല്‍ തലവരിപ്പണം എന്ന ഏര്‍പ്പാട് ഗണ്യമായി ഷട്ടറിടും. ഈ യാഥാര്‍ഥ്യം മുന്നില്‍ക്കാണുന്നതുകൊണ്ടാണ് സ്വാശ്രയസംഘം സര്‍ക്കാരുമായി കരാറിനു തയ്യാറായത്. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും മറ്റുമുള്ള അധികത്തുകയാണ് മെറിറ്റ് ഒഴികെയുള്ള സീറ്റുകളിലെ ഫീസ് വര്‍ധനയിലൂടെ അവര്‍ തരപ്പെടുത്തിയിരിക്കുന്നത്. അതവര്‍ക്കു കൊടുക്കരുത് എന്നു പറയുന്നതില്‍ ‘സ്വാശ്രയ യുക്തി’യില്ല. അല്ലെങ്കില്‍ പിന്നെ എല്ലാ സീറ്റിലും സര്‍ക്കാര്‍ ഫീസായിരിക്കണം. 25,000 രൂപ ഫീസ് കൊടുക്കുന്ന വിദ്യാര്‍ഥിക്കു മേല്‍ രണ്ടുലക്ഷം രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി ചെയ്യുന്നത്. കാരണം, രണ്ടേകാല്‍ ലക്ഷമെങ്കിലും വേണം ഒരുവനെ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനത്തില്‍ ഡോക്ടറാക്കിയെടുക്കാന്‍. സ്വകാര്യമേഖലയില്‍ ഈ സംവിധാനങ്ങളുടെ നില പല തട്ടിലാണ്. 50 കൊല്ലമായി ആശുപത്രിയുള്ളവരും 10 കൊല്ലം മുമ്പ് തട്ടിക്കൂട്ടിയവരും തമ്മില്‍ താരതമ്യമുണ്ടോ? അപ്പോള്‍ ചോദിക്കാം, എന്തിനാണിവര്‍ ഇത്ര കഷ്ടപ്പെട്ട് ഈ കച്ചോടം നടത്തുന്നതെന്ന്.
ആ ചോദ്യം നീളേണ്ടത്, സ്വാശ്രയപ്രസ്ഥാനം ഉണ്ടാക്കുകയും ഇന്നും കൊട്ടിഘോഷിച്ചു നടക്കുന്നവരുമായ ഗാന്ധിയന്‍ പടയോടാണ്. അതിനവര്‍ക്ക് ഉത്തരമില്ല.
തുടര്‍ഭരണം ഘോഷിച്ച് ഇലക്ഷന്‍ തോറ്റു. പ്രതിപക്ഷസ്ഥാനം സാങ്കേതികമായി കിട്ടിയെങ്കിലും ആ റോളിലേക്ക് ബിജെപി അതിവേഗം കടന്നുകയറുന്നു. മൂന്നാമതൊരു മുന്നണി കടന്നുവന്നതോടെ സ്ഥിതിഗതികള്‍ മാറുകയാണ്. വര്‍ണഹിന്ദുക്കളും ഒരു വിഭാഗം ക്രിസ്ത്യാനികളുമാണ് തല്‍ക്കാലം കോണ്‍ഗ്രസ്സിന്റെ മുഖ്യധാര. ഖാദിയില്‍നിന്ന് കാവിയിലേക്കു മാറാന്‍ വര്‍ണഹിന്ദുക്കള്‍ക്ക് പ്രത്യേകിച്ചൊരു വൈരുധ്യമൊന്നുമില്ലാത്ത രാഷ്ട്രീയകാലമാണ്. ഫലത്തില്‍ ‘കോണ്‍ഗ്രസ്മുക്ത കേരള’മായി സംസ്ഥാനം മാറാന്‍ സാധ്യത വല്ലാതെ തെളിഞ്ഞിരിക്കുന്നു. അത് ബാഹ്യകാരണങ്ങള്‍ക്കുപരി സ്വയംകൃതാനര്‍ഥം.
ഈ ആധിയുടെ വ്യാധിപ്രകടനമാണ് ‘സ്വാശ്രയ’സമരം. രാഷ്ട്രീയശക്തി സംഭരിക്കാന്‍ എടുത്ത വിഷയത്തിന്റെ പ്രസക്തിയും തൂക്കവും എത്ര കഴഞ്ചുണ്ട്?
സത്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് നാട്ടുകാര്‍ പറയേണ്ടതു തന്നെയല്ലേ- പോയി പണി നോക്ക്! എടുക്കേണ്ട പണി ഏതെന്ന വകതിരിവാണ് മുന്നണിരാഷ്ട്രീയത്തിന്റെ ദീര്‍ഘകാല ഉഡായിപ്പുകള്‍ വഴി കോണ്‍ഗ്രസുകാര്‍ കൊഴിച്ചുകളഞ്ഞത്. വി ഡി സതീശന്‍ ആവേശത്തോടെ പറയുന്നതു കേട്ടു: ”ഞങ്ങള്‍ ജനപ്രതിനിധികളാണ്; ആ പണിയാണ് നോക്കുന്നത്.”
ഇപ്പോഴത്തേതാണ് പണി എങ്കില്‍ നാട്ടുകാര്‍ വൈകാതെ വിജയനെ പൂരിപ്പിക്കും: ”പെന്‍ഷനെടുത്ത് പുരയിലിരിക്ക്.”

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക