|    Feb 28 Tue, 2017 8:46 pm
FLASH NEWS

ഗാന്ധിജി: ചില പുനര്‍വിചിന്തനങ്ങള്‍

Published : 1st December 2016 | Posted By: SMR

എന്‍  പി  ചെക്കുട്ടി

2000ല്‍ ടൈം മാഗസിന്‍ 20ാം നൂറ്റാണ്ടിലെ മഹദ്‌വ്യക്തിത്വങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയിരുന്നു. പോയ നൂറ്റാണ്ടില്‍ ലോകജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത മഹദ്‌വ്യക്തികളെ അവര്‍ കണ്ടെത്തിയപ്പോള്‍ ഒന്നാമന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. രണ്ടാമന്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയെ നയിച്ച ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെല്‍റ്റ്. മൂന്നാമത്തെ വ്യക്തി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യ നായകനായിരുന്ന മഹാത്മാ ഗാന്ധി.
ഒരുപക്ഷേ, ലോകത്തിന്റെ മുഖ്യധാരയിലേക്കുള്ള ഗാന്ധിജിയുടെ ഈ വൈകി വന്ന അംഗീകാരം കാരണമായിരിക്കണം, കഴിഞ്ഞ പതിറ്റാണ്ടായി ഗാന്ധിജിയെ സംബന്ധിച്ച ഒരുപാട് പുതിയ പഠനങ്ങള്‍ ലോകത്തെ പ്രമുഖ മാധ്യമങ്ങളിലും സമുന്നത സര്‍വകലാശാലകളിലും നടക്കുകയുണ്ടായി. ഗാന്ധിജിയെ സംബന്ധിച്ച വിപുലമായ പുനര്‍വിചിന്തനങ്ങളും വിലയിരുത്തലുകളും കഴിഞ്ഞ പതിറ്റാണ്ടിലെ അക്കാദമിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ മുഖ്യ പ്രതിഭാസങ്ങളാണ്. ഗാന്ധിവധത്തിനു ശേഷം ഏഴു പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സമഗ്രതല സ്പര്‍ശിയായി വീക്ഷിക്കപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും സ്വാഭാവികം മാത്രം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഗാന്ധിപഠനങ്ങള്‍ ഒരു അക്കാദമിക പ്രവര്‍ത്തനം എന്ന നിലയില്‍ കാര്യമായ സ്വതന്ത്ര പഠനങ്ങള്‍ക്കു കളമൊരുക്കിയിട്ടില്ല. ഗാന്ധിജിയുടെ മാഹാത്മ്യത്തിനു പ്രാമാണികത കൊടുക്കുകയും വിമര്‍ശനാതീതമായ ഒരു തലത്തില്‍ അദ്ദേഹത്തെ പ്രതിഷ്ഠിക്കുകയുമാണ് ഇന്ത്യന്‍ പണ്ഡിതലോകം പ്രധാനമായി ചെയ്തത്. സര്‍ക്കാര്‍ വക പ്രസാധനാലയങ്ങളും അഹ്മദാബാദിലെ ഗാന്ധിജിയുടെ പേരിലുള്ള ട്രസ്റ്റും സര്‍വകലാശാലകളും ഒക്കെ ഗാന്ധിസ്തുതിപരമായ സമീപനമാണ് പൊതുവേ പ്രോല്‍സാഹിപ്പിച്ചുവന്നത്. അതിനാല്‍, ഗാന്ധിജിയെ സംബന്ധിച്ച വിമര്‍ശന പഠനങ്ങള്‍ ഇന്ത്യയില്‍ അങ്ങനെ കാര്യമായി ഉണ്ടായില്ല എന്നതാണ് വാസ്തവം.
ഇന്ത്യയില്‍ ഗാന്ധിജിയെ പരിമിതമായ മട്ടിലെങ്കിലും വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടത് ആദ്യകാലത്ത് ഇടതുപക്ഷക്കാരും പില്‍ക്കാലത്ത് ദലിത് ചിന്തകരും ഒക്കെയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളായ ഹിരണ്‍ മുഖര്‍ജിയും ഇ എം എസ് നമ്പൂതിരിപ്പാടും ഗാന്ധിജിയെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. അംബേദ്കറും ഗാന്ധിയുമായുള്ള 1930കളിലെ സംവാദത്തിന്റെ പശ്ചാത്തലത്തില്‍ ദലിത് ബുദ്ധിജീവികളും ഗാന്ധിവിമര്‍ശനം ഒരു പരിധി വരെ ഉയര്‍ത്തുകയുണ്ടായി. എന്നാല്‍, പൊതുവില്‍ സ്തുതിഗീതങ്ങളുടെ മട്ടിലുള്ള ഗാന്ധിഭക്തിപ്രവാഹമാണ് ദേശീയ ചിന്താരംഗത്ത് മുഖ്യമായും നിലനിന്നത്. ഗാന്ധിജിയുടെ സമീപകാല ജീവചരിത്രകാരന്മാരില്‍ രാജ്‌മോഹന്‍ ഗാന്ധിയെപ്പോലുള്ളവര്‍ അദ്ദേഹത്തെ ഒരു പുണ്യപുരുഷനായിത്തന്നെ സങ്കല്‍പിച്ച് ആ പദവിയില്‍ നിലനിര്‍ത്താനാണ് തങ്ങളുടെ പഠനങ്ങളെ ഉപയോഗിച്ചിട്ടുള്ളത്. ഗാന്ധിജിയുടെ പേരമകന്‍ എന്ന നിലയില്‍ മുത്തച്ഛന്റെ ജീവിതത്തെ കര്‍ശനമായ വിമര്‍ശനത്തിനു വിധേയമാക്കാന്‍ ഒരുപക്ഷേ രാജ്‌മോഹന്‍ ഗാന്ധി അശക്തനായതാണെന്നും വരാം.
എന്നാല്‍, ഇന്ത്യയ്ക്കു പുറത്തുള്ള പണ്ഡിതന്മാരുടെ കാര്യം അതല്ലല്ലോ. അക്കാരണത്താല്‍ സമീപകാലത്ത് ഗാന്ധിജിയെ സംബന്ധിച്ച നിരവധി വിമര്‍ശനാത്മക പഠനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. അത്തരം പഠനങ്ങളില്‍ പലരും അദ്ദേഹത്തിന്റെ രാഷ്ട്രീയ-ദാര്‍ശനിക നിലപാടുകളെ ശക്തമായ വിമര്‍ശനങ്ങള്‍ക്കു വിധേയമാക്കുന്നുമുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടും പിന്നാക്ക-ദലിത് സമുദായത്തോടും ഗാന്ധിജി എടുത്ത സമീപനങ്ങളും, മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതികളും ദേശീയ പ്രസ്ഥാനത്തില്‍ ഹൈന്ദവ മതാത്മകത അതിന്റെ മുഖ്യധാരയായി പ്രതിഷ്ഠിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും ഒക്കെ ഇത്തരത്തില്‍ വിമര്‍ശനവിഷയങ്ങളായി മാറിയിരിക്കുന്നു.
അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖ നായകന്മാരില്‍ ഓരോരുത്തരോടും അദ്ദേഹം സ്വീകരിച്ച സമീപനങ്ങളിലെ വൈജാത്യങ്ങളും ഇന്നു ഗൗരവതരമായ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, ഈ പഠനങ്ങളില്‍ പലതും ഇന്ത്യന്‍ മാധ്യമങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഗാന്ധിജിയെ ഇന്നും വിമര്‍ശകര്‍ക്ക് സ്പര്‍ശിക്കാന്‍ അവകാശമില്ലാത്ത ഒരു ദിവ്യസാന്നിധ്യമായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് മാത്രമല്ല, മറ്റു മുഖ്യധാരാ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന കാര്യം കൗതുകകരം തന്നെ.
അതിനാല്‍, ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഗാന്ധിപഠനങ്ങളെ സംബന്ധിച്ച് ഒരു സാമാന്യ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് ഗാന്ധിജിയെ സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും അനിവാര്യമാണ്. അത്തരം പഠനങ്ങളില്‍ ഏറ്റവും പ്രധാനം പ്രശസ്ത ബ്രിട്ടിഷ് മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ പെറി ആന്‍ഡേഴ്‌സന്റെ ‘ഗാന്ധി അറ്റ് സെന്റര്‍ സ്റ്റേജ്’ എന്ന പഠനമാണ്. ആന്‍ഡേഴ്‌സന്‍ 2012ല്‍ പ്രസിദ്ധീകരിച്ച ‘ദ ഇന്ത്യന്‍ ഐഡിയോളജി’ എന്ന സുപ്രധാന ഗ്രന്ഥത്തില്‍ ഈ പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനു മുമ്പ് ‘ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സി’ല്‍ ഈ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തില്‍ ഗാന്ധിജി സ്വീകരിച്ച നടപടികളെയും സമീപനങ്ങളെയും ശക്തമായി വിമര്‍ശിക്കുന്നതാണ് ആന്‍ഡേഴ്‌സന്റെ ഗാന്ധിപഠനം.
ഇന്ത്യയുടെ വിഭജനത്തിലേക്കു നയിച്ച സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്കും ഉത്തരവാദിത്തവും വളരെ ശക്തമായ നിലയിലാണ് ആന്‍ഡേഴ്‌സന്‍ ഉന്നയിക്കുന്നത്. വിഭജനത്തിന്റെ മുറിവുകള്‍ ഗാന്ധിജിയെ വ്രണിതഹൃദയനാക്കി. പക്ഷേ, അതിന് ഉത്തരവാദികളായ സ്വന്തം ശിഷ്യരെ അദ്ദേഹം കൈവിടുന്നില്ല. അതേസമയം, 1930കളില്‍ അംബേദ്കര്‍ മേല്‍ജാതി നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ദേശീയ പ്രസ്ഥാനത്തില്‍ ഒരു ബദല്‍ നേതൃത്വമായി ഉയര്‍ന്നുവന്നപ്പോള്‍ ഗാന്ധിജി യര്‍വാദ ജയിലിലിരുന്ന് മരണം വരെ നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹത്തെ നേരിട്ടത്.
ദലിത് സമുദായത്തിനു മുസ്‌ലിംകളെപ്പോലെ പ്രത്യേക സംവരണം 1937ലെ തിരഞ്ഞെടുപ്പില്‍ നല്‍കാനുള്ള നീക്കത്തെ ഗാന്ധിജി അതിശക്തമായി എതിര്‍ക്കുകയായിരുന്നു. ഗാന്ധിജിയുടെ ജീവന്‍ അപകടത്തില്‍ എന്ന ഭീതി പരത്തിയാണ് അംബേദ്കറെ അദ്ദേഹവും അനുയായികളും മുട്ടുകുത്തിച്ചത്. പിന്നീട് അംബേദ്കര്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കാബിനറ്റില്‍ അംഗമായി. അംബേദ്കര്‍ക്കെതിരേ ഹിന്ദു വലതുപക്ഷം കടന്നാക്രമണം നടത്തിയപ്പോള്‍ ഗാന്ധിജിയുടെ സ്വന്തം നോമിനിയായി പ്രധാനമന്ത്രിപദം പൂകിയ ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തെ കൈവിട്ടു. അംബേദ്കര്‍ മന്ത്രിപദവിയില്‍ നിന്നു രാജിവച്ചു. അങ്ങനെ ദലിത് നേതൃത്വം ഇന്ത്യന്‍ ദേശീയ മുഖ്യധാരയില്‍ നിന്നു പൂര്‍ണമായും പുറത്തായി. അപ്പോഴേക്കും ഗാന്ധിജിയെ ഇതേ ഹിന്ദു മുഖ്യധാരയുടെ മറ്റൊരു പ്രതിനിധി വെടിവച്ചുവീഴ്ത്തിയിരുന്നു എന്നത് മറ്റൊരു സംഗതി.
ന്യൂയോര്‍ക്ക് ടൈംസിലെ പ്രമുഖ എഡിറ്ററായിരുന്ന ജോസഫ് ലെലിവെല്‍ഡ് 2011ല്‍ പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ ജീവചരിത്രമാണ് മറ്റൊരു പ്രധാന ഗ്രന്ഥം. അദ്ദേഹത്തിന്റെ ‘ദ ഗ്രേറ്റ് സോള്‍: ഹിസ് സ്ട്രഗ്ള്‍സ് വിത്ത് ഇന്ത്യ’ എന്ന പുസ്തകം ഇന്ത്യയില്‍ വലിയ കോലാഹലമുണ്ടാക്കി. ഗാന്ധിജിയും ദക്ഷിണാഫ്രിക്കയില്‍ ടോള്‍സ്റ്റോയി ഫാമിലെ സഹപ്രവര്‍ത്തകന്‍ കല്ലന്‍ബാക്കും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ചില പരാമര്‍ശങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കാനാണ് ചിലര്‍ കോപ്പുകൂട്ടിയത്. ഗാന്ധിജിയെ സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനങ്ങള്‍ക്കോ വിമര്‍ശനങ്ങള്‍ക്കോ ഇന്ത്യയില്‍ ഇന്നും പലരും സന്നദ്ധരല്ലെന്ന വസ്തുതയാണ് ഈ പുസ്തകവേട്ടയില്‍ തെളിഞ്ഞുനില്‍ക്കുന്നത്.
ബ്രിട്ടിഷ് ചരിത്രപണ്ഡിതയായ കാത്‌ലിന്‍ ടിഡ്‌റിക് 2006ല്‍ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്രഗ്രന്ഥം ഗാന്ധിജിയുടെ ആദ്യകാല ചിന്തകളിലേക്കും സ്വാധീനങ്ങളിലേക്കും വെളിച്ചം വീശുന്നതാണ്. ‘ഗാന്ധി: എ പൊളിറ്റിക്കല്‍ ആന്റ് സ്പിരിച്വല്‍ ലൈഫ്’ എന്ന ഈ ഗ്രന്ഥം ഇന്ത്യയില്‍ പൂര്‍ണമായും അവഗണിക്കപ്പെടുകയായിരുന്നു. ‘തീര്‍ത്തും അദ്ഭുതകരമായ ഒരു നിശ്ശബ്ദത’ എന്നാണ് ആന്‍ഡേഴ്‌സന്‍ ഈ പുസ്തകത്തിന്റെ തമസ്‌കരണത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ലണ്ടനില്‍ നിയമം പഠിക്കാന്‍ പോയ കാലത്ത് യുവാവായ ഗാന്ധിയെ സ്വാധീനിച്ച വിവിധ ദാര്‍ശനിക ചിന്താധാരകളെക്കുറിച്ച് വളരെ രസകരമായ വിവരങ്ങളാണ് ടിഡ്‌റിക് ഈ പഠനത്തില്‍ വെളിപ്പെടുത്തുന്നത്.
പൊതുവില്‍ ഗാന്ധിജിയുടെ രാഷ്ട്രീയവും മതപരവുമായ ദര്‍ശനങ്ങള്‍ക്ക് വിത്തു പാകുന്നത് ദക്ഷിണാഫ്രിക്കയിലെ അദ്ദേഹത്തിന്റെ ജീവിതകാലമാണ് എന്ന വിലയിരുത്തലിനെ ഈ പുസ്തകത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. ലണ്ടനില്‍ വളരെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളും ചിന്തകളുമായാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന വിദ്യാര്‍ഥി പരിചയപ്പെട്ടത്. പക്ഷേ, അതില്‍ പലതും പില്‍ക്കാലത്ത് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല.

(അവസാനിക്കുന്നില്ല.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day