|    Dec 17 Mon, 2018 12:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗാന്ധിജി കേരളത്തിനായി സ്വരൂപിച്ചത് 6,000 രൂപ

Published : 27th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഒരു നൂറ്റാണ്ടിനു മുമ്പ്, കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തില്‍ ദുരിതമനുഭവിച്ച ജനതയ്ക്കായി മഹാത്മാഗാന്ധി 6,000 രൂപ സമാഹരിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ശകവര്‍ഷ കലണ്ടറിലെ 1099 എന്ന വര്‍ഷത്തെ അടിസ്ഥാനമാക്കി 99ലെ വെള്ളപ്പൊക്കംഎന്നാണ് 1924ലെ വെള്ളപ്പൊക്കം അറിയപ്പെടുന്നത്. കഴിഞ്ഞയാഴ്ചത്തെ പ്രളയക്കെടുതിയില്‍ 290 പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും 10 ലക്ഷത്തോളം പേര്‍ക്ക് വീടു വിട്ട് ക്യാംപുകളിലേക്ക് പോരേണ്ടിവരികയും ചെയ്തു. എന്നാല്‍ ഇതിലും ഭീകരമായ വെള്ളപ്പൊക്കമാണ് 1924ല്‍ ഉണ്ടായത്. അന്ന് ഔദ്യോഗികമായി സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ടില്ലെങ്കിലും മലയാളികള്‍ ഒറ്റക്കെട്ടായി നിന്നു പ്രളയക്കെടുതിയെ നേരിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ക്കു സഹായമെത്തി. അന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി 6,000 രൂപയാണ് കേരളത്തിന് വേണ്ടി സമാഹരിച്ചു നല്‍കിയത്. തന്റെ പ്രസിദ്ധീകരണങ്ങളായ യങ് ഇന്ത്യ, നവജീവന്‍ തുടങ്ങിയവയിലൂടെ ജനങ്ങളോട് അഭ്യര്‍ഥന നടത്തിയാണു കേരളത്തിനായി അദ്ദേഹം ഈ പണം സമാഹരിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഗാന്ധിജിയുടെ അഭ്യര്‍ഥന പ്രകാരം വിദ്യാര്‍ഥികളും കര്‍ഷകരും വ്യാപാരികളുമുള്‍പ്പെടെ നിരവധി പേരാണ് ചെറിയ തുകകള്‍ സംഭാവനയായി നല്‍കിയത്. നിരവധി സ്ത്രീകള്‍ തങ്ങളുടെ സ്വര്‍ണാഭരണങ്ങളും ഈ നിധിയിലേക്കു നല്‍കാന്‍ തയ്യാറായി. പലരും ഭക്ഷണം ഉപേക്ഷിച്ച് ആ പണം ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ചു നവജീവനില്‍ എഴുതിയ ലേഖനത്തില്‍ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ മൂന്നു പൈസ മോഷ്ടിച്ച പെണ്‍കുട്ടിയെക്കുറിച്ചും പരാമര്‍ശിക്കുന്നു. മലബാറിന്റെ ദുരിതം ചിന്തിക്കാനാവാത്തത്എന്ന തലക്കെട്ടിലാണ് ഗാന്ധിജിയുടെ ലേഖനം. 1924ല്‍ മൂന്നാഴ്ച നീണ്ട മഹാപ്രളയം മലയോര പ്രദേശമായ മുന്നാറിനെ കശക്കിയെറിഞ്ഞെന്നാണു ചരിത്രരേഖകള്‍ പറയുന്നത്. ഭാവനാതീതമായ ദുരന്തമെന്നാണ് ആ മഹാപ്രളയത്തെ ഗാന്ധിജി വിശേഷിപ്പിച്ചിരുന്നത്. അന്നത്തെ മഹാപ്രളയത്തില്‍ നിരവധി പേര്‍ മരിക്കുകയും ലക്ഷങ്ങള്‍ വഴിയാധാരമാവുകയും ചെയ്തതെന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss