|    Feb 28 Tue, 2017 8:47 pm
FLASH NEWS

ഗാന്ധിജിയുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍

Published : 2nd December 2016 | Posted By: SMR

ഗാന്ധിജി: ചില പുനര്‍വിചിന്തനങ്ങള്‍-2

എന്‍ പി ചെക്കുട്ടി

19ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ലണ്ടനില്‍ വ്യാപകമായിരുന്ന പല ഗൂഢ ആത്മീയവാദ പ്രസ്ഥാനങ്ങളോടും ഗാന്ധി പുലര്‍ത്തിയ അതിതീക്ഷ്ണമായ ബന്ധങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടാതെപോകുന്ന ഒരു ഘടകം. ഗൂഢാത്മക കള്‍ട്ടുകള്‍ക്ക് സമാനമായ നിരവധി പ്രസ്ഥാനങ്ങള്‍ അക്കാലത്ത് ലണ്ടനില്‍ പുഷ്‌കലമായിരുന്നു. ഗാന്ധിയുടെ ജീവിതദര്‍ശനങ്ങളുടെയും തന്റെ മനസ്സാക്ഷിയുടെ ശബ്ദത്തെ സംബന്ധിച്ച് അദ്ദേഹം പുലര്‍ത്തിയ ആത്മവിശ്വാസത്തിന്റെയും പിന്നില്‍ വര്‍ത്തിച്ച നിര്‍ണായക ശക്തി ഈ ഗൂഢ ആത്മീയവാദ പ്രസ്ഥാനങ്ങളുടെ ദീര്‍ഘകാല സ്വാധീനമാെണന്ന് ഗ്രന്ഥകാരി സമര്‍ഥിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ 1893 മുതല്‍ 1914 വരെ ഏതാണ്ട് രണ്ടു പതിറ്റാണ്ടു കാലം അഭിഭാഷകനായി പ്രവര്‍ത്തിച്ച ഗാന്ധിജിയുടെ സാമൂഹിക നിലപാടുകളെ കടുത്ത വിമര്‍ശനബുദ്ധിയോടെ വെളിപ്പെടുത്തുന്ന പുതിയൊരു ഗ്രന്ഥമാണ് 2015ല്‍ പുറത്തുവന്ന ‘ദ സൗത്ത് ആഫ്രിക്കന്‍ ഗാന്ധി: സ്ട്രച്ചര്‍ ബെയറര്‍ ഓഫ് എംപയര്‍’ എന്ന കൃതി. സാമ്രാജ്യത്വത്തിന്റെ വിനീതവിധേയ ദാസനായാണ് ഗാന്ധി അക്കാലത്ത് പ്രവര്‍ത്തിച്ചത് എന്നാണ് ദക്ഷിണാഫ്രിക്കയിലെ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്ന ഗ്രന്ഥകാരന്മാരായ അശ്വിന്‍ ദേശായിയും ഗുലാം വഹീദും സമര്‍ഥിക്കുന്നത്.
അവര്‍ അതിന് ആധാരമാക്കുന്നത് ബുവര്‍ യുദ്ധത്തിലും ഒന്നാം ലോകമഹായുദ്ധത്തിലും അദ്ദേഹം സ്വീകരിച്ച ബ്രിട്ടിഷ് അനുകൂല നിലപാടുകളാണ്. ദക്ഷിണാഫ്രിക്കയില്‍ ഡച്ച് വംശജരായ ബുവര്‍മാരുമായി യുദ്ധം നടക്കുന്ന വേളയില്‍ ബ്രിട്ടിഷ് സൈനികരെ ശുശ്രൂഷിക്കാന്‍ ഇന്ത്യക്കാരുടെ സന്നദ്ധസംഘത്തെ ഗാന്ധിജി ഒരുക്കുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി തോക്കേന്താന്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്യുകയുമുണ്ടായി. തന്റെ പ്രഖ്യാതമായ അഹിംസാ തത്ത്വങ്ങളൊന്നും യുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി ആളെക്കൂട്ടാന്‍ പ്രയത്‌നിക്കുന്നതില്‍ നിന്നു ഗാന്ധിജിയെ അക്കാലത്ത് തടയുകയുണ്ടായില്ല.
അതിനേക്കാള്‍ ഗുരുതരമായ ഒരു വിമര്‍ശനം ഗ്രന്ഥകാരന്മാര്‍ ഉന്നയിക്കുന്നത് ആഫ്രിക്കയിലെ തദ്ദേശീയ ജനതകളോട് ഗാന്ധി എടുത്ത സമീപനത്തെക്കുറിച്ചാണ്. യൂറോപ്യന്മാര്‍ അന്നാട്ടുകാരെ വിളിക്കാന്‍ ഉപയോഗിച്ച ‘കാഫിര്‍’ (മലയാളത്തില്‍ കാപ്പിരി) എന്ന പദം തന്നെയാണ് ഗാന്ധിയും അദ്ദേഹത്തിന്റെ എഴുത്തുകളിലും കത്തുകളിലും ആഫ്രിക്കക്കാരെക്കുറിച്ച് സൂചിപ്പിക്കാനായി ഉപയോഗിക്കുന്നത്.
ഈ ‘അപരിഷ്‌കൃത’ ജനങ്ങളേക്കാള്‍ എത്രയോ മേലെയാണ് തവിട്ടുനിറക്കാരായ ഏഷ്യന്‍ വംശജര്‍ എന്നാണ് ബ്രിട്ടിഷ് ഭരണാധികാരികള്‍ക്ക് അന്ന് അദ്ദേഹം എഴുതിയ കത്തുകളില്‍ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നത്. തദ്ദേശീയര്‍ ഉപയോഗിക്കുന്ന ഗേറ്റ് തന്നെ ഏഷ്യന്‍ വംശജരായ തങ്ങളും ഉപയോഗിക്കണം എന്ന അധികൃതരുടെ ഉത്തരവ് തിരുത്തിക്കാനായി അദ്ദേഹം അന്നത്തെ കോടതിയധ്യക്ഷനോട് അപേക്ഷിക്കുകയുണ്ടായി. അതിന്റെ ഫലമായി ‘അസ്പൃശ്യരാ’യ തദ്ദേശീയരില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യക്കാര്‍ക്കും മറ്റും ഉപയോഗിക്കാനായി വേറൊരു കവാടം തുറന്നുകിട്ടിയതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിക്കുന്നുമുണ്ട്.
ചുരുക്കത്തില്‍, ഗാന്ധിജിയുടെ ജീവിതദര്‍ശനത്തിലും ചിന്തയിലും ഉടനീളം കാണപ്പെടുന്ന വൈരുദ്ധ്യങ്ങളും കീഴാളവിരുദ്ധ സമീപനങ്ങളും ഇപ്പോള്‍ ചരിത്രകാരന്മാര്‍ കൂടുതല്‍ തെളിമയോടെ വിമര്‍ശനവിധേയമാക്കുന്നുണ്ട്. അതിനായി സമകാലിക രേഖകളെത്തന്നെയാണ് പണ്ഡിതന്മാര്‍ ഉപയോഗിക്കുന്നത് എന്നതും പ്രസക്തമാണ്. ഗാന്ധിജിയുടെ ഒരു പ്രതിമ ഘാനയില്‍ സ്ഥാപിച്ചത് നീക്കം ചെയ്യാനായി ഈയിടെ സര്‍വകലാശാലാ വിദ്യാര്‍ഥികളും അധ്യാപകരും പ്രക്ഷോഭം നടത്തുകയുണ്ടായി. ഗാന്ധിയുടെ നിലപാടുകള്‍ വംശീയ വിവേചനപരവും തദ്ദേശീയരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതുമായിരുന്നു എന്നാണ് അവര്‍ തങ്ങളുടെ പ്രക്ഷോഭത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
ഈ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നു വാദിക്കുന്നതില്‍ അര്‍ഥമില്ല. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തനായ നേതാവും പ്രതീകവും തന്നെയാണ് മഹാത്മാ ഗാന്ധി. അതേസമയം, ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അദ്ദേഹം സ്വീകരിച്ച സമീപനങ്ങളില്‍ ചിലതെങ്കിലും ആധുനിക മാനവിക സങ്കല്‍പങ്ങളുമായി തുലനം ചെയ്യുമ്പോള്‍ അത്രയൊന്നും സ്വീകാര്യമല്ല എന്ന വസ്തുത അംഗീകരിക്കാതിരിക്കാനുമാവില്ല. അത്തരം വിവേചനപരമായ നിലപാടുകള്‍ ആ കാലഘട്ടത്തിന്റെ സ്വഭാവവിശേഷമായിരുന്നു എന്നതു വാസ്തവമാണ്. ഗാന്ധിജി മാത്രമല്ല, ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്‌നെസ്’ എന്ന ലോകോത്തര നോവല്‍ എഴുതിയ ജോസഫ് കോണ്‍റാഡ് പോലും വംശീയതയുടെ പേരില്‍ വിമര്‍ശിക്കപ്പെടുകയുണ്ടായി. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്ന 1899ല്‍ രചിക്കപ്പെട്ട ഈ നോവലിനെ വംശീയതയുടെ പേരില്‍ വിമര്‍ശിച്ചത് നൈജീരിയന്‍ എഴുത്തുകാരനായ ചിന്വ അച്ചബെയാണ്.
പതിറ്റാണ്ടുകള്‍ക്കു ശേഷം വന്ന പുതിയ ധാരണകളുടെയും പ്രസ്ഥാനങ്ങളുടെയും വെളിച്ചത്തിലാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. പക്ഷേ, എന്തുകൊണ്ട് ഗാന്ധിജി തന്റെ ജീവിതത്തിലും സമരങ്ങളിലും സമൂഹത്തിലെ അപമാനിതരും അസ്പൃശ്യരുമായ ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങളെ വേണ്ടവിധം സഹാനുഭൂതിയോടെ പരിഗണിക്കുകയുണ്ടായില്ല എന്ന ചോദ്യം അപ്പോഴും പ്രസക്തമാണ്. ഇന്ത്യയിലെ ദലിത് സമൂഹവും ആഫ്രിക്കയിലെ തദ്ദേശീയ ജനതകളുമൊക്കെ ഇന്ന് അത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. അത്തരം ചോദ്യങ്ങളെ അവഗണിക്കുകയോ മറച്ചുവയ്ക്കുകയോ അല്ല, അതിനെ ലോകചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുകയാണ് കാമ്യമായിട്ടുള്ളത്. ഗാന്ധിജിയെ മഹാത്മാവായി നിലനിര്‍ത്തുന്നത് അത്തരത്തിലുള്ള വിമര്‍ശന-സ്വയംവിമര്‍ശന പ്രക്രിയയായിരിക്കും.
ഗാന്ധിജി ദൈവമല്ല, മനുഷ്യനാണ് എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍ പ്രധാനമായി ഓര്‍മവയ്‌ക്കേണ്ട കാര്യം എന്നുകൂടി സമീപകാല പഠനങ്ങള്‍ നമ്മോട് പറയുന്നുണ്ട്. ഗാന്ധിജിക്കു പകരം ഗോഡ്‌സേയെ ദേശീയ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ഗാന്ധിയെ തിരിച്ചുപിടിക്കാന്‍ ഇങ്ങനെയുള്ള തുറന്ന നിലപാടുകള്‍ അനിവാര്യമാണുതാനും.

(അവസാനിച്ചു.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day