|    Jan 23 Mon, 2017 10:37 pm

ഗാന്ധിജയന്തി വാരം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

Published : 1st October 2016 | Posted By: Abbasali tf

കൊല്ലം: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരം കൊല്ലം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനാഘോഷത്തോടെ തുടക്കം കുറിക്കുന്ന പരിപാടികള്‍ എട്ടുവരെ നീണ്ടുനില്‍ക്കും. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, മറ്റ് വകുപ്പുകള്‍, വിവിധ ഗാന്ധിയന്‍ സംഘടനകള്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.ചിന്നക്കട റസ്റ്റ് ഹൗസ് ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന ശാന്തിയാത്രയോടെയാണ് ഗാന്ധിജയന്തി ദിനത്തിലെ പരിപാടികള്‍ ആരംഭിക്കുക. ബീച്ചിനു സമീപത്തെ ഗാന്ധി പാര്‍ക്കില്‍ ശാന്തിയാത്ര സമാപിക്കും. തുടര്‍ന്ന്  ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, സര്‍വ്വമത പ്രാര്‍ഥന, സമ്മേളനം, ദേശീയോദ്ഗ്രഥന പ്രതിജ്ഞ, ഗാന്ധി അനുസ്മരണ പ്രഭാഷണം തുടങ്ങിയവ നടക്കും. അന്ന് തിരുമുല്ലാവാരം ബീച്ചിലെ ഗാന്ധിഘട്ടില്‍ സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന ഗാന്ധിയനുമായ ചുളുര്‍ ഭാസ്‌കരന്‍ നായര്‍ക്ക് വിദ്യാര്‍ഥികള്‍ ആദരമര്‍പ്പിക്കും. സ്റ്റുഡന്റ് പോലിസ് കാഡറ്റുകളും വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും ഭാസ്‌കരന്‍നായരുമായുള്ള മുഖാമുഖവും ഉണ്ടായിരിക്കും.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗാന്ധി ചിത്രപ്രദര്‍ശനം, ലഹരിവിരുദ്ധ സൈക്കിള്‍ റാലി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഗാന്ധി കലോല്‍സവം, വിവിധ സ്‌കൂളുകളില്‍ സെമിനാറുകള്‍, ഗാന്ധിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളുടെ പ്രദര്‍ശനം തുടങ്ങിയവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രസംഗം, പ്രശ്‌നോത്തരി, ദേശഭക്തിഗാനം, പെയിന്റിങ് എന്നീയിനങ്ങളിലാണ് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മല്‍സരങ്ങള്‍ നടത്തുന്നത്. വാരാഘോഷത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ഖാദി വകുപ്പും ഒക്ടോബര്‍ രണ്ടുമുതല്‍ ഏഴുവരെ ശുചിത്വ വാരാചരണം നടത്തും. കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യവകുപ്പ് രൂപം നല്‍കിയിട്ടുള്ളത്. ജില്ലയിലെ ഉല്‍പ്പാദന കേന്ദ്രങ്ങളിലാണ് ഖാദി വകുപ്പിന്റെ നേതൃത്വത്തില്‍ ശൂചീകരണം നടത്തുന്നത്. ഖാദി വകുപ്പും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മല്‍സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവകവികളെ പങ്കെടുപ്പിച്ച് കൊല്ലം ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ദീപാഞ്ജലി  എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കും. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറികളില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രത്യേക ശുചീകരണ യജ്ഞം നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക