|    Apr 30 Sun, 2017 12:41 pm
FLASH NEWS

ഗാനമേളയ്ക്കിടെ പോലിസിനെ ആക്രമിച്ചു;30 പേര്‍ക്കെതിരേ വധശ്രമത്തിനു കേസ്

Published : 31st October 2016 | Posted By: SMR

കണ്ണൂര്‍: ചാലാട് ശ്രീ ധര്‍മശാസ്താ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള ഗാനമേളയ്ക്കിടെ പോലിസുകാരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 30 പേര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച രാത്രി 10.30ഓടെയാണു സംഭവം. ഗാനമേളയ്ക്കിടെ ഇരുവിഭാഗം യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ ഏതാനും പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇതിനു ശേഷം സംഘടിച്ചെത്തിയ സംഘം സമീപം നിര്‍ത്തിയിട്ട ടൗണ്‍ പോലിസിന്റെ വാഹനം തകര്‍ക്കുകയും പോലിസുകാരെ ആക്രമിക്കുകയുമായിരുന്നു. ടൗണ്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ജയപ്രകാശ്(48), ടൗണ്‍ അഡീഷനല്‍ എസ്‌ഐ രാഘവന്‍(52), സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പ്രകാശ്(44), സിവില്‍ പോലിസ് ഓഫിസര്‍ ലക്ഷ്മണന്‍(46) എന്നിവര്‍ക്കാണു പരിക്കേറ്റത്. പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് അക്രമികളെ പിന്തിരിപ്പിച്ചത്. പോലിസ് വാഹനത്തിന്റെ ചില്ലും വയര്‍ലസ് സെറ്റും തകര്‍ത്തിട്ടുണ്ട്. പരിക്കേറ്റ പോലിസുകാര്‍ കൊയിലി, എകെജി ആശുപത്രികളില്‍ ചികില്‍സയിലാണ്. പരിക്കേറ്റവരെ ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍, ടൗണ്‍ സിഐ വേണുഗോപാല്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സംഭവ സ്ഥലത്ത് വച്ചു തന്നെ 23 പേരെയും ഓര്‍ക്കെസ്ട്രയ്ക്ക് ഉപയോഗിച്ച മൈക്ക്, സ്പീക്കര്‍ എന്നിവയും കസ്റ്റഡിയിലെടുത്തിരുന്നു. അക്രമികള്‍ക്കെതിരേ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അനുമതിയില്ലാതെ ഗാനമേള നടത്തിയതിനു സംഘാടകര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day