|    Nov 19 Mon, 2018 9:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗാഡ്ഗില്‍ റിപോര്‍ട്ട്; അപേക്ഷ കേന്ദ്രം തള്ളി: മുന്‍ വിവരാവകാശ കമ്മീഷണര്‍

Published : 21st August 2018 | Posted By: kasim kzm

മുംബൈ: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംബന്ധിച്ച് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ റിപോര്‍ട്ട് വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്ന് മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി. വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനുള്ള കമ്മീഷന്റെ നിര്‍ദേശം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും സാമ്പത്തിക താല്‍പര്യം ചൂണ്ടിക്കാട്ടി കേന്ദ്രം നിരസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കിയ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ നേതൃത്വം ഗാഡ്ഗിലിനായിരുന്നു. പരിസ്ഥിതിപ്രാധാന്യമുള്ളവയെന്ന നിലയില്‍ പശ്ചിമഘട്ട മേഖലകളെ തരംതിരിക്കണമെന്ന് 2011ല്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. കേരളത്തിലെ പ്രളയത്തെ തുടര്‍ന്നാണ് റിപോര്‍ട്ട് ജനശ്രദ്ധ ആകര്‍ഷിച്ചത്. നദീതീരങ്ങളിലെ അനധികൃത നിര്‍മാണവും ക്വാറികളും പ്രളയത്തിന് കാരണങ്ങളായ ഘടകങ്ങളാണെന്ന് ഗാഡ്ഗില്‍ ഈയിടെ പറഞ്ഞിരുന്നു.
ഗാഡ്ഗില്‍ റിപോര്‍ട്ട് പുറത്തുവിടണമെന്ന് അഭ്യര്‍ഥിച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത് എറണാകുളം സ്വദേശി ജി കൃഷ്ണനായിരുന്നു. വിവരാവകാശ നിയമത്തിലെ എട്ടും ഒമ്പതും വകുപ്പുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം അപേക്ഷ തള്ളി. കൃഷ്ണന്‍ രണ്ടാമതും നല്‍കിയ അപേക്ഷയില്‍ റിപോര്‍ട്ട് പരസ്യപ്പെടുത്താനാണ് ഗാന്ധി ഉത്തരവിട്ടത്. ഇതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കോടതി കേന്ദ്രത്തിന്റെ ഹരജി തള്ളി.
തുടര്‍ന്ന് ബഹിരാകാശ ശാസ്ത്രജ്ഞന്‍ കെ കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റി രൂപീകരിച്ചു. ഗാഡ്ഗില്‍ റിപോര്‍ട്ടിലെ പാരിസ്ഥിതിക നിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ത്ത റിപോര്‍ട്ടാണ് കസ്തൂരി രംഗന്‍ സമിതി സമര്‍പ്പിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss