|    Sep 23 Sun, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗാംബിയ: ജാമിഹിന്റെ കാലാവധിപാര്‍ലമെന്റ് നീട്ടി

Published : 19th January 2017 | Posted By: fsq

 

ബാന്‍ജുല്‍: പശ്ചിമാഫ്രിക്കയിലെ ചെറു രാജ്യമായ ഗാംബിയയിലെ രാഷ്ട്രീയ പ്രതിസന്ധി സങ്കീര്‍ണമാവുന്നു. പ്രസിഡന്റ് യഹിയ ജാമിഹിന്റെ കാലാവധി ഗാംബിയന്‍ പാര്‍ലമെന്റ്് അനിശ്ചിതമായി നീട്ടി. കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ഈ നടപടി. മൂന്നു മാസത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കാനുള്ള തീരുമാനത്തിനും പാര്‍ലമെന്റ് അംഗീകാരം നല്‍കി. ജാമിഹ് അനുകൂലികള്‍ക്കാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം.അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയി ആദമ ബാരോവിന് അധികാരം കൈമാറാന്‍ ജാമിഹിനോട് ആവശ്യപ്പെട്ട മേഖലയിലെ നേതാക്കള്‍ ആവശ്യമെങ്കില്‍ സൈനിക ശക്തിയും ഉപയോഗിക്കുമെന്നു മുന്നറിയിപ്പ് നല്‍കി. വിദേശ വിനോദസഞ്ചാരികള്‍ ഒന്നടങ്കം രാജ്യം വിട്ടുപോവുകയാണ്. തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായ ആദം ബരോയോട് തോറ്റ പ്രസിഡന്റ് ജാമിഹ് പദവി ഒഴിയാന്‍ വിസമ്മതിച്ചതോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ജാമിഹിനെ അനുനയിപ്പിക്കാനുള്ള ആഫ്രിക്കന്‍ നേതാക്കളുടെ ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. ജാമിഹിനുമേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ നൈജീരിയ യുദ്ധക്കപ്പല്‍ വിന്യസിച്ചിട്ടുണ്ട്. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ എകോവാസ് സെനഗലിന്റെ നേതൃത്വത്തില്‍ സൈനിക ഇടപെടലിന് തയ്യാറെടുക്കുകകയാണ്. അതേസമയം, രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുകയോ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയോ ക്രമസമാധാന പാലനം തടസ്സപ്പെടുത്തുകയോ ചെയ്താല്‍ ശക്തമായി നേരിടുമെന്ന് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത ജാമിഹ് അറിയിച്ചു. ക്രമസമാധാന പാലനം കാര്യക്ഷമമായി നടപ്പാക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss