|    Oct 24 Wed, 2018 11:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗസ്‌നി: ഏറ്റുമുട്ടല്‍ തുടരുന്നു; 300ലേറെ പേര്‍ കൊല്ലപ്പെട്ടു

Published : 14th August 2018 | Posted By: kasim kzm

കാബൂള്‍: അഫ്ഗാനിസ്താനിലെ തന്ത്രപ്രധാന നഗരമായ ഗസ്‌നിയില്‍ നാലു ദിവസമായി തുടരുന്ന ഏറ്റുമുട്ടലിനിടെ 100 സൈനികരും 20 സിവിലിയന്‍മാരും കൊല്ലപ്പെട്ടതായി റിപോര്‍ട്ട്്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗസ്‌നി നിയന്ത്രണത്തിലാക്കാന്‍ താലിബാന്‍ ആക്രമണം തുടങ്ങിയത്. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. 12 നേതാക്കളടക്കം 194 താലിബാന്‍ പോരാളികളെ സൈന്യം കൊലപ്പെടുത്തിയതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രി താരീഖ് ഷാ ബഹ്‌റമി അറിയിച്ചു.
നഗരത്തിന്റെ മിക്ക പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
ഗവര്‍ണറുടെ കാര്യാലയം, പോലിസ് ആസ്ഥാനം, രഹസ്യാന്വേഷണ വിഭാഗം ഓഫിസ് എന്നിവ മാത്രമാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നും ഇവ കൂടി പിടിച്ചെടുക്കാനുള്ള നീക്കമാണ് താലിബാന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ഗസ്‌നിയില്‍ നിന്നുള്ള ജനപ്രതിനിധി ചമന്‍ ഷാ ഇഹ്തിമാദി പറഞ്ഞു.
അഫ്ഗാന്‍ പോലിസും രഹസ്യാന്വേഷണ വിഭാഗവുമാണ് താലിബാനെതിരായ ആക്രമണത്തിനു നേതൃത്വം നല്‍കുന്നതെന്നും സൈന്യത്തിന്റെ സഹായം ഇല്ലാതെയാണ് പോരാട്ടമെന്നും പ്രവിശ്യ കൗണ്‍സിലര്‍ നസീര്‍ അഹ്മദ് ഫഖിരി അറിയിച്ചു. അത്യന്തം അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരം തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് അഫ്ഗാന്‍ സൈനിക തലവന്‍ മുഹമ്മദ് ശരീഫ് യഫ്ത്താലി അവകാശപ്പെട്ടു. തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം സൈന്യത്തിന്റെ കൈയിലാണെന്നും താലിബാന്‍ പോരാളികള്‍ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നാണ് പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍കാര്‍ക്കെതിരേ യുഎസ് സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയതായി സൈനിക വക്താവ് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss