|    Apr 25 Tue, 2017 4:05 pm
FLASH NEWS

ഗസ്റ്റ് ഹൗസുകളില്‍ താമസിച്ച് സര്‍ക്കാരിന് നഷ്ടമുണ്ടാക്കി; സിബിഐക്കെതിരേ വിജിലന്‍സ് കേസ്

Published : 26th October 2016 | Posted By: SMR

കൊച്ചി: സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ താമസിച്ച വകയില്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന പരാതിയില്‍ സിബിഐക്കെതിരേ വിജിലന്‍സ് കേസെടുത്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തേ കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ബിജിമോന്‍ നടത്തിയ ത്വരിത പരിശോധനയില്‍ സിബിഐക്കെതിരായ ആരോപണം വസ്തുതാപരമാണെന്നും സിബിഐയില്‍ നിന്നും തുക ഈടാക്കുവാന്‍ നടപടിയെടുക്കാവുന്നതാണെന്നും കാണിച്ച് റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി മാധവന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയോട് കേസെടുക്കാന്‍ ഉത്തരവിട്ടത്.
പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസുകളില്‍ കേസന്വേഷണത്തിന്റെ പേരില്‍ സിബിഐ ഉദ്യോഗസ്ഥര്‍ താമസിച്ചവകയില്‍ കേരള സര്‍ക്കാരിന് വാടകയിനത്തില്‍ 10 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്നത്. പിഡബ്ല്യുഡി മുന്‍ സെക്രട്ടറി ടി ഒ സൂരജ്, മുന്‍ ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരന്‍, പി ഡബ്ല്യുഡി മുന്‍ സെക്രട്ടറി, എ പി എ മുഹമ്മദ് ഹനീഫ്, മുന്‍ എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, പി ഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ, എറണാകുളം പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ടി ബിന്ദു, സിബിഐ ഡിവൈഎസ്പി പ്രേമകുമാര്‍, സിബിഐ തിരുവനന്തപുരം എസ് പി ജോസ്‌മോന്‍ തുടങ്ങിയവരെയും പ്രതിസ്ഥാനത്ത് ചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് ജോമോന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സിബിഐക്കെതിരേ വിജിലന്‍സ് കേസെടുക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day