|    Jul 27 Thu, 2017 8:22 pm
FLASH NEWS

ഗസ്റ്റ് അധ്യാപക നിയമനം അനിശ്ചിതത്വത്തില്‍

Published : 28th July 2016 | Posted By: SMR

കാസര്‍കോട്: ഗസ്റ്റ് അധ്യാപക നിയമനം അനിശ്ചിതത്വത്തിലായതോടെ ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ വിദ്യാലയത്തിലെ പഠനം അവതാളത്തിലായി. ഈ വര്‍ഷം നിലവിലുള്ള താല്‍ക്കാലിക അധ്യാപകര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഹൈസ്‌കൂളിലെ താല്‍ക്കാലിക അധ്യാപകര്‍ക്ക് ദിവസം 975 രൂപയും യുപി വിഭാഗങ്ങളില്‍ 850 രൂപ വീതവുമാണ് നല്‍കിയിരുന്നത്.
താല്‍ക്കാലിക അധ്യാപകരുടെ നിയമനത്തിന് പുതിയ ഉത്തരവ് പുറപ്പെടുവിക്കാത്തതിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ വിദ്യാര്‍ഥികള്‍ കൂടുതലായി പഠിക്കുന്ന ദേലംമ്പാടി, അഡൂര്‍, ആദൂര്‍, പാണ്ടി, അംഗഡിമുഗര്‍, ബദിയടുക്ക, പെര്‍ള, മഞ്ചേശ്വരം തുടങ്ങിയ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായത്.
ഈ സ്‌കൂളുകളില്‍ രണ്ടോ മൂന്നോ സ്ഥിരം അധ്യാപകര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് 2007 ഏപ്രിലില്‍ ഇറങ്ങിയ ജിഒപി 80/2007 എന്ന ഉത്തരവ് പ്രകാരമാണ് അധ്യാപകരെ നിയമിക്കുന്നത്. ഈ സര്‍ക്കുലര്‍ വര്‍ഷാവര്‍ഷം പുതുക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഉത്തരവ് പുതുക്കാത്തതാണ് താല്‍ക്കാലിക അധ്യാപകരുടെ നിയമനത്തിന് തടസ്സമാകുന്നത്. 47/002/92/14  എന്ന 2014 ജിഇഡി 2014 ആഗസ്റ്റ് 26ന് പുറത്തിയ ഉത്തരവില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഭാഷാന്യൂനപക്ഷ പ്രദേശങ്ങളെ ഇതില്‍ പരാമര്‍ശിക്കുന്നില്ല.
പഴയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിച്ച സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാവാതെ ബുദ്ധിമുട്ടുകയാണ്. സംസ്ഥാനത്ത് 3100 അധ്യാപകര്‍ അധികമായുണ്ടെന്നും ഇവരെ പുനര്‍വിന്യാസിച്ചാല്‍ അധ്യാപകരില്ലാത്ത സ്‌കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാനാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അധ്യാപകരെ കിട്ടാനില്ലാത്ത പ്രദേശങ്ങളാണ് ഭാഷാന്യൂനപക്ഷ മേഖല.
സര്‍ക്കാര്‍ നിയമനം നടത്തിയാലും അധ്യാപകര്‍ ഇവിടെ നിന്നും സ്ഥലം മാറി പോകുന്നത് പതിവാണ്. സ്‌കൂള്‍ തുറന്ന് രണ്ട് മാസം പിന്നിട്ട് ഓണപരീക്ഷക്കുള്ള ഒരുക്കം നടക്കുമ്പോഴും പല വിഷയങ്ങളും പഠിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ അതിര്‍ത്തി മേഖലയിലെ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക