|    Aug 20 Mon, 2018 2:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗസല്‍ പോലെ ആ ജീവിതം

Published : 2nd August 2018 | Posted By: kasim kzm

നിഖില്‍ ബാലകൃഷ്ണന്‍

കൊച്ചി: ഗസല്‍ എന്ന മൂന്നക്ഷരം മലയാളിക്ക് ഉമ്പായി ആണ്. പാട്ടില്ലാതെ തനിക്ക് ജീവിതമില്ലെന്ന് ഉമ്പായി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സംഗീതം പോലെയായിരുന്നു ഉമ്പായിയുടെ ജീവിതവും. ആയാസരഹിതമെന്നു തോന്നിക്കുമ്പോഴും അടുത്തറിയുമ്പോള്‍ ആഴമേറുന്ന ഗസല്‍ സംഗീതം പോലെ. ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളില്‍ ചാലിച്ചെടുത്ത സംഗീതമായതുകൊണ്ട് ആ തീവ്രതയെല്ലാം ഉമ്പായിയുടെ ആലാപനത്തില്‍ ഒളിഞ്ഞിരുന്നു.
ചുമട്ടു തൊഴിലാളിയായും ഡ്രൈവറായും ഇലക്ട്രീഷ്യനായും ഉമ്പായി ജീവിതത്തില്‍ എടുത്തണിയാത്ത വേഷങ്ങളില്ല. ദാരിദ്ര്യത്തിലും വരദാനമായി ലഭിച്ച സംഗീതം ഉള്ളിലൊതുക്കി ഉമ്പായി ജീവിതത്തെ സധൈര്യം നേരിട്ടു. സംഭവബഹുലമായിരുന്നു ഉമ്പായിയുടെ ജീവിതം. ഏഴാം ക്ലാസ് വരെ കല്‍വത്തി സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പഠനം. മട്ടാഞ്ചേരി ഹാജി ഈസ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡെസ്‌കും ബെഞ്ചും തബലയാക്കി കൊട്ടി രസിച്ചിരുന്നു. പിതാവിന് ഉമ്പായി സംഗീതകാരനാവുന്നതില്‍ താല്‍പര്യമില്ലായിരുന്നു. അക്കാലത്ത് കൊച്ചിയിലെ കലാകാരന്‍മാരില്‍ പലരും മദ്യത്തിനടിമകളായിരുന്നു എന്നതായിരുന്നു കാരണം.
മട്ടാഞ്ചേരി ടൗണ്‍ഹാളില്‍ ഉസ്താദ് അല്ലാരഖായുടെയും പണ്ഡിറ്റ് രവിശങ്കറിന്റെയും ജുഗല്‍ബന്ദി കേള്‍ക്കാന്‍ പോയതിനു പിതാവ് ഉമ്പായിയെ കെട്ടിയിട്ടടിച്ച സംഭവമുണ്ടായി. ഇഎംഎസ് എറണാകുളത്ത് പ്രസംഗിക്കാന്‍ വന്നാല്‍ അത് കേള്‍ക്കാന്‍ പിതാവ് ഉമ്പായിയെ നിര്‍ബന്ധിക്കുമായിരുന്നു. മകന്‍ നന്നാകാനുള്ള മാര്‍ഗമായാണ് അദ്ദേഹം ഇതിനെ കണ്ടത്. മെഹ്ബൂബിനു വേണ്ടി തബല വായിച്ചപ്പോള്‍ വാദനം ഇഷ്ടപ്പെട്ട മെഹ്ബൂബ് കൂടുതല്‍ പഠിക്കാനായി മുംൈബയിലേക്ക് പോകുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. മുംബെയിലേക്ക് വണ്ടി കയറിയ ഉമ്പായി ദീര്‍ഘകാലത്തെ തെരുവുജീവിതത്തിനിടയില്‍ ഉസ്താദ് മുജാവര്‍ അലി എന്ന ഗുരുനാഥനെ കണ്ടെത്തുകയായിരുന്നു. തിരിച്ചെത്തിയ ഉമ്പായി എറണാകുളത്തെ അബാദ് പ്ലാസയില്‍ രാത്രികാല പാട്ടുകാരനായി മാറി. ബോംബെയിലെ ജീവിതത്തിലാണ് സംഗീതത്തെ അടുത്തറിയാന്‍ ഭാഗ്യം സിദ്ധിച്ചത്. ഉമ്പായിയുടെ ജീവിതത്തില്‍ വഴിത്തിരിവായതും അതാണ്.
പണമില്ലാത്തതിനാല്‍ ട്രെയിനില്‍ ടിക്കറ്റെടുക്കാവാതെ യാത്ര ചെയ്യുമ്പോള്‍ പിടികൂടാന്‍ വന്ന പോലിസുകാരെ പാട്ട് പാടി മയക്കിയ സംഭവം ആത്മകഥയിലും പല അഭിമുഖങ്ങളിലും ഉമ്പായി സൂചിപ്പിച്ചിട്ടുണ്ട്. സംഗീത ട്രൂപ്പ് രൂപീകരിച്ച് സംഗീതരംഗത്ത് സജീവമായി നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോഴും പിന്നിട്ട വഴികളിലെ കയ്‌പേറിയ അനുഭവങ്ങള്‍ എന്നും ഉമ്പായി നെഞ്ചോട് ചേര്‍ത്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss