|    Jan 21 Sat, 2017 3:31 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗസയിലെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍

Published : 10th August 2016 | Posted By: SMR

ദോഹ: 100 മെഗാ വാട്ടിന്റെ ജനറേറ്റര്‍ ലഭ്യമാക്കി ഗസയിലെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഗസ പുനര്‍ നിര്‍മാണത്തിനുള്ള ഖത്തരി കമ്മിറ്റിയുടെ ചെയര്‍മാന്‍ ഇസ്മാഈല്‍ അല്‍ഇമാദി പറഞ്ഞു. ഏഴോ, എട്ടോ മാസത്തിനുള്ളില്‍ പ്രശ്‌ന പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്.
പിതാവ് അമീര്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ പേരിലുള്ള റസിഡന്‍ഷ്യല്‍ സിറ്റിയുടെ ആദ്യഘട്ടവും ഖാന്‍ യൂനുസിലെ പുനരധിവാസ കേന്ദ്രവും നോക്കിക്കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറേറ്റര്‍ ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അല്‍ഇമാദി പറഞ്ഞു. റസിഡന്‍ഷ്യന്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ 1000 വീടുകള്‍ ഗസയില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്.
ഗസയിലെ എല്ലാ പദ്ധതികളും ഫലസ്തീന്‍ നിര്‍മാണ കമ്പനികളെയും പ്രാദേശിക തൊഴിലാളികളെയും ഉപയോഗിച്ചാണ് നടപ്പാക്കുകയെന്ന് അല്‍ഇമാദി നേരത്തേ ഉറപ്പ് നല്‍കിയിരുന്നു. ഗസയിലെ തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് വിദേശ കമ്പനികളെ ആശ്രയിക്കുകയില്ല. സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതും പ്രാദേശിക വിതരണക്കാരില്‍ നിന്നായിരിക്കും. ബന്ധപ്പെട്ട മേഖലയില്‍ ഗസയിലെ നിരവധി പേര്‍ക്ക് ജോലി ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് ഫലസ്തീന്‍ സ്വകാര്യ മേഖലയുടെയും ട്രേഡ് യൂനിയനുകളുടെയും മറ്റ് സംഘടനകളുടെയും പ്രതിനിധികളുടെയും യോഗത്തില്‍ അല്‍ഇമാദി പറഞ്ഞു.
ഗസ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ബധിരരായ മുഴുവന്‍ ബിരുദ ധാരികള്‍ക്കും ഖത്തര്‍ 500 ഡോളര്‍ വീതം നല്‍കുമെന്ന് മറ്റൊരു ചടങ്ങില്‍ അല്‍ഇമാദി അറിയിച്ചു. യൂനിവേഴ്‌സിറ്റിയിലെ ബധിര വിദ്യാര്‍ഥികളുടെ ക്ലാസിന് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2012 ഒക്ടോബറില്‍ പിതാവ് അമീര്‍ ഗസ സന്ദര്‍ശിച്ചതു മുതല്‍ ഖത്തറിന്റെ സഹായം തുടരുകയാണ്. ഇതുവരെയായി 62 കോടി ഡോളര്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ 40.7 കോടി ഗ്രാന്റും 6 കോടി ശമ്പളവും, 8 കോടി വൈദ്യുതോല്‍പ്പാദനത്തിനും 3.3 കോടി മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുമാണ് നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക