|    Dec 18 Tue, 2018 6:27 pm
FLASH NEWS

ഗവ. മോയന്‍ ഗേള്‍സ് സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പാതിവഴിയില്‍

Published : 15th June 2017 | Posted By: fsq

 

ഒലവക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന ഗവ. മോയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പദ്ധതി അവതാളത്തില്‍. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ ഫണ്ടില്‍ നിന്ന് 8 കോടി മുടക്കി നടത്തുന്ന പദ്ധതിയിലാണ് വന്‍ അഴിമതിയും കെടുകാര്യസ്ഥതയും മൂലം  അവതാളത്തിലായത്്. പണി തുടങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത  ഡിജിറ്റലൈസേഷന്‍ പദ്ധതി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തലവേദനയാവുന്നു. 2015 നവംബര്‍ 3ന് ആണ് ഡിജിറ്റല്‍ സംവിധാനത്തിന്റെ മരാമത്ത് പണികള്‍ ആരംഭിച്ചത്. എന്നാല്‍ ഇതുവരെ പണി പൂര്‍ത്തിയായിട്ടില്ല. 4500 വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന വിദ്യാലയമാണ് മോയന്‍സ്. ഡിജിറ്റലൈസേഷന്റെ ഭാഗമായി തയ്യാറാക്കുന്ന ബെഞ്ചും, ഡെസ്‌ക്കും ഗുണനിലവാരമില്ലാത്തതാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇവയില്‍ ചിലത് കേടുവന്നതായും പറയുന്നു. ക്ലാസ് റൂമുകളില്‍ ടൈല്‍സ് പതിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിലവില്‍ ഷീറ്റാണ് പതിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പഴയ കെട്ടിടങ്ങളിലുണ്ടായിരുന്ന വിലപ്പിടിപ്പുള്ള  മരസാധനങ്ങള്‍ കാണാതായി. കോണ്‍ട്രാക്ടര്‍മാര്‍ക്കായി നല്‍കിയിട്ടുള്ള വൈദ്യുതി കണക്ഷനില്‍ നിന്നല്ലാതെ  പലസ്ഥലത്തുനിന്നും അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതു കാരണം വിദ്യാലയത്തിന്റെ വൈദ്യുതി ബില്‍ വലിയ തോതില്‍ വര്‍ധിച്ചതായി പിടിഎ കമ്മിറ്റി പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് ഒരു വിവരവും കൈമാറുന്നില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അധികൃതര്‍ക്ക്  അറിവില്ലെന്നും  എസ്റ്റിമേറ്റില്‍ ഇല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവകാശം കോണ്‍ട്രാക്ടര്‍ക്കു മാത്രമാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ്, മെഷര്‍മെന്റ് ബുക്ക്, മസ്റ്റര്‍ റോള്‍  എന്നിവ ആരും  കണ്ടിട്ടില്ലെന്നും രക്ഷകര്‍തൃസമിതി ആരോപിക്കുന്നു. ഇതിനിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ടര്‍ എത്തിച്ച തൊഴിലാളികളെകുറിച്ചും വ്യാപകമായ ആരോപണങ്ങളാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്നത്. ഇവര്‍ ശൗചാലയങ്ങള്‍ വൃത്തിഹീനമാക്കുന്നതായും കിണറും പരിസരവും വൃത്തിഹീനമാക്കുന്നതായും വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നതായും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സ്‌കൂളിന്റെയും വിദ്യാര്‍ഥികളുടെയും ദുരവസ്ഥയെകുറിച്ച്  കളക്ടര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. അതേകുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടു തവണ  യോഗം വിളിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു തവണയും അസൗകര്യത്തിന്റെ പേരു പറഞ്ഞ് യോഗം മാറ്റിവച്ചുവെന്ന് മോയന്‍സ് സ്‌കൂള്‍ പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചു. ഡിജിറ്റലൈസേഷന്‍  പദ്ധതി അനന്തമായി നീളുന്നതിനെതിരെ  പ്രതിഷേധം ശക്തമാവുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss