|    Nov 17 Sat, 2018 6:17 am
FLASH NEWS

ഗവ. മെഡി. കോളജില്‍ നവജാതശിശുക്കളുടെ ചികില്‍സയ്ക്കായി പ്രത്യേക വിഭാഗം

Published : 4th August 2018 | Posted By: kasim kzm

തൃശൂര്‍: നവജാത ശിശുക്കളുടെ ചികില്‍സയ്ക്കായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നവജാത ശിശു വിഭാഗം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായി ശിശുരോഗ വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറുടെ ഒരു തസ്തികയും അസിസ്റ്റന്റ് പ്രഫസര്‍, സീനിയര്‍ റസിഡന്റ് വിഭാഗങ്ങളില്‍ 2 തസ്തികകള്‍ വീതവും അനുവദിച്ചിട്ടുണ്ട്. തൂക്കകുറവുള്ളതും മാസം തികയാതെ പ്രസവിക്കുന്നതും അതീവ പരിചരണം ആവശ്യമുള്ളവരുമായ നവജാത ശിശുക്കള്‍ക്ക് മികച്ച ചികില്‍സയും പരിചരണവും നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായാണ് പ്രത്യേകമായി നവജാതശിശു വിഭാഗം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലെ രോഗികളുടെ അവസാന അഭയ കേന്ദ്രമാണ് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. 2006 മുതല്‍ കുട്ടികള്‍, നവജാത ശിശുക്കള്‍ വിഭാഗങ്ങളിലായി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഒരു വര്‍ഷം ശരാശരി 26,000 രോഗികള്‍ ശിശുരോഗ വിഭാഗത്തില്‍ ചികില്‍സയ്ക്കായി എത്താറുണ്ട്. 4000 ത്തോളം കിടത്തി ചികില്‍സ ആവശ്യമുള്ള രോഗികളില്‍ 1200 ഓളം നവജാത ശിശുക്കളാണ്. അക്കാദമിക് തലത്തില്‍ 2006ല്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ എണ്ണം 100 ല്‍ നിന്നും 150 ആയി വര്‍ദ്ധിച്ചിരുന്നു. ശിശുരോഗ വിഭാഗത്തില്‍ 2007 ല്‍ 2 വിദ്യാര്‍ഥികളോടെ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിക്കുകയും പിന്നീട് വിദ്യാര്‍ഥികളുടെ എണ്ണം 2010 ല്‍ 3 ആയും 2016 ല്‍ 9 ആയും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം ആനുപാതികമായി അധ്യാപക തസ്തികകളുടെ എണ്ണത്തില്‍ വര്‍ധന് ഉണ്ടായിട്ടില്ല. ഇതുകൂടി മുന്നില്‍ കണ്ടാണ് പുതിയ 5 തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ നവജാതശിശു വിഭാഗം ഐസിയു വെന്റിലേറ്ററോടു കൂടിയ ലെവല്‍ 3 കേന്ദ്രമാണ്. മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് ചൂട് നല്‍കാനായി റേഡിയന്റ് വാമറുകള്‍, ഇങ്കുബേറ്ററുകള്‍, കൃത്രിമ ശ്വാസം നല്‍കാനായി വെന്റിലേറ്ററുകള്‍ എന്നിവ ഇവിടെ സജ്ജമാണ്. 9 വെന്റിലേറ്ററുകളും നൂതന സാങ്കേതികവിദ്യയുള്ള ഒരു ഹൈ ഫ്രീക്വന്‍സി വെന്റിലേറ്ററുമുണ്ട്. തീരെ മാസം തികയാത്ത നവജാത ശിശുക്കളുടെ ശ്വാസകോശം വികസിക്കില്ല. അത്തരം കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകതരം സര്‍ഫക്ടന്റ് ചികില്‍സയും ഇവിടെ ലഭ്യമാണ്. വളരെ ചെലവേറിയ ഈ ചികില്‍സ ഇവിടെ സൗജന്യമായി ചെയ്യാന്‍ കഴിയുന്നു.
ജനിച്ച ഉടനെ കരയാന്‍ താമസിക്കുക, ശ്വാസ തടസം, കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം, ജന്മ വൈകല്യം, ഹൃദയ തടസം തുടങ്ങിയ എല്ലാ അസുഖമുള്ള കുഞ്ഞുങ്ങള്‍ക്കും ഇവിടെ നിന്നും പരിചരണം ലഭ്യമാണ്. നവജാത ശിശുക്കള്‍ക്ക് പരിചരണം ഉറപ്പാക്കുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടിയ ഉപകരണങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിന് കൂടിയാണ് നവജാതശിശു വിഭാഗം രൂപീകരിച്ചത്.
സര്‍ക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ശിശുമരണ നിരക്ക് കുറയ്ക്കുക എന്നത്. ഇതിനായി 4 പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. നവജാത ശിശുക്കളുടെ പ്രധാന മരണ കാരണം ഹൃദയ വൈകല്യമാണ്. ഇത്തരം കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായാണ് ഹൃദ്യം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ജനന വൈകല്യം നേരത്തെ കണ്ടുപിടിച്ച് ചികില്‍സിക്കാനായുള്ള ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററുകളും തുടങ്ങി. ഹോര്‍മോണ്‍ അപര്യാപ്തത മൂലമുള്ള ബുദ്ധിമാന്ദ്യം പോലുള്ള പ്രശ്‌നങ്ങള്‍ ഫലപ്രദമായി ചികില്‍സിക്കുക എന്നതാണ് മൂന്നാമത്തേത്. കേള്‍വിക്കുറവ് കണ്ടെത്തി കോക്ലിയര്‍ ഇംപ്ലാന്റിലൂടെ കേള്‍വിശക്തി തിരിച്ചു നല്‍കുന്ന ശ്രുതി തരംഗമാണ് നാലാമത്തേത്.
ഇതെല്ലാം ഇവിടെ ഫലപ്രദമായി നിര്‍വഹിച്ചു വരുന്നു. നവജാതശിശുക്കളുടെ ചികില്‍സയ്ക്ക് സ്വകാര്യ മേഖലയില്‍ പ്രതിദിനം 15,000 രൂപയിലേറെ ചെലവു വരുന്ന സമയത്താണ് തികച്ചും സൗജന്യമായി മെഡിക്കല്‍ കോളജില്‍ ഈ സൗകര്യം ലഭിക്കുന്നത്.
പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ അനുഗ്രഹമാകുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനായി ഈ സര്‍ക്കാര്‍ നിരവധി കാര്യങ്ങളാണ് ചെയ്തത്. പുതുതായി കാര്‍ഡിയോ തൊറാസിക് വിഭാഗവും സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗവും ആരംഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിനായി കാത്ത് ലാബും അനുവദിച്ചു. കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളിലായി 33 തസ്തികകളും ഓങ്കോളജി വിഭാഗത്തിനായി 21 തസ്തികകളും അനുവദിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss