|    Jan 20 Fri, 2017 9:20 am
FLASH NEWS

ഗവ. മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിച്ചു

Published : 29th January 2016 | Posted By: swapna en

കാസര്‍കോട്: ഉക്കിനടുക്കയില്‍ അനുവദിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങി. കോളജിന്റെ അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തിയാണ് തുടങ്ങിയത്. ബദിയടുക്ക ഉക്കിനടുക്കയില്‍ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജിന്റെ സ്ഥലത്ത് നിര്‍മാണ പ്രവൃത്തി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ കാസര്‍കോട് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നടത്താന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. ആദ്യം അക്കാദമിക്ക് ബ്ലോക്കും പിന്നീട് ഹോസ്പിറ്റല്‍ ബ്ലോക്കുമായിരിക്കും നിര്‍മിക്കുക. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവൃത്തിക്ക് സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോ ആണ് ചുക്കാന്‍ പിടിക്കുന്നത്. ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഉക്കിനടുക്കയിലെ 60 ഏക്കര്‍ സ്ഥലത്താണ് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാകുന്നത്. കിറ്റ്‌കോ തയ്യാറാക്കിയ പദ്ധതിയുടെ രൂപരേഖ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ഗേള്‍സ് ഹോസ്റ്റല്‍, ബോയ്‌സ് ഹോസ്റ്റല്‍, ടീച്ചിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ടീച്ചിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നഴ്‌സ് ഹോസ്റ്റല്‍, ഓഡിറ്റോറിയം, എക്‌സാമിനേഷന്‍ ആന്റ് ലക്ചറല്‍ ഹാള്‍, ലൈബ്രറി, വാട്ടര്‍ ടാങ്ക് തുടങ്ങിയവയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. പദ്ധതിക്ക് നബാര്‍ഡിന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. 385 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 288 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മെഡിക്കല്‍ കോളജും ആശുപത്രിയും വെവ്വേറെ ബ്ലോക്കുകളിലായാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 300 കിടക്കകളുള്ള ആശുപത്രി പിന്നീട് 500 കിടക്കകളായി ഉയര്‍ത്തും. ആശുപത്രിയും കോളജും വൈദ്യുതി സബ്‌സ്റ്റേഷനും ഉള്‍പ്പെടെ 16 പ്രധാന വിഭാഗങ്ങള്‍ ഇവിടെ ഉണ്ടാകും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ശ്രീകാന്ത് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട,് ബ്ലോക്ക് പഞ്ചായത്ത് അംഗം എ എസ് അഹമ്മദ്, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈബുന്നിസ, പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മിനാരായണപൈ, അന്‍വര്‍ ഓസോണ്‍, അബൂബക്കര്‍ സിദ്ദീഖ് ഖണ്‍ഡിഗെ, സിദ്ദീഖ് വളമുഗര്‍, ഐത്തപ്പ കുളാല്‍, വൈ ശാരദ, പുഷ്പ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്യാമപ്രസാദ് മാന്യ, എ എ ആയിഷ, ജയശ്രീ കുളാല്‍, ബദിയടുക്ക പഞ്ചായത്ത് അംഗം അനിതക്രാസ്റ്റ, പ്രസന്ന, മാഹിന്‍കേളോട്ട്, എ കെ ശ്യാം പ്രസാദ്, സണ്ണിജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കമ്മാരന്‍, ചന്ദ്രശേഖര റാവു കല്ലറ, കിറ്റ്‌കോ എന്‍ജിനിയര്‍ ഉണ്ണി അവറു സംസാരിച്ചു. നാട്ടുകാരുടെ ഉപഹാരം വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ശരീഫ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എക്ക് കൈമാറി. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ഡെപ്യുട്ടി ഡിഎംഒ ഡോ. എം സി വിമല്‍രാജ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക