|    Oct 21 Sun, 2018 10:04 pm
FLASH NEWS

ഗവ. മാനവേദന്‍ സ്‌കൂളില്‍ പിടിഎ പിടിക്കാന്‍ മല്‍സരം ; ലക്ഷ്യം കോടികളുടെ ഫണ്ട്

Published : 29th September 2017 | Posted By: fsq

 

നിലമ്പൂര്‍: ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കുറി പിടിഎ ഭാരവാഹി തിരഞ്ഞെടുപ്പ് സമവായമാവാത്തതിനു കാരണം സ്‌കൂളുമായി ബന്ധപ്പെട്ട് വിവിധ വികസന പദ്ധതികളുടെ ഭാഗമായി എത്തുന്ന കോടികള്‍ക്കു വേണ്ടിയുള്ള പിടിവലി. രാഷ്ട്രീയ തിരഞ്ഞെടുപ്പ് പോലെ വാശിയോടെ സിപിഎമ്മിനെ അനുകൂലിക്കുന്നവരും, കോണ്‍ഗ്രസ്സിനെ അനുകൂലിക്കുന്നവരും ചേരി തിരിഞ്ഞ് നില്‍ക്കുമ്പോള്‍ രക്ഷിതാക്കളിലും രാഷ്ട്രീയ ചേരിതിരിവ് പ്രകടമായിരിക്കുകയാണ്. ഇതാണ് 11 അംഗ പിടിഎ എക്‌സിക്യൂട്ടീവിലേക്ക് 25ലേറെ പേരെ ചേരി തിരിഞ്ഞ് പേര് നിര്‍ദേശിക്കാന്‍ കാരണം. ഗവ. കോളജുമായി ബന്ധപ്പെട്ട വിഷയം നിലനില്‍ക്കുന്നതിനാല്‍ സിപിഐ അനുഭാവികളായ രക്ഷിതാക്കള്‍ സിപിഎം വിരുദ്ധ ചേരിക്കൊപ്പമാണ്. മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട മാനവേദന്‍ സ്‌കൂളില്‍ ഇക്കുറി പിടിഎ കമ്മിറ്റി തന്നെ ഉണ്ടാകുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇക്കുറി എന്തായാലും പിടി എ പ്രസിഡന്റ് സ്ഥാനം നേടുക എന്ന ഉറച്ച നിലപാടിലാണ് സിപിഎം കരുക്കള്‍ നീക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി അനുവദിച്ച 17.5 കോടിയും, മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് കിഫ്ബി വഴി ലഭിക്കുന്ന 5 കോടിയും, നാട്ടുകാരുടെ വിഹിതമായ 1 കോടിയുമുള്‍പ്പെടെ 23.5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്‌കൂളില്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യക്തമായ അജണ്ടയുമായാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന പിടിഎ യോഗത്തിന് രക്ഷിതാക്കള്‍ എത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ സമവായമാകാത്തതിനെ തുടര്‍ന്ന് പുതിയ കമ്മിറ്റി വരും വരെ എസ്എംസി ചെയര്‍മാന് താല്‍ക്കാലിക ചുമതല നല്‍കി യോഗം പിരിയുകയായിരുന്നു.  ഹയര്‍ സെക്കന്‍ഡറി വിഭാഗവും ഹൈസ്‌കൂള്‍ വിഭാഗവും തിരഞ്ഞെടുപ്പ് നടക്കാത്തതിനെ തുടര്‍ന്ന് അതാത് ഡയറക്ടര്‍മാര്‍ക്ക് പരാതി അയച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ പുര്‍ത്തീകരിച്ച് പിടിഎ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുക്കാന്‍ മാസങ്ങള്‍ എടുക്കും. അതിനാല്‍ സ്‌കൂളിന് പുറത്ത് രാഷ്ട്രീയ നേതൃത്വങ്ങള്‍ സമവായ ശ്രമവും ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണ് നട്ടിരിക്കുന്നവരില്‍ ഡിവൈഎഫ്‌ഐ നേതാവും നിലവില്‍ വിഇഒയുമായ വ്യക്തിയും, പ്രവാസി കോണ്‍ഗ്രസ് നേതാവുമായ വ്യക്തിയുമാണ് പ്രധാനികള്‍. മുന്‍ പിടിഎ പ്രസിഡന്റുള്‍പ്പെടെയുള്ള ചിലരും പ്രസിഡന്റ് സ്ഥാനത്തിനായി അണിയറയില്‍ ചരട് വലിക്കുന്നുണ്ട്. എന്ത് വിലകൊടുത്തും വര്‍ഷങ്ങളായി തങ്ങളുടെ അധീനതയിലുള്ള പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് പക്ഷം കരുക്കള്‍ നീക്കുന്നത്. വിഷയത്തില്‍ അധ്യാപകര്‍ക്കിടയിലും ചേരിതിരിവ് പ്രകടമാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി ഓഗസ്റ്റില്‍ അവസാനിക്കേണ്ടതായിരുന്നു. ഈ അദ്ധയന വര്‍ഷം അവസാനിക്കാന്‍ 6 മാസം മാത്രമാണ് അവശേഷിക്കുന്നത്. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പിടിഎ കമ്മിറ്റിക്ക് ഏറെ പ്രധാന്യമാന് ഉള്ളത്. അതിനാല്‍ തന്നെ പുതിയ കമ്മിറ്റി നിലവില്‍ വരാത്തത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss