|    Mar 26 Sun, 2017 10:52 am
FLASH NEWS

ഗവ. ടിഡി മെഡിക്കല്‍ കോളജില്‍ എംസിഐ നിര്‍ദേശിച്ച പദ്ധതികള്‍ പൂര്‍ത്തിയായി : വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

Published : 11th January 2017 | Posted By: fsq

 

ആലപ്പുഴ: ഗവ. ടിഡി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ കോളജ് അങ്കണത്തില്‍ നടക്കും. ഗ്യാലറി ടൈപ്പ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി കെ കെ ഷൈലജ അധ്യക്ഷത വഹിക്കും. എംബിബിഎസ് സീറ്റുകള്‍ നൂറില്‍ നിന്ന് 150 ആയി വര്‍ധിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച രീതിയിലാണ് ഗ്യാലറി ടൈപ്പ് ഓഡിറ്റോറിയം നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഏഴ് കോടി ചെലവില്‍ ആയിരം ഇരിപ്പിട സൗകര്യങ്ങളോടെയാണ് ഇത് നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മള്‍ട്ടി ഡസിപ്ലിനറി ഐസിയുവിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. എംഡിഐസിയുവില്‍ ആകെ 39 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മെഡിസിന്‍ ഐസിയുവില്‍ ഒമ്പത് ബെഡ്, മെഡിസിന്‍ സ്‌പെഷ്യാലിറ്റികളായ റെസ്പിറേറ്ററി മെഡിസിന്‍, സൈക്യാട്രി, ന്യൂറോളജി ഡിപാര്‍ട്ട്‌മെന്റുകള്‍ക്കായി മൂന്നു ബെഡും സര്‍ജറിക്കും സര്‍ജറി സ്‌പെഷ്യാലിറ്റിക്കായി 18 ബെഡും സജ്ജീകരിച്ചിട്ടുണ്ട്.  ഒമ്പതു ബെഡുകള്‍ ഉള്ള ഒരു സ്റ്റെപ് ഡൗണ്‍ യൂനിറ്റും സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രി അങ്കണത്തില്‍ നിര്‍മിച്ച നാലാമത്തെ ഗ്യാലറി ടൈപ്പ് ലക്ചര്‍ ഹാളിന്റെ ഉദ്ഘാടനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിക്കും. ഇതിന് 350 ഇരിപ്പിട സൗകര്യങ്ങളുണ്ട്. അഞ്ചാമത്തെ ഗ്യാലറി ടൈപ് ലക്ചര്‍ ഹാളിന്റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. 840 ലക്ഷം രൂപ ചെലവിലാണ് ഈ രണ്ട് ലക്ചര്‍ ഹാളുകളും സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജിനും മെഡിക്കല്‍ കോളജ് ആശുപത്രിക്കും വേണ്ടി രണ്ടു കോടി ചെലവില്‍ നിര്‍മിച്ച അഞ്ചു ലക്ഷം ലിറ്ററിന്റെ കുടിവെള്ള പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. വൃക്കരോഗികള്‍ക്ക് മെയ്ന്റനന്‍സ് ഡയാലിസിസ് ചെയ്യുന്നതിന് കാരുണ്യ ഡയാലിസിസ് യൂനിറ്റിന്റെ ഉദ്ഘാടനം കെ സി വേണുഗോപാല്‍ എംപി നിര്‍വഹിക്കും. ദാരിദ്യരേഖയ്ക്ക് താഴെയുള്ള വൃക്കരോഗികള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ വരെ ചികില്‍സ സൗജന്യമായി ഇവിടെ ലഭ്യമാണ്. മറ്റിടങ്ങളില്‍ 1200 രൂപ വരെ ചെലവാകുന്ന ഡയാലിസിസിന് ഇവിടെ 650 രൂപ മാത്രമെ ചെലവ് വരൂ. കോളജ് ലൈബ്രറിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിന്റെ ഉദ്ഘാടനം ഏപ്രിലോടെ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, പ്രജിത്ത് കാരിക്കല്‍, ജി വേണുലാല്‍, ഡോ. എന്‍ ശ്രീദേവി, ഡോ.  ആര്‍ വി രാംലാല്‍, ഡോ. എ ഹരികുമാര്‍, ഡോ. സൈറു ഫിലിപ്പ്, ഡോ. വി എസ് വിഷ്ണു പങ്കെടുത്തു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക