|    May 29 Mon, 2017 5:59 am
FLASH NEWS

ഗവ. ഗേള്‍സ്ചില്‍ഡ്രന്‍സ് ഹോമില്‍ മാനസിക പീഡനമെന്ന് ആരോപണം

Published : 14th October 2016 | Posted By: SMR

കാക്കനാട്: കാക്കനാട് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ മാനസികപീഡനത്തിനിരയാവുന്നുവെന്നാരോപിച്ച് പെണ്‍കുട്ടികള്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. 20 കുട്ടികളാണ് ഇരുനിലക്കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
കുട്ടികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കാമെന്ന് എംഎല്‍എ പി ടി തോമസും ജില്ലാ കലക്ടറും ഉറപ്പുനല്‍കിയതിനുശേഷം ഉച്ചയക്ക് 12.30ഓടെ അവര്‍ താഴെയിറങ്ങി. ഇന്നലെ പ്രഭാതഭക്ഷണത്തിനു ശേഷം ജീവനക്കാര്‍ അറിയാതെയാണു കുട്ടികള്‍ കെട്ടിടത്തിനു മുകളില്‍ കയറിയത്. കെട്ടിടത്തിലെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഏണി ഉപയോഗിച്ചാണ് രണ്ടാംനിലയുടെ ടെറസിന്റെ മുകളില്‍ കയറിയത്. തുടര്‍ന്ന് ഏണി കെട്ടിടത്തിന്റെ മുകളിലേക്കു മാറ്റി. കുട്ടികള്‍ ആത്മഹത്യാഭീഷണി മുഴക്കി ബഹളംവച്ചപ്പോഴാണ് സംഭവം അധികൃതര്‍ അറിയുന്നത്. ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.  കുട്ടികളെ താഴെയിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തങ്ങളുടെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാതെ താഴെയിറങ്ങില്ലെന്നു കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു.  തുടര്‍ന്ന് സഥലത്തെത്തിയ  എഡിഎം സി കെ പ്രകാശിന് ആവശ്യങ്ങള്‍ എഴുതിയ കുറിപ്പ് നല്‍കുകയും ചെയ്തു. വീട്ടില്‍ പോവണം, രക്ഷിതാക്കളെ കാണണം, പഠനസൗകര്യം ഒരുക്കുക, ജീവനക്കാരുടെ മാനസികമായുള്ള പീഡനം അവസാനിപ്പിക്കണം, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, സൗഹൃദ അന്തരീക്ഷം ഉണ്ടാക്കണം, മെച്ചപ്പെട്ട ആഹാരം, കലാകായിക സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളാണ് പെണ്‍കുട്ടികള്‍ ഉന്നയിച്ചത്.
ഇതിനിടയില്‍ സ്ഥലത്തെത്തിയ എംഎല്‍എ പി ടി തോമസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ കെ നീനു എന്നിവര്‍ ചില്‍ഡ്രന്‍സ്‌ഹോം അധികൃതരുമായി ചര്‍ച്ച നടത്തി. ശേഷം ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും അഡീ. ജില്ലാ ജഡ്ജി കൗസര്‍ ഇടപകത്തും  പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പുനല്‍കിയതോടെയാണ് കുട്ടികള്‍ താഴെയിറങ്ങിയത്.
തുടര്‍ന്ന് കുട്ടികളും ജീവനക്കാരും കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ച് കുട്ടികളെ വീട്ടില്‍ വിടാന്‍ സൗകര്യം ഒരുക്കാമെന്നും കുട്ടികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ടു ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചു.
തൃക്കാക്കര എസിപി എം ബിനോയ്, ഇന്‍ഫോപാര്‍ക്ക് സിഐ സി കെ രാധാമണി നേതൃത്വത്തില്‍ വന്‍ പോലിസ് സംഘവും  രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day