|    Mar 25 Sun, 2018 3:23 am
FLASH NEWS

ഗവേഷണ ഫലങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടണം: മന്ത്രി മാത്യു ടി തോമസ്‌

Published : 2nd August 2017 | Posted By: fsq

 

കോഴിക്കോട്്: ഗവേഷണ ഫലങ്ങള്‍ ആത്യന്തികമായി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമ്പോഴേ അര്‍ഥമുണ്ടാവൂ എന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗകേന്ദ്രം (സിഡബ്ല്യൂആര്‍ഡിഎം) സന്ദര്‍ശനവേളയില്‍  ശാസ്ത്രജ്ഞരുമായുള്ള   കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈയൊരു ഗവേഷണ സ്ഥാപനത്തിലൂടെ ലഭിക്കുന്ന അറിവ് സാമൂഹികാവശ്യങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന അന്വേഷണമാണ് നടത്തുന്നത്. ഗവേഷണ ഫലങ്ങള്‍ സ്ഥാപനത്തില്‍ മാത്രം ഒതുങ്ങിയാല്‍ പോര. ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കുറവാണ്. ഇനി കിട്ടിയേക്കാവുന്ന വടക്കു കിഴക്കന്‍ കാലവര്‍ഷവും കുറവായിരിക്കുമെന്നും 2018ല്‍ അതിരൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുമെന്നുമുള്ള സിഡബ്ല്യൂആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പ്രസ്താവനയാണ് തന്നെ പെട്ടന്ന് ഈ സന്ദര്‍ശനത്തിന് പ്രേരിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.വരള്‍ച്ചയെ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് മന്ത്രിയും ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളും ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തി. 30-40 വര്‍ഷത്തിനിടെ കേരളത്തിലെ നദികളില്‍ ഒഴുക്ക് നിലച്ചതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. വിവിധ പ്രകൃതി നശീകരണ പ്രവര്‍ത്തനങ്ങള്‍ അതിന് കാരണമായി. മണ്ണിനടിയിലേക്ക് വെള്ളം ഊര്‍ന്നിറങ്ങുന്നത് കുറയുന്നു. മണ്ണിനടിയില്‍ ശേഖരിക്കപ്പെടുന്ന ജലം തന്നെയാണ് പിന്നീട് നദികളില്‍ ഒഴുക്കായി മാറുന്നതും. ലളിതമായി ചെയ്യാവുന്ന കിണര്‍ റീചാര്‍ജിങ് വഴി വീടിന് മുകളില്‍ വീഴുന്ന വെള്ളം ഉപയോഗിച്ച് കിണറുകളിലെ ജലവിതാനവും ഭൂഭര്‍ഭ ജലവിതാനവും ഉയര്‍ത്താനാവും. നദികളില്‍ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതെയുള്ള റെഗുലേറ്ററുകള്‍ പണിയുന്നത് വഴി ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ കഴിയും. ഹൈസ്‌കൂളുകളിലെയും കോളജുകളിലെയും ലാബുകള്‍ ഉപയോഗിച്ച് സിഡബ്ല്യൂആര്‍ഡിഎമ്മിന്റെ മേല്‍നോട്ടത്തില്‍ വികേന്ദീകൃതമായി കുടിവെള്ളം പരിശോധിക്കാനുള്ള പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. സിഡബ്ല്യൂആര്‍ഡിഎമ്മിലെ വാട്ടര്‍ ക്വാളിറ്റി ലാബ്, ഇന്‍സ്ട്രുമെന്റേഷന്‍ ലാബ്, ഐസോടോപ്പ് ഹൈഡ്രോളജി ഡിവിഷന്‍, വാട്ടര്‍ ഹെറിറ്റേജ് മ്യൂസിയം എന്നിവ മന്ത്രി സന്ദര്‍ശിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ഇ ജെ ജോസഫ്, രജിസ്ട്രാര്‍ ഡോ. പി എസ് ഹരികുമാര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss